കോതമംഗലം: രാഖിലും മാനസയും തമ്മിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാൻ അടുത്ത ബന്ധു പരമാവധി ശ്രമിച്ചിരുന്നതായി വിവരം. മാനസയുമായുള്ള അടുപ്പം മുറിഞ്ഞത് രാഖിലിനെ വല്ലാതെ അലോസരപ്പെടുത്തിയെന്ന് വീട്ടുകാർക്ക് ബോദ്ധ്യമായിരുന്നു. ഇതുകണക്കിലെടുത്ത് ഇയാളുടെ അടുത്ത ബന്ധു മാനസയുടെ അമ്മയെ വിളിച്ച് സങ്കടപ്പെട്ടിരുന്നെന്നും സൂചന.

ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ നടക്കവെ രാഖിലിന്റെ സഹോദരൻ രാഹുലും ഏതാനും അടുത്ത ബന്ധുക്കളും കോതമംഗലം മാർബസേലിയോസ് ആശുപത്രിയിൽ എത്തിയിരുന്നു. വിവരങ്ങൾ തിരക്കുന്നതിനിടെ ഇവരിലൊരാളാണ്് അടുത്ത ബന്ധു മാനസയുടെ അമ്മയെ വിളിച്ച കാര്യം വെളിപ്പെടുത്തിയത്.

സംഭാഷണത്തിൽ, എല്ലാം മകളുടെ തീരുമാനം പോലെ നടക്കട്ടെ എന്ന നിലപാടായിരുന്നു മാനസയുടെ മാതാവ് സ്വീകരിച്ചത്. ഇതെത്തുടർന്ന് ഏറെ വിഷമത്തോടെ ഉദ്യമം അവസാനിപ്പിച്ച് ബന്ധു പിന്മാറി എന്നുമാണ് വീട്ടുകാർ പങ്കുവയ്ക്കുന്ന വിവരം. എം ബി എ പാസ്സായ രാഖിൽ നാട്ടിൽ വീടുകളുടെ ഇന്റീരിയർ ജോലികൾ ഏറ്റെടുത്തുനടത്തി വരികയായിരുന്നു. അധികമാരുമായും ചങ്ങാത്തം കൂടാറില്ലന്നുമാണ് ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരം.

തൊഴിലിലും സ്വന്തം കാര്യത്തിലും മാത്രമായിരുന്നു കൂടുതൽ ശ്രദ്ധ. മദ്യപാനം പുകവലി തുടങ്ങി ദുശീലങ്ങളൊന്നുമില്ലാതിരുന്ന രാഖലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ ആകെ തളർത്തി കളഞ്ഞു. മാനസയെ കൊല്ലാനുള്ള പക രാഖിൽ മനസിൽ സൂക്ഷിച്ചിരുന്നു എന്ന് ഇപ്പോഴും തങ്ങൾക്കാർക്കും വിശ്വാസിക്കാൻ കഴിയുന്നില്ല. ഇതിന്റെ ചെറിയ സൂചനയെങ്കിലും രാഹിലിൽ നിന്നും ലഭിച്ചിരുന്നെങ്കിൽ ഈ ദുരന്തമൊഴിവാക്കാൻ ആവുന്നത്ര ശ്രമിക്കുമായിരുന്നെന്നും അവർ പറയുന്നു.

സങ്കടാവസ്ഥയിലും രാഖിലിന്റെ സഹോദരൻ രാഹുൽ, ചേട്ടനും മാനസയുമായുള്ള അടുപ്പത്തെക്കുറിച്ച് തനിക്കറിയാവുന്ന വിവരങ്ങളെല്ലാം കോതമംഗലം സി ഐ വിപിനുമായി രാവിലെ പങ്കുവച്ചിരുന്നു. രാഹുലും ബന്ധുക്കളും ഇന്ന് പുലർച്ചെയാണ് കോതമംഗലത്തെത്തിയത്. നേരെ കോതമംഗലം പൊലീസ് സ്റ്റേഷനിലെത്തിയ ഇവരോട് രാവിലെ എത്തിയാൽ മതിയെന്നും വിശ്രമിച്ചിട്ടുവന്നാൽ മതിയെന്നും പറഞ്ഞ് പൊലീസ് തിരിച്ചയക്കുകയായിരുന്നു.

