മാഞ്ചസ്റ്റർ: കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ നൂറാംവാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും ജനുവരി രണ്ടിന് ആഘോഷിക്കുന്നു.

ടിമ്പർലി മെതോഡിസ്റ്റ് ചർച്ച് ഹാളിൽ ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനക്ക് ഷ്രൂഷ്ബറി രൂപത സീറോ മലബാർ ചാപ്ലെയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി, സീറോ മലങ്കര ചാപ്ലെയിൻ ഫാ. തോമസ് മടുക്കമൂട്ടിൽ, ഫാ. റോബിൻസൺ മെൽക്കിസ് തുടങ്ങിയവർ കാർമികത്വം വഹിക്കും.

തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിക്കും. വൈദികർ സാന്താക്ലോസിനോടൊപ്പം ചേർന്ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് ക്രിസ്മസ് സന്ദേശം നൽകും. തുടർന്ന് കലാപരിപാടികൾക്ക് തുടക്കമാകും. അസോസിയേഷൻ വിംഗും മാതാപിതാക്കന്മാരും വിവിധ പരിപാടികളുമായി വേദിയിൽ അണിനിരക്കും. വിഭവസമൃദ്ധമായ അത്താഴവിരുന്ന് നടക്കും.

പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണെ്ടന്ന് സെക്രട്ടറി നോയൽ ജോർജ് അറിയിച്ചു.