കോതമംഗലം: മാനസയെ കൊലപ്പെടുത്താൻ രാഖിൽ ഉപയോഗിച്ച തോക്ക് നല്ല പരിശീലനം കിട്ടാതെ ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതല്ലന്ന് പൊലീസ്. തോക്ക് ഉപയോഗിക്കാൻ ഇയാൾക്ക് പരിശീലനം കിട്ടിയിട്ടുണ്ടെന്നാണ് നിഗമനം. 7.65 എംഎം പിസ്റ്റളാണ് രാഖിൽ വെടിയുതിർക്കാൻ ഉപയോഗിച്ചത്. ഇത് സെമി ഓട്ടോമാറ്റിക് വിഭാഗത്തിൽ പെടുന്നതാണ്. ബ്രാന്റ് മാർക്കോ മറ്റുള്ള കാര്യങ്ങളോ ഇതുവരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ലിപികൾ പരിചിതമല്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് അറിയുന്നത്.

തോക്ക് വിദേശനിർമ്മിതം ആയിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പിസ്റ്റളിൽ 5 ബുള്ളറ്റുകൾ നിറച്ചിരുന്നെന്നും 4 നിറയൊഴിച്ചിട്ടുണ്ടെന്നും വ്യക്തമായതായും അറിയുന്നു. പിടിവലിക്കിടയിൽ ഒരു വെടി ലക്ഷ്യം തെറ്റി. ബുള്ളറ്റിന്റെ പൊട്ടിയ നിലയിലായ 4 കവറുകൾ രാഖിലും മാനസയും വെടിയേറ്റ് കിടന്നിരുന്ന മുറിയിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരുണ്ട തോക്കിനുള്ളിൽ അവശേഷിച്ചിരുന്നു. ഇതിനുപുറമെ രാഖിൽ താമസിച്ചിരുന്ന മുറിയിൽ നിന്നും 5 തിരകൾ കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത രീതി നല്ലപരിശീലനം ലഭിച്ചതിന്റെ സൂചനയെന്ന് പൊലീസ് പറയുന്നു.

ചെവിയുടെ പിൻഭാഗത്തും നെഞ്ചിലും വെടിയേറ്റാൽ ഇര രക്ഷപെടാൻ സാധ്യതയില്ലെന്ന തിരിച്ചറിവ് വിദഗ്ധനിൽ നിന്നായിരിക്കാം രാഖിലിന് ലഭിച്ചതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ക്ലോസ് റെയിഞ്ചിൽ നിന്ന് വെടി ഉതിർത്തതിനാലാണ് മാനസയുടെ തലയോട്ടി തുളച്ച് വെടിയുണ്ട പുറത്തുപോയതെന്ന് പ്രാഥമിക പരിശോധനയിൽ പൊലീസിന് വ്യക്തമായിരുന്നു. മാനസയുടെ ചെവിയുടെ പിന്നിലേറ്റ ബുള്ളറ്റ് തലയുടെ മറുപുറത്ത് ദ്വാരം വീഴ്‌ത്തിയിരുന്നെന്നാണ് രക്ഷാപ്രവർത്തകർ പുറത്തുവിട്ട വിവരം.

ഈ പിസ്റ്റൾ സൂക്ഷിക്കണമെങ്കിൽ ലൈസൻസ് നിർബന്ധമാണ്. സാമാന്യം ഭേദപ്പെട്ട വിലയുള്ളതും എളുപ്പത്തിൽ ലഭിക്കാൻ ഇടയില്ലാത്തതുമായ ഈ ഇനത്തിൽപ്പെട്ട പിസ്റ്റൾ രാഹിലിന്റെ കൈയിൽ എത്തിയത് ഏതുവഴിയിലാണെന്ന് കണ്ടെത്തുന്നതിനായി പൊലീസ് ഊർജ്ജിത നീക്കം ആരംഭിച്ചിട്ടുണ്ട്.

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ വിരുതുള്ള, സാങ്കേതികവിദ്യ അറിവുള്ളവർ ആരെങ്കിലും പിസ്റ്റൾ നിർമ്മിച്ച് നൽകാനുള്ള സാധ്യതയെ ക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. തോക്കിന്റെ ഉറവിടത്തെ കുറിച്ചറിയാൻ കണ്ണൂർ കേന്ദ്രീകരിച്ച് കോതമംഗലം പൊലീസ് ഊർജ്ജിത അന്വേഷണം നടത്തിവരികയാണ്. സംഭവം പുറത്തുവന്ന ഇന്നലെ വൈകിട്ടുതന്നെ പൊലീസ് സംഘം കണ്ണൂരിന് തിരിച്ചിരുന്നു.

പൊലീസിന്റെ ആയുധപരിശോധന വിദഗ്ധരായ വി എസ് മിഥുൻകുമാർ, സി ജി രതീഷ്‌കുമാർ എന്നിവർ ഇന്ന് രാവിലെ തോക്ക് പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഫോറൻസിക് വിഭാഗം സൂക്ഷിച്ചിട്ടുള്ള തോക്ക് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്നാണ് അറിയുന്നത്.