കൊച്ചി: കോതമംഗലത്ത് ദന്തൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖിൽ തോക്കുവാങ്ങാൻ മുനഗറിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്. തോക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട ഇടനിലക്കാരും ചിത്രത്തിലുണ്ട്. ഇടനിലക്കാരനായ മനേഷ് തോക്ക് ഉപയോഗിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മനേഷ് കുമാറിന്റെ ഫോണിൽ നിന്നാണ് ദൃശ്യം ലഭിച്ചത്. രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് എന്നിവരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.

പ്രതികൾക്കൊപ്പം രഖിൽ കാറിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മാനസയ്ക്ക് വെടിയേറ്റ ദിവസം തന്നെ രഖിലിന് വെടിവയ്ക്കാൻ കൃത്യമായ പരിശീലനം ലഭിച്ചിരുന്നതായി പൊലീസിന് വ്യക്തമായിരുന്നു. തോക്ക് വാങ്ങിയ ബിഹാറിൽനിന്ന് തന്നെയാകും പരിശീലനം ലഭിച്ചതെന്നും പൊലീസ് കരുതിയിരുന്നു. ഇതിനെല്ലാമുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങളിൽ വ്യക്തത വരും എന്നാണ് പൊലീസ് പറയുന്നത്. അതിനിടെ രഖിലിന്റെ സുഹൃത്തിനെ വീണ്ടും ചോദ്യംചെയ്യാനും പൊലീസ് ഒരുങ്ങുന്നുണ്ട്.

കള്ള തോക്ക് നിർമ്മാണത്തിന്റെയും വിൽപ്പനയുടെയും പ്രധാനകേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനു കുമാർ മോദിയെ കേരള പൊലീസ് പിടികൂടിയത്. സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്‌സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറിന്റെ അറസ്റ്റിന് സഹായകമായത്. അയ്യായിരം രൂപ മുതൽ തോക്ക് കിട്ടുന്ന മുൻഗറിൽ എത്തി പ്രതിയെ പിടികൂടുക എളുപ്പമായിരുന്നില്ല. വെടിവെപ്പിനടക്കമുള്ള സാധ്യതയുള്ളതിനാൽ ബിഹാർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി.

ജീവൻ പണയം വച്ചുള്ള ഓപ്പറേഷൻ

തന്ത്രപരമായി കുടുക്കാൻ നോക്കുന്നതിനിടെ അപകടം മണത്ത മാഫിയാ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. എന്നാൽ ധീരമായി തിരിച്ചടിച്ചതോടെ അവർക്ക് പിടിച്ചുനിൽക്കായനായില്ല. മിനിട്ടുകൾക്കുള്ളിൽ മാഫിയാ സംഘത്തെ പൊലീസ് അകത്താക്കി.അധോലോക, മാഫിയാ സംഘങ്ങളുടെ പ്രധാന കേന്ദ്രമാണ് മുൻഗർ. ഇവിടെയാണ് തോക്ക് വിറ്റവരെ തേടി കേരള പൊലീസ് എത്തിയത്. എന്തിനും തയ്യാറാണ് പ്രദേശത്തെ അധോലോക സംഘം.

ലോക്കൽപൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ഓപ്പറേഷൻ. കേരള പൊലീസിനെ സഹായിക്കാനുണ്ടായിരുന്നത് ബീഹാർ പൊലീസിലെ ഉന്നതർ മാത്രം. കേരള പൊലീസിലെ സൈബർ ടീം പ്രതികളുടെ നീക്കങ്ങളെല്ലാം നിരീക്ഷിച്ച് അപ്പപ്പോൾ വിവരങ്ങൾ കൈമാറിയിരുന്നു.

പഴയ തോക്ക് വേണം എന്നാവശ്യപ്പെട്ടാണ് പൊലീസ് സംഘം സോനുകുമാറിനെ സമീപിച്ചത്. പ്രശ്‌നങ്ങളൊന്നും തോന്നാത്തതിനാൽ കരാർ ഉറപ്പിക്കാൻ സോനു തയ്യാറായി. ആളൊഴിഞ്ഞ സ്ഥലത്തെത്താൻ പൊലീസ് സംഘത്തോട് പറഞ്ഞു. പറഞ്ഞ സ്ഥലത്ത് കൃത്യ സമയത്ത് പൊലീസ് എത്തി. എന്നാൽ കേരള പൊലീസിനെ കള്ളത്തോക്കുസംഘം തിരിച്ചറിഞ്ഞില്ലെങ്കിലും ബീഹാർ പൊലീസ് ഉദ്യോഗസ്ഥരെ അവർ എളുപ്പത്തിൽ മനസിലാക്കി.ആക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് തുരുതുരെ വെടിവച്ചു.

ഇതോടെ ഭയന്നുപോയ സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു. ഇതുവരെ ഇരുപതോളം തോക്കുകൾ വിറ്റതായി സോനുകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.സോനുവിന്റെ കൂട്ടുകാരൻ മനേഷ് കുമാർ വർമയെയും മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ടാക്‌സി ഡ്രൈവറായ ഇയാളെ ലൊക്കേഷൻ മനസിലാക്കി ലോക്കൽ പൊലീസിന്റെ സഹായത്തോടെ അറസ്റ്റുചെയ്യുകയായിരുന്നു. ഇരുവരെയും കേരളത്തിൽ എത്തിച്ചിട്ടുണ്ട്.