- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ മലങ്കര പള്ളികളിലേക്കും 1934ൽ അയച്ച ഭരണഘടന മണർകാട് പള്ളിയിലേക്ക് അയച്ചതായി കണ്ടെത്തിയിട്ടില്ല; അതു കൊണ്ട് അത് സ്വതന്ത്ര ട്രസ്റ്റ്; സുപ്രീംകോടതിയിലെ സഭാ കേസിനെ അട്ടിമറിക്കാൻ പുതിയ ന്യായം; മണർകാട് പള്ളി കേസിലെ മുൻസിഫ് കോടതി വിധി ചർച്ചയാകുമ്പോൾ
കോട്ടയം: മണർകാട് സെന്റ് മേരീസ് കത്തീഡ്രലിലെ അവകാശം യാക്കോബായ സഭയ്ക്ക് നഷ്ടമാകില്ലെന്ന് സൂചന. ഈ പള്ളി സ്വതന്ത്ര ട്രസ്റ്റ് എന്നു കോട്ടയം അഡീഷനൽ മുൻസിഫ് കോടതിയുടെ വിധിയാണ് ഇതിന് കാരണം, സഭാ കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ കഴിയുന്ന തരത്തിലാണ് കോട്ടയം കോടതിയുടെ ഇടപെടൽ.
1934ലെ മലങ്കര സഭാ ഭരണഘടനയ്ക്കു കീഴിൽ വരില്ലെന്നും 2017ലെ കെ.എസ്. വർഗീസ് കേസിലെ സുപ്രീം കോടതി വിധി പള്ളിക്കു ബാധകമാകില്ലെന്നും വിധിയിൽ പറയുന്നു. മണർകാട് പള്ളി 1934ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഭരിക്കപ്പെടണമെന്നും പള്ളി ഭരണത്തിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു രണ്ടു പേർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് അഡീഷനൽ മുൻസിഫ് വി എസ്. ആശാദേവിയുടെ വിധി.
എല്ലാ മലങ്കര പള്ളികളിലേക്കും 1934ലെ ഭരണഘടന അയച്ചതായി പറയുന്നുണ്ടെങ്കിലും മണർകാട് പള്ളിയിലേക്ക് ഇപ്രകാരം ഭരണഘടന അയച്ചതായി കണ്ടെത്തിയിട്ടില്ല. എല്ലാ മലങ്കര പള്ളികളും 1934ലെ ഭരണഘടനയുടെ അടിസ്ഥാനത്തിൽത്തന്നെ പ്രവർത്തിക്കണമെന്ന് 1958ൽ പറഞ്ഞപ്പോഴും മണർകാട് പള്ളി തനത് ഭരണഘടന പ്രകാരമാണ് മുന്നോട്ടുപോയത്. അക്കാലത്തെ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഇത് അംഗീകരിച്ചിരുന്നതായും കോടതി നിരീക്ഷിച്ചു. പള്ളിയുടെ ചരിത്രവും പശ്ചാത്തലവും വിശദമായി പരിശോധിച്ച ശേഷമാണ് കോടതിവിധി.
ഇതോടെ യാക്കോബായ- ഓർത്തഡോക്സ് സഭകളുടെ ഭരണഘടന പള്ളിക്ക് ബാധകമല്ലാതായി. കത്തീഡ്രൽ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന ഓർത്തഡോക്സ് സഭയുടെ വാദം കോട്ടയം അഡിഷണൽ സബ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഇടവകക്കാരുടെ യോഗം വിളിച്ചുകൂട്ടി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്ത് ഭരണം കൈമാറാനും സബ് ജഡ്ജി എസ്.സുധീഷ്കുമാർ അന്ന് ഉത്തരവിട്ടിരുന്നു. അതേസമയം, മുനിസിഫ് കോടതി വിധി തെറ്റിദ്ധാരണാജനകമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ വിധി. 2020 സെപ്റ്റംബർ 18ന് കോട്ടയം സബ് കോടതിയിൽ തീർപ്പുണ്ടായതാണ്. പള്ളി ഭരണത്തിന് റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്.
ഇതും പുതിയ പള്ളി തർക്കത്തിലേക്ക് കാര്യങ്ങളെത്തിക്കും. ഇതിനെതിരെ ഓർത്തഡോക്സ് സഭ അതിശക്തമായ നടപടികൾക്ക് മുതിരുമെന്നാണ് സൂചന. മണർകാട് സെന്റ് മേരീസ് പള്ളിയെപ്പറ്റി കോട്ടയം അഡീഷനൽ മുൻസിഫ് കോടതിയിൽ നിന്ന് ഉണ്ടായ വിധി സംബന്ധിച്ചു തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണു പുറത്തുവരുന്നതെന്ന് ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നേരത്തെ പ്രതികരിച്ചിരുന്നു. പള്ളിയെ സംബന്ധിച്ചു 2020 സെപ്റ്റംബർ 18 ന് കോട്ടയം സബ് കോടതിയിൽ നിന്ന് വിധി തീർപ്പ് ഉണ്ടെന്ന് ഓർത്തഡോക്സ് സഭ പറയുന്നു.
യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓർത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് നേരത്തെ തന്നെ വന്നിരുന്നു. യാക്കോബായ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണർകാട് പള്ളി. ആ പള്ളിക്ക് കീഴിൽ ഏകദേശം രണ്ടായിരത്തോളം ഇടവകക്കാരാണുള്ളത്. ആഗോളതലത്തിൽ പ്രശസ്തിയാർജിച്ച മരിയൻ തീർത്ഥാടന കേന്ദ്രം കൂടിയായ മണർകാട് പള്ളിയിൽ നാനാജാതി മതസ്ഥായ വിശ്വാസികൾ എത്താറുണ്ട്. ഈ സാഹചര്യത്തിലാണ് കോട്ടയം അഡീഷനൽ മുൻസിഫ് കോടതിയിൽ നിന്ന് ഉണ്ടായ വിധിയിൽ യാക്കോബായക്കാർ പ്രതീക്ഷ കാണുന്നത്.
മാർത്തോമസഭയ്ക്ക് കോടതി വിധിയിലൂടെ കിട്ടിയ പള്ളിയാണ് മണർകാട് പള്ളി. എന്നാൽ ഇവിടെ യാക്കോബായക്കാരാണ് കൂടുതലുള്ളതെന്ന് മനസ്സിലായതിനെ തുടർന്ന് സഭയ്ക്ക് തന്നെ തിരിച്ചുകൊടുത്ത പാരമ്പര്യമാണ് മണർകാട് പള്ളിക്കുള്ളത്. ഇടവകക്കാരുപോലുമില്ലാത്ത ഓർത്തഡോക്സുകാർ പള്ളിക്ക് അവകാശം കൊണ്ടുവരുന്നത് ശരിയല്ല, നീതിയും ധർമവുമല്ലെന്നും യാക്കോബായക്കാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