തുടർന്ന് നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്തു തങ്ങിയ ഇവർ ഇൻക്വസ്റ്റ് നടപടികൾക്ക് തൊട്ടുമുമ്പാണ് ആശുപത്രിയിൽ എത്തിയത്. സഹോദരനും മാനസയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടിൽ കൂടുതലറിയാവുന്നത് തനിക്കായിരുന്നെന്നാണ് രാഹുൽ പൊലീസിനോട് പറഞേഞത്. ആദ്യമെല്ലാം നല്ലരീതിയിലായിരുന്നു ഈ ബന്ധം മുന്നോട്ടുപോയിരുന്നതെന്നും താനുമായി ചേട്ടത്തിയെന്ന തരത്തിൽ മാനസ അടുപ്പം സൂക്ഷിച്ചിരുന്നെന്നും രാഹുൽ പൊലീസീനോട് സമ്മതിച്ചതായിട്ടാണ് സൂചന. മെസേജുകളും ചാറ്റിംഗും ഫോൺവിളികളും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നെന്ന് ഇയാൾ സ്ഥിരീകരിച്ചതായിട്ടുമാണ് അറിയുന്നത്.

അടുത്തകാലത്തായി ഒന്നിലും താൽപര്യമില്ലാതിരുന്ന അവസ്ഥയിലായിരുന്ന രാഖിൽ വിസ സമ്പാദിച്ചിരുന്നു. സാമ്പത്തികസ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടാൽ മാനസ പഴയപോലെ അടുപ്പംകാണിക്കുമെന്നുള്ള കണക്കുകൂട്ടലാവാം വിസയെടുക്കാൻ രാഖിലിന് പ്രചോദനം ആയതെന്നാണ് നാട്ടിലെ അടുപ്പക്കാരിൽ ഏറെപ്പേരും വിശ്വസിക്കുന്നത്.

കാറ് വിറ്റാണ് വിസയ്ക്കായി പണം സ്വരൂപിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഗൾഫ്നാടുകളിലേയ്ക്ക് വിമാനസർവ്വീസുകൾ ആരംഭിക്കാത്തത് ഈ വഴിക്കുള്ള രാഖിലിന്റെ പരിശ്രമത്തിന് തിരിച്ചടിയായെന്നും ഇതിൽ നിന്നുണ്ടായ മനോവിഷമം രാഖിലിന്റെ മനസ്സിൽ വേണ്ടാത്ത ചിന്തകൾ ഇടനൽകിയോ എന്ന സംശയിക്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.

പ്രണയപ്പകയിൽ രണ്ട് ജീവനുകൾ പൊലിഞ്ഞ സംഭവം നെല്ലിക്കുഴിയിൽ സൃഷ്ടിച്ച ഞെട്ടൽ ഇപ്പോഴും വീട്ടുമാറിയിട്ടില്ല. കോവിഡ് തീവ്രവ്യാപനം മൂലം ഡി കാറ്റഗറിയിൽപ്പെടുന്ന പഞ്ചായത്തിൽ വെടിവയ്‌പ്പുനടന്ന ഇന്ദിരഗാന്ധി ജംഗ്ഷനിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഈ ലേഖകൻ എത്തുമ്പോൾ പരക്കെ മൂകതയാണ് കാണാൻ കഴിഞ്ഞത്.

ഇന്നലെ വൈകിട്ട് 3.15 -ഓടെ ഉണ്ടായ സംഭവം പ്രദേശവാസികളെ ആകെ അമ്പരപ്പിച്ചിരിക്കുകായാണ്. ആരും സംഭവത്തെക്കുറിച്ച് സംസാരിക്കാൻ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് തുറന്നിരുന്ന ചുരുക്കം വ്യാപാരസ്ഥാപനങ്ങൾ കയറി ഇറങ്ങിയപ്പോൾ ബോദ്ധ്യമായി.രാഖിൽ തങ്ങളുടെ കടയിൽ എത്തിയതായി പോലും പലരും ഓർക്കുന്നുമില്ല.