- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ വിറ്റ് പണമുണ്ടാക്കി; ബീഹാറിലെ തോക്ക് വിൽപ്പന അറിഞ്ഞത് ഇന്റർനെറ്റിലൂടെ; പരിശീലനം നൽകിയത് ആയൂധ വ്യാപാരികൾ; ആദ്യ വെടിയുണ്ടയെ ഒഴിഞ്ഞു മാറി രക്ഷപ്പെട്ട യുവതി; പിന്നീട് ഉന്നം തെറ്റാതെ രണ്ട് ഫയറിങ്; മാനസയെ രാഖിൽ കൊന്നത് കൃത്യമായ ആസൂത്രണത്തിൽ
കൊച്ചി: ഡെന്റൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്താൻ രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിലെ ആയുധവ്യാപാരികളിൽ നിന്നെന്ന് ഉറപ്പിച്ച് പൊലീസ്. 12ന് സുഹൃത്തിനൊപ്പം എറണാകുളത്തുനിന്ന് ബിഹാറിലേക്ക് പോയതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ചില സുഹൃത്തുക്കളിൽ നിന്ന് പൊലീസിന് ഇതിന്റെ സൂചന ലഭിച്ചുവെന്നാണ് സൂചന.
തോക്കിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഇതോടെ കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും. ബീഹാറിലേക്കും പൊലീസ് പോകും. എന്നാൽ ഈ അന്വേഷണം എത്രത്തോളം തെളിവ് നൽകുമെന്ന് പൊലീസിന് ഉറപ്പില്ല. എങ്കിലും തോക്കിന്റെ ഉറവിടം തേടി ബീഹാറിൽ പോകാനാണ് തീരുമാനം. ഡിജിപിയുടെ അനുമതിയോടെയാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.
ബിഹാറിൽ തോക്ക് കിട്ടുമെന്ന് ഇന്റർനെറ്റിലൂടെ മനസ്സിലാക്കിയതാകുമെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നാലിടത്തായി എട്ടു ദിവസം തങ്ങി. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാൻ പോയെന്നാണ് നാട്ടിലറിയിച്ചത്. തോക്ക് ഉപയോഗിക്കാൻ കേരളത്തിന് പുറത്തുനിന്ന് പരിശീലനം തേടിയിട്ടുണ്ടാകാമെന്നും സൂചനയുണ്ട്. ബിഹാറിൽ ആയുധവ്യാപാര ഗുണ്ടാസംഘങ്ങൾ ഇതിന് സൗകര്യമൊരുക്കാറുണ്ട്.
രാഖിൽ തോക്ക് വാങ്ങിയത് കാർ വിറ്റ പണംകൊണ്ടെന്ന് സംശയം ഉണ്ട്. പുതുതായി വാങ്ങിയ കാർ വിറ്റതായി ചിലരോട് പറഞ്ഞിരുന്നു. കഴിഞ്ഞതവണ രാഖിൽ വീട്ടിൽ വന്നപ്പോൾ അധികം സംസാരിച്ചിരുന്നില്ല. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നതിനാൽ വീട്ടുകാരും കൂടുതലൊന്നും അന്വേഷിച്ചിരുന്നില്ല. കാർ വിറ്റതിന് ശേഷമാണോ രാഖിലിന്റെ ബീഹാർ യാത്രയെന്നും പൊലീസ് പരിശോധിക്കും.
രാഖിൽ മാസനയെ ശല്യപ്പെടുത്തിയിരുന്നു. പൊലീസ് വിളിച്ച് ഇക്കാര്യത്തിൽ രാഖിലിനെ താക്കീടും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ബീഹാറിലെ യാത്ര. കൊല നടത്താൻ ഉപയോഗിച്ചത് പഴയ തോക്കാണ്. 7.62 എംഎം പിസ്റ്റളിൽനിന്ന് ഏഴ് റൗണ്ട് നിറയൊഴിക്കാം. ഇത് ബീഹാറിൽ നിന്ന് വാങ്ങിയതാണെന്ന് പൊലീസ് കരുതുന്നു.
രാഖിലിന്റെ മൊബൈൽ ഫോൺ വിവരം പൊലീസ് പരിശോധിച്ചുവരികയാണ്. കണ്ണൂരിലെത്തിയ അന്വേഷണസംഘം വീട്ടുകാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും മൊഴിയെടുത്തു. എറണാകുളം റൂറൽ എസ്പി കെ കാർത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തോക്ക് പരിശോധിച്ചു. ആലുവയിൽനിന്നുള്ള വിരലടയാളവിദഗ്ധരും ഫോറൻസിക് സംഘവും തെളിവെടുത്തു.
അതിനിടെ വെടിവെപ്പ് നടന്ന മുറിക്കകത്ത് ചുമരിൽ തറച്ചനിലയിൽ ഒരു വെടിയുണ്ട ഫൊറൻസിക് സംഘം കണ്ടെത്തി. ഇതോടെ, മാനസയ്ക്കുനേരെ പ്രതി രാഖിൽ വെടിയുതിർത്തത് മൂന്നുതവണയെന്നു വ്യക്തമായി. രണ്ടുവെടിയുണ്ടകൾ മാനസയുടെ ശരീരത്തിൽ പതിച്ചിരുന്നു. ഒന്ന് ഉന്നംതെറ്റി പതിച്ചതാകാമെന്നുകരുതുന്നു. ആദ്യ വെടിയെ മാനസ ഒഴിഞ്ഞു മാറി അതിജീവിച്ചുവെന്നാണ് വിലയിരുത്തൽ. അതിന് ശേഷം കൂടുതൽ അടുത്തേക്ക് നീങ്ങി തുരുതുരാ രണ്ട് വെടി കൂടി രാഖിൽ വച്ചിട്ടുണ്ടാകാമെന്നും പൊലീസ് കരുതുന്നു.
ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ രാഖിലിന്റെ പോക്കറ്റിൽനിന്ന് അഞ്ചു വെടിയുണ്ടകൾകൂടി കണ്ടെടുത്തു. തൊട്ടടുത്തുനിന്നാണ് രാഖിൽ നിറയൊഴിച്ചതെന്നും വ്യക്തമായി. തോക്കിൽ ഏഴ് ഉണ്ടകൾ നിറച്ചിരുന്നു. മൂന്നെണ്ണം തോക്കിൽ അവശേഷിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിതന്നെ പൊലീസ് തോക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വിദഗ്ധപരിശോധനയ്ക്ക് ബെംഗളൂരുവിലേക്ക് അയക്കും.
മറുനാടന് മലയാളി ബ്യൂറോ