കോതമംഗലം: ഉള്ളിൽ വിഷമം ഉണ്ടെങ്കിലും പുറമേ സന്തോഷവാനായി നടക്കുന്ന ആളായിരുന്നു രാഖിലെന്ന് മാനസയുടെ ഡെന്റൽ കോളേജിലെ വിദ്യാർത്ഥികൾ. മാനസയുടെ വീടിന് അടുത്ത് മുറിയെടുത്ത് താമസിക്കുമ്പോൾ ആ ബിൽഡിങ്ങിൽ ഉണ്ടായിരുന്ന ഡെന്റൽ കോളേജിലെ വിദ്യാർത്ഥികളാണ് മൊഴി നൽകിയത്.

അന്തർമുഖനായിരുന്നെങ്കിലും രാഹുൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും പ്രചോദിപ്പിക്കാനും കഴിവുള്ള മോട്ടിവേറ്ററായിരുന്നു. മാനസയുടെ കോളേജിലെ പല വിദ്യാർത്ഥികളുമായും രാഖിൽ അടുപ്പം സ്ഥാപിച്ചിരുന്നു എന്നും ഇപ്പോൾ പുറത്തുവരുന്നു. മാനസയെ തേടിയാണ് താൻ കോതമംഗലത്ത് എത്തിയതെന്ന കാര്യം രാഖിൽ രഹസ്യമാക്കി വയ്ക്കുകയും ചെയ്തു. എന്നാൽ, മാനസ തന്നെ തിരസ്‌കരിച്ചതിലുള്ള പക ഓരോ ദിവസവും കൂടുകയായിരുന്നു. നല്ല അച്ചടക്കമുള്ള വ്യക്തിയായിരുന്നു രാഖിൽ. മുറി വൃത്തിയായി സൂക്ഷിക്കുകയും വസ്ത്രങ്ങൾ വൃത്തിയായി മടക്കിവെക്കുമായിരുന്നുവെന്നും വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, കൊലപാതകത്തിന്റെ മുൻദിവസങ്ങളിൽ രാഖിൽ നാല് തവണ മാനസയോട് സംസാരിച്ചിരുന്നെന്ന് രഖിലിന്റെ അടുത്ത സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാനസ അവഗണിച്ചതോടെയാണ് രഖിലിന് പക തോന്നിയതെന്നും രഖിലിന് കൗൺസിലിങ് നൽകണമെന്ന് കുടുംബത്തെ താൻ അറിയിച്ചിരുന്നെന്നും സുഹൃത്ത് ആദിത്യൻ പറഞ്ഞു.

സംഭവത്തിൽ പ്രതികരണവുമായി രഖിലിന്റെ അയൽവാസിയും മുൻ പഞ്ചായത്ത് മെമ്പറുമായ സുരേന്ദ്രനും രംഗത്തെത്തി. ദീർഘകാലമായി രഖിലിന്റെ കുടുംബത്തെ അറിയാമെങ്കിലും അമ്മവീട്ടിൽ നിന്നു വളർന്ന രഖിലിനെ നാട്ടുകാർക്ക് പരിചയമുണ്ടായിരുന്നില്ല. അപൂർവ്വമായി മാത്രം വീട്ടിലെത്തിയിരുന്ന രഖിലിന് മേലൂരിൽ സുഹൃത്തുകളില്ലായിരുന്നെന്നും സുരേന്ദ്രൻ പറയുന്നു. പൊതുവെ ഉൾവലിഞ്ഞ സ്വഭാവമായിരുന്നു യുവാവിന്റേതെന്നും മാതാപിതാക്കളോടുപോലും അകലം പാലിക്കുന്ന രീതിയായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.

'രാഖിലിന്റെ കുടുംബം 23 വർഷത്തോളമായി എന്റെ അയൽവാസികളാണെങ്കിലും യുവാവ് ഈ വീട്ടിലല്ല താമസിച്ചിരുന്നത്. രഖിലിന്റെ മാതാപിതാക്കളുടെ വീടായ കണ്ണൂർ പള്ളിയാമലയിലെ വീട്ടിലാണ് യുവാവ് മിക്കവാറും താമസിച്ചിരുന്നത്. അടുത്ത കാലത്താണ് പഴയ ചെറിയ വീട് പുതുക്കി പണിതത് അക്കാലത്ത് യുവാവിന്റെ അച്ഛൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പിന്നീട് അമ്മയും സഹോദരനും വന്ന് താമസിക്കുകയായിരുന്നു. ഇതിനുശേഷം വളരെ അപൂർവ്വമായിട്ടാണ് രഖിൽ മാതാക്കളുടെ കൂടെ താമസിച്ചിട്ടുള്ളത്. അതിനാൽ തന്നെ രാഖിലിനെ നാട്ടുകാർക്കൊന്നും അറിയില്ല. മേലൂർ പ്രദേശത്തെ മറ്റ് ചെറുപ്പക്കാരുമായി രഖിലിന് സൗഹൃദമുണ്ടായിരുന്നില്ല. ചെറുപ്പം മുതൽ പഠിച്ചതും വളർന്നതും അവിടെയായിരുന്നതിനാൽ തന്നെ പള്ളിയാമലയിലാണ് രഖിലിന് സുഹൃത്തുക്കളും ബന്ധങ്ങളുമുള്ളത്. രഖിലിന്റെ ഇളയ സഹോദരൻ മറ്റുള്ളവരുമായി ഇടപെടുന്ന സ്വഭാവമായിരുന്നെങ്കിലും രഖിലിന്റേത് ഉൾവലിഞ്ഞ സ്വഭാവമായിരുന്നു. കാഴ്ചയ്ക്കും പെരുമാറ്റത്തിലും വളരെ സൗമ്യനാണെങ്കിലും യുവാവിന്റെ രീതികളെക്കുറിച്ച് നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു.''

