മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഇന്ന് വമ്പൻ പോരാട്ടം. കിരീടം ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി രാത്രി പത്തിന് ചെൽസിയെ നേരിടും. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ചെൽസിയെ തോൽപിച്ചാൽ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാം.

ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ റിഹേഴ്സൽ എന്നാണ് ഫുട്ബോൾ ആരാധകർ ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്. ഈ മാസം അവസാനം നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ തന്നെയാണ് പോരാട്ടം.



ഹോം ഗ്രൗണ്ടിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ 34 കളിയിൽ 80 പോയിന്റുമായി കിരീടത്തിന് തൊട്ടരികിലാണ് സിറ്റി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 13 പോയിന്റ് മുന്നിൽ. 61 പോയിന്റുള്ള ചെൽസി നാലാംസ്ഥാനത്താണ്.

ഇനി ലീഗിൽ അവശേഷിക്കുന്നത് നാല് മത്സരങ്ങൾ മാത്രമാണ്. കിരീടമുയർത്തിയാൽ സിറ്റിക്ക് ഏഴ് കിരീടം അക്കൗണ്ടിലെത്തും. ഇന്ത്യൻ സമയം രാത്രി പത്തു മണിക്കാണ് മത്സരം.

സീസണിൽ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ഗാർഡിയോളയുടെ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പ് സ്വന്തമാക്കിക്കഴിഞ്ഞു. പിഎസ്ജിയെ തുരത്തി ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിലുമെത്തി. റയൽ മാഡ്രിഡിനെ വീഴ്‌ത്തിയാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറിയത്. തോമസ് ടുഷേലിന് കീഴിൽ പുത്തൻ ഉണർവുമായി കളിക്കുന്ന ചെൽസിയും ഓൾറൗണ്ട് മികവുമായി മുന്നേറുന്ന സിറ്റിയും ഉഗ്രൻ ഫോമിൽ.

പ്രീമിയർ ലീഗിൽ അവസാന 22 കളിയിൽ 20ലും സിറ്റി ജയിച്ചു. ടുഷേലിന് കീഴിൽ 15 കളിയിൽ 11ലും ക്ലീൻഷീറ്റുമായാണ് ചെൽസിയുടെ വരവ്. ഇരു ടീമും ഏറ്റുമുട്ടിയത് 167 കളിയിൽ. ചെൽസി 69ലും സിറ്റി 59ലും ജയിച്ചു. അവസാനം നേർക്കുനേർ വന്നത് കഴിഞ്ഞ മാസം എഫ് എ കപ്പ് സെമിഫൈനലിൽ. അന്ന് ഒറ്റ ഗോൾ ജയം ചെൽസിക്കൊപ്പം നിന്നു.

ഇന്നത്തെ മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ രാത്രി പന്ത്രണ്ടേമുക്കാലിന് സതാംപ്ടണേയും ടോട്ടനം, ലീഡ്‌സ് യുണൈറ്റഡിനെയും നേരിടും. 33 കളിയിൽ 54 പോയിന്റ് മാത്രമുള്ള ലിവർപൂൾ ഏഴാം സ്ഥാനത്താണ്. 56 പോയിന്റുള്ള ടോട്ടനം ആറാം സ്ഥാനത്തും.

ലാ ലിഗയിലും ഇന്നത്തെ മത്സരം നിർണായകമാണ്. ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ ബാഴ്സലോണയെ നേരിടും. വിജയിച്ചാൽ ബാഴ്സലോണയ്ക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാം.

നിലവിൽ ബാഴ്സയ്ക്ക് 74 പോയിന്റും അത്ലറ്റിക്കോ മാഡ്രിഡിന് 76 പോയിന്റുമാണുള്ളത്. അതേസമയം തോറ്റാൽ ബാഴ്സയുടെ കിരീടപ്രതീക്ഷ മങ്ങും. ഇന്ത്യൻ സമയം രാത്രി 7.45നാണ് മത്സരം.

ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ് സ്പാനിഷ് ലീഗ്. മുപ്പത്തിനാലാം റൗണ്ട് പിന്നിടുമ്പോൾ ആദ്യ മൂന്ന് സ്ഥാനക്കാർക്കും കിരീടപ്രതീക്ഷ. 76 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്. 74 പോയിന്റ് വീതമുള്ള റയൽ മാഡ്രിഡും ബാഴ്സലോണയും രണ്ടും മൂന്നും സ്ഥാനങ്ങളിലും. മൂവർക്കും വൻവീഴ്‌ച്ചകളുണ്ടായാൽ 70 പോയിന്റുമായി നാലാം സ്ഥാനത്തുള്ള സെവിയക്കും പ്രതീക്ഷ. ബാക്കിയുള്ള നാലുമത്സരങ്ങൾ ഓരോ ടീമിനും സുപ്രധാനമാണ്.



ഇതുകൊണ്ടുതന്നെ ഇന്നത്തെ ബാഴ്സലോണ-അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരഫലം ജേതാക്കളെ നിശ്ചയിക്കുന്നതിൽ നിർണായകമാവും. ഫോമിലേക്ക് തിരിച്ചെത്തിയ നായകൻ ലിയോണൽ മെസിയിൽ തന്നെയാണ് ബാഴ്സയുടെ പ്രതീക്ഷ. മെസി 28 ഗോളുമായി ലീഗിലെ ടോപ് സ്‌കോററാണ്. കരിയറിൽ മെസി ഏറ്റവും കൂടുതൽ മത്സരങ്ങൾ എതിരെ കളിച്ച രണ്ടാമത്തെ ടീമും ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ ടീമും അത്‌ലറ്റിക്കോ മാഡ്രിഡാണ്. 42 കളിയിയിൽ 32 ഗോൾ.

ബാഴ്സയും അത്‌ലറ്റിക്കോയും 53 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. വ്യക്തമായ ആധിപത്യമുള്ള ബാഴ്സ ജയിച്ചത് 27 കളിയിൽ. അത്‌ലറ്റിക്കോ മാഡ്രിഡ് ജയിച്ചത് 12ൽ മാത്രം. എന്നാൽ അവസാനം ഏറ്റുമുട്ടിയപ്പോൾ ഒറ്റഗോൾ ജയം അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം നിന്നു.

സസ്പെൻഷനിലായ കോച്ച് റൊണാൾഡ് കൂമാൻ ഇല്ലാതെയാവും ബാഴ്സയിറങ്ങുക. സഹപരിശീലകൻ അൽഫ്രഡ് ഷ്രൂഡർക്കായിരിക്കും ടീമിന്റെ ചുമതല. അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷം ലൂയിസ് സുവാരസ് കാംപ് നൗവിലേക്ക് തിരിച്ചെത്തുന്ന ആദ്യ മത്സരം കൂടിയാണിത്.