കൊല്ലം: മാനസ കൊലപാതകത്തിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യനാണ് പിടിയിലായത്. ഇയാളെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി.

മാനസയും രഖിലുമായുള്ള ബന്ധം തകർന്ന ശേഷം ആദിത്യനൊപ്പമായിരുന്നു രഖിൽ ബിഹാറിൽ പോയത്. ഇവിടെ നിന്നാണ് ഇയാൾ കൊലപാതകം നടത്താൻ ഉപയോഗിച്ച തോക്ക് സംഘടിപ്പിച്ചത്. രഖിലിന് തോക്ക് വിറ്റ കേസിൽ ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

കള്ള തോക്ക് നിർമ്മാണത്തിന്റെയും വിൽപ്പനയുടെയും പ്രധാനകേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനു കുമാർ മോദിയെ കേരള പൊലീസ് പിടികൂടിയത്. സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്‌സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറിന്റെ അറസ്റ്റിന് സഹായകമായത്.

തോക്ക് ബിഹാറിൽ കിട്ടുമെന്ന് കൊലപാതകിയായ രഖിലിന് മനസ്സിലായത് അയാളുടെ കീഴിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളി വഴിയായാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. 35000 രൂപയ്ക്കാണ് ഇവരിൽ നിന്ന് രഖിൽ തോക്ക് വാങ്ങിയത്.

കേസിൽ ഇപ്പോൾ അറസ്റ്റിലായ ആദിത്യൻ രഖിലിന്റെ ഉറ്റസുഹൃത്തിന് പുറമെ ബിസിനസ് പങ്കാളിയുമാണ്. ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാനെന്ന പേരിലാണ് രഖിലും ആദിത്യനും ബിഹാറിലേക്ക് പോയത്. ഏഴ് തിരകൾ ഉപയോഗിക്കാവുന്ന പഴകിയ തോക്കാണ് രഖിൽ ഉപയോഗിച്ചത്.

7.62 എംഎം വിഭാഗത്തിലുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് രഖിൽ മാനസയെ കൊലപ്പെടുത്തിയത്. ഇതിനായി കോതമംഗലത്ത് മാനസ താമസിച്ച വീടിനോട് ചേർന്ന് വാടകയ്ക്ക് വീടെടുത്ത് ദിവസങ്ങളോളം പെൺകുട്ടിയെ ഇയാൾ നിരീക്ഷിച്ചിരുന്നു. മാനസയെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ അതേ തോക്കുപയോഗിച്ച് രഖിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.