''ഇതിനിടെ രഖിൽ ഏതോ ഒരു പെൺകുട്ടിയുമായിട്ട് സ്‌നേഹബന്ധത്തിലായിരുന്നു എന്നും വിവാഹത്തിലേക്ക് അടുക്കുന്നെന്നും വീട്ടുകാരിൽ നിന്ന് സമീപകാലത്ത് അറിഞ്ഞിരുന്നു. പിന്നീട് ആ ബന്ധത്തിൽ എന്തെല്ലാമോ പ്രശ്‌നമുണ്ടായി പിരിഞ്ഞെന്നായിരുന്നു കേട്ടത്. രഖിൽ ആ കുട്ടിയോട് പറഞ്ഞത് മുഴുവൻ കള്ളമായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി തന്നെ ബന്ധം ഒഴിവാക്കുകയായിരുന്നു എന്നതാണ് വസ്തുത. പെൺകുട്ടിയോട് രഖിൽ പറഞ്ഞത് ഇവിടെ വലിയ ബിസിനസ്സുണ്ടെന്നും മറ്റുമായിരുന്നു. ഇല്ലാത്തത് പറഞ്ഞു വിശ്വസിപ്പിക്കാൻ മിടുക്കനായിരുന്നു. നാട്ടിലും വളരെ മാന്യനായി എക്‌സിക്യൂട്ടീവ് ലുക്കിലായിരുന്നു രഖിൽ നടന്നിരുന്നത്. എന്നാൽ എന്തായിരുന്നു രഖിലിന്റെ തൊഴിലെന്ന് ആർക്കുമറിയില്ലായിരുന്നു. ഒരിക്കൽ ചോദിച്ചപ്പോൾ ബംഗളുരുവിൽ എംബിഎ പഠിക്കുകയാണെന്നും അത് പൂർത്തിയാതിന് ശേഷം വിദേശത്തേക്ക് പോകാനിരിക്കുകയാണെന്നും പറഞ്ഞു. പിന്നീട് അത് ശരിയായില്ലെന്നും നാട്ടിൽതന്നെ ഇന്റീരിയർ ഡിസൈനിങ് ചെയ്യുകയാണെന്നും പറഞ്ഞു. അപൂർവ്വമായിട്ട് വീട്ടിലേക്ക് വരുമ്പോൾ പോലും ഏതെങ്കിലും കാറിലാണ് വന്നിരുന്നത്. വന്നാൽ തന്നെ ഒന്നുരണ്ട് ദിവസം നിന്ന് പോകുന്നതായിരുന്നു രീതി.'' ഇടക്കാലത്ത് രാഖിൽ വന്നുപോയപ്പോൾ ബന്ധുക്കളിൽ ചിലർതന്നെ യുവാവിന്റെ ചെയ്തികളിൽ സംശയം പ്രകടിപ്പിച്ചിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.

മാനസയുടെയും രാഖിലിന്റെയും മൃതദേഹങ്ങൾ നാളെ സംസ്‌കരിക്കും

മാനസയുടെ മൃതദേഹം നാളെ രാവിലെ പത്തു മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും. ഇന്ന് രാത്രി കണ്ണുരിലെത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം രാവിലെ നാറാത്ത് ടി.സി റോഡിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം പയ്യാമ്പലത്ത് സംസ്‌കാരത്തിനായി കൊണ്ടുവരും. കളമശേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിനു ശേഷം വൈകുന്നേരം മൂന്ന് മണിയോടെയാണ് ബന്ധുക്കൾ മൃതദേഹവുമായി പുറപ്പെട്ടത്. രാത്രിയോടെ ഇവർ കണ്ണുരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാനസയുടെ പിതാവ് പി.വി മാധവന്റെ സഹോദരൻ വിജയൻ ,അമ്മ സബീനയുടെ സഹോദരൻ സനാതൻ, അടുത്ത ബന്ധുകൾ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ എന്നിവരാണ് ഇന്നലെ സംഭവ വിവരമറിഞ്ഞ് കോതമംഗലത്തേക്ക് പോയത് മാനസയെ വെടിവെച്ചുകൊന്ന തലശേരി പാലയാട് മേലുർ കടവ് സ്വദേശി രഖിലിന്റെ മൃതദേഹം രാവിലെ ഒൻപതു മണിയോടെ പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും ഇന്ന് രാത്രിയോടെ തലശേരിയിലെ ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചതിനും ശേഷം നാളെ രാവിലെ മേലുർ കടവിലെ വീട്ടിലേക്ക് കൊണ്ടുവന്ന് പൊതുദർശനത്തിന് വെക്കും' അവിടെ നിന്നാണ് സംസ്‌കാര സ്ഥലത്തേക്ക് കൊണ്ടുപോവുക