ണ്ടൻ: മാഞ്ചസ്റ്റർ അരീനയിൽ ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത് അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രൻഡെയുടെ സംഗീത പരിപാടി കഴിഞ്ഞയുടൻ. സ്‌ഫോടനത്തിൽ അരിയാന സുരക്ഷിതയാണെന്നും അവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും ഗായികയുടെ വക്താവ് പറഞ്ഞു. ആയിരക്കണക്കിനാളുകളാണ് പരിപാടി വീക്ഷിക്കുവാനായി എത്തിയിരുന്നത്. ഏറെയും യുവതീയുവാക്കളായിരുന്നു.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 19 പേരും യുവതീയുവാക്കളാണെന്ന് പൊലീസ് സ്ഥീരീകരിച്ചു. ഇവരുടെ കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. 21,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയമാണ് മാഞ്ചസ്റ്റർ അരീനയിലേത്. അരിയാന ഗ്രൻഡെ പരിപാടി അവതരിപ്പിച്ചുതീർന്ന് മുപ്പത് സെക്കൻഡിനകമായിരുന്നു സ്‌ഫോടനമെന്ന് അവിടെയുണ്ടായിരുന്ന ഒരാൾ ട്വീറ്റ് ചെയ്തു.

ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തമുണ്ടാകാതിരുന്നതെന്നാണ് കരുതുന്നത്. അടിയന്തര രക്ഷാപ്രവർത്തനവും തുണയായി. സ്‌ഫോടനമുണ്ടായയുടൻ എല്ലാവരും സ്റ്റേഡിയത്തിന് പുറത്തേയ്ക്ക് പോകാൻ തിരക്ക്കൂട്ടിയെങ്കിലും രക്ഷാപ്രവർത്തകരുടെ ഇടപെടൽ അത് സുരക്ഷിതമാക്കി. കുട്ടികളുൾപ്പെടെയുള്ളവരുടെ കരച്ചിൽ സംഗീത പരിപാടി നടന്ന സ്റ്റേഡിയത്തെ ഉടൻതന്നെ ദുരന്തഭൂമിയാക്കിയെന്ന് ദൃക്‌സാക്ഷികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സ്‌ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെ സായുധ സേനയും ബോംബ് സ്‌ക്വാഡും പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്തു. മിനിറ്റുകൾക്കുമുമ്പുവരെ ആവേശത്തിന്റെ ആരവങ്ങൾ മുഴങ്ങിയിരുന്ന വേദിയിൽ പൊടുന്നനെ അലമുറകൾ നിറഞ്ഞു. എല്ലായിടത്തും ശരീരത്തിന്റെ ഭാഗങ്ങൾ ചിതറിക്കിടന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നതേയുള്ളൂവെങ്കിലും ഭീകരാക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്റ്റേഡിയത്തിൽനിന്ന് പുറത്തുകടക്കാൻ എല്ലാവരും തിരക്ക് കൂട്ടിയതോടെ ആളുകളെ ഒഴിപ്പിക്കൽ ശ്രമകരമായ ദൗത്യമായി മാറി. കാൽമണിക്കൂറെങ്കിലും എടുത്താണ് പലരും പുറത്തെത്തിയത്. തിക്കും തിരക്കുമുണ്ടാകാതെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് അധികൃതർ മുൻതൂക്കം നൽകിയത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പലരും മോഹാലസ്യപ്പെട്ട് വീഴുകയും ചെയ്തു.