കോതമംഗലം: നെല്ലിക്കുഴിയിൽ ബി ഡി എസ് ഹൗസ് സർജൻ മാനസയെ വെടിവച്ച് കൊന്ന കേസിൽ രാഖിലിന് തോക്ക് കൈമാറിയ പ്രതികളെ കേരളത്തിൽ എത്തിച്ചു. തോക്ക് കൈമാറിയ ബിഹാർ മുൻഗെർ ജില്ല പർസന്തോ ഗ്രാമത്തിലെ സോനുകുമാർ (24), ഇടനിലക്കാരൻ ബർസാദ് സ്വദേശി മനീഷ്‌കുമാർ വർമ(24) എന്നിവരെയാണ് ബീഹാറിൽ നിന്ന് വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചത്.

എറണാകുളം റൂറൽ എസ് പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ചോദ്യം ചെയ്യലിൽ രാഖിലിന് തോക്ക് കൈമാറിയത് കൂടാതെ മറ്റ് നിർണ്ണായക വിവരങ്ങളും ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സോനുകുമാറിന്റെ ഫോണിൽ നിന്ന് ചില മലയാളികളുടെ ഫോൺ നമ്പറുകൾ ലഭിച്ചിട്ടുണ്ട്. ഇവർ സോനുകുമാർ വഴി തോക്ക് വാങ്ങിയിട്ടുണ്ടോ എന്നതും പരിശോധിക്കും.

രാഖിലും ബിസിനസ്സ് പങ്കാളിയുമായ ആദിത്യനും ബംഗളൂരുവിൽ നടത്തിയ ഇന്റീരിയർ സ്ഥാപനത്തിൽ സോനുകുമാർ ജോലി ചെയ്തിരുന്നു. എന്നാൽ, ഇതിൽ ആർക്കെങ്കിലും തോക്ക് കൈമാറിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. കേരളത്തിലെ മറ്റ് ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും.

ആറ് മാസത്തിനിടെ സോനുകുമാറിന്റെ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടിയും അന്വേഷണസംഘം ആരംഭിച്ചു. പ്രതിയായ മനേഷ് കുമാർ തോക്ക് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ, ഇത് എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.

കേരള ബിഹാർ പൊലീസ് സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനിൽ ബിഹാറിൽനിന്നു പിടിയിലായ പ്രതികളായ സോനുകുമാർ, മനീഷ് കുമാർ എന്നിവരെ വിമാനമാർഗമാണു കൊച്ചിയിൽ എത്തിച്ചത്. തോക്ക് കൈമാറിയ സോനുകുമാറിനെ മുൻഗറിൽനിന്നും ഇടനിലക്കാരനായ മനീഷ് കുമാറിനെ പട്‌നയിൽനിന്നുമാണു പിടികൂടിയത്.

പ്രതികളെ പിടിക്കാൻ ബിഹാറിലെത്തിയ കേരള പൊലീസിനെ സഹായിക്കാൻ മുൻഗർ എസ്‌പി ജഗന്നാഥ റെഡ്ഡി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. 'പഴയ തോക്ക് കിട്ടുമോ' എന്നു ചോദിച്ചാണ് കേരളത്തിൽനിന്നുള്ള പൊലീസ് സംഘം സോനുകുമാറിനെ ബന്ധപ്പെട്ടത്. ഇരുവരെയും കോവിഡ് പരിശോധന നടത്തിയ ശേഷമാണു കൊച്ചിയിലെത്തിച്ചതെന്നു പൊലീസ് പറഞ്ഞു.

ജീവൻ പണയം വച്ചുള്ള ഓപ്പറേഷൻ

തന്ത്രപരമായി കുടുക്കാൻ നോക്കുന്നതിനിടെ അപകടം മണത്ത മാഫിയാ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. എന്നാൽ ധീരമായി തിരിച്ചടിച്ചതോടെ അവർക്ക് പിടിച്ചുനിൽക്കായനായില്ല. മിനിട്ടുകൾക്കുള്ളിൽ മാഫിയാ സംഘത്തെ പൊലീസ് അകത്താക്കി.അധോലോക, മാഫിയാ സംഘങ്ങളുടെ പ്രധാന കേന്ദ്രമാണ് മുൻഗർ. ഇവിടെയാണ് തോക്ക് വിറ്റവരെ തേടി കേരള പൊലീസ് എത്തിയത്. എന്തിനും തയ്യാറാണ് പ്രദേശത്തെ അധോലോക സംഘം.

ലോക്കൽപൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ഓപ്പറേഷൻ. കേരള പൊലീസിനെ സഹായിക്കാനുണ്ടായിരുന്നത് ബീഹാർ പൊലീസിലെ ഉന്നതർ മാത്രം. കേരള പൊലീസിലെ സൈബർ ടീം പ്രതികളുടെ നീക്കങ്ങളെല്ലാം നിരീക്ഷിച്ച് അപ്പപ്പോൾ വിവരങ്ങൾ കൈമാറിയിരുന്നു.

പഴയ തോക്ക് വേണം എന്നാവശ്യപ്പെട്ടാണ് പൊലീസ് സംഘം സോനുകുമാറിനെ സമീപിച്ചത്. പ്രശ്‌നങ്ങളൊന്നും തോന്നാത്തതിനാൽ കരാർ ഉറപ്പിക്കാൻ സോനു തയ്യാറായി. ആളൊഴിഞ്ഞ സ്ഥലത്തെത്താൻ പൊലീസ് സംഘത്തോട് പറഞ്ഞു. പറഞ്ഞ സ്ഥലത്ത് കൃത്യ സമയത്ത് പൊലീസ് എത്തി. എന്നാൽ കേരള പൊലീസിനെ കള്ളത്തോക്കുസംഘം തിരിച്ചറിഞ്ഞില്ലെങ്കിലും ബീഹാർ പൊലീസ് ഉദ്യോഗസ്ഥരെ അവർ എളുപ്പത്തിൽ മനസിലാക്കി.ആക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് തുരുതുരെ വെടിവച്ചു.

ഇതോടെ ഭയന്നുപോയ സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു. ഇതുവരെ ഇരുപതോളം തോക്കുകൾ വിറ്റതായി സോനുകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.സോനുവിന്റെ കൂട്ടുകാരൻ മനേഷ് കുമാർ വർമയെയും മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ടാക്‌സി ഡ്രൈവറായ ഇയാളെ ലൊക്കേഷൻ മനസിലാക്കി ലോക്കൽ പൊലീസിന്റെ സഹായത്തോടെ അറസ്റ്റുചെയ്യുകയായിരുന്നു.