ദുബായ്: ഇംഗ്ലണ്ടുമായുള്ള മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതിൽ വിവാദങ്ങൾ തുടരുന്നതിനിടെ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ദൗർഭാഗ്യകരം എന്നാണ് കോലി മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയ സംഭവത്തെ കുറിച്ച് പറഞ്ഞത്. ''പരമ്പര നേരത്തെ അവസാനിപ്പിക്കേണ്ടി വന്നതിനെ നിർഭാഗ്യകരം എന്ന് മാത്രമാണ് പറയാൻ കഴിയൂ. എന്നാൽ കോവിഡ് സാഹചര്യങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു. ഏത് സമയത്തും എന്തും സംഭവിക്കാം.'' ആർസിബിയുടെ ബോൾഡ് ഡയറീസ് എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു കോലി.

കോലിയും സഹതാരം മുഹമ്മദ് സിറാജും ചാർട്ടേർഡ് ഫ്ളൈറ്റിൽ ദുബായിൽ എത്തിയിരുന്നു. താരങ്ങൾ ഇനി ക്വാറന്റീനിൽ പ്രവേശിക്കും. ഐപിഎല്ലിന്റെ രണ്ടാംപാതിയെ കുറിച്ചും കോലി വാചാലനായി. ''മികച്ച ഐപിഎല്ലായിരിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എല്ലാവരും സുരക്ഷിതമായിരിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമം എല്ലാവരുടേയും ഭാഗത്തുനിന്നുണ്ടാവണം. ഐപിഎൽ ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനും ഗുണം ചെയ്യും.'' കോലി കൂട്ടിച്ചേർത്തു.

ആർസിബി ക്യാംപിലെത്തിയ പുതിയ താരങ്ങളെ കാണാൻ തിടുക്കമായെന്നും അവരുമൊത്തെ മനോഹരമായ ക്രിക്കറ്റ് കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കോലി വ്യക്തമാക്കി. ഈമാസം 20ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ആർസിബിയുടെ മത്സരം. ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ആർസിബി നിലവിൽ 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

മത്സരം റദ്ദാക്കിയതോടെയാണ് ഇന്ത്യൻ താരങ്ങൾ ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിച്ചത്. പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ നാല് പേർക്ക് കോവിഡ് പിടിപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ പിന്മാറിയതെന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് ഐപിഎൽ കളിക്കേണ്ടതിനാലും ആറ് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കേണ്ടതിനാലും അവർ പിന്മാറുകയായിരുന്നുവെന്നുമാണ് ഇംഗ്ലീഷ് മാധ്യമങ്ങളുടെ സംസാരം.

അതേ സമയം വിഷയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണവുമായി ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ ഡേവിഡ് ഗോവർ രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് റദ്ദാക്കുന്നതിന്റെ തലേദിവസം അർധരാത്രി വിരാട് കോലി ബി.സി.സിഐയ്ക്ക് ഇ-മെയിൽ അയച്ചിരുന്നതായാണ് ഡേവിഡ് ഗോവർ വെളിപ്പെടുത്തുന്നത്. ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപിസ്റ്റ് യോഗേഷ് പർമാറിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമംഗങ്ങളുടെ മാനസികാവസ്ഥ വിവരിച്ച് അർധ രാത്രിയാണ് കോലി മെയിൽ ചെയ്തതെന്നും ഗോവർ വ്യക്തമാക്കുന്നു.



മത്സരങ്ങൾ ഉപേക്ഷിക്കുന്നത് സാധാരണമാണ്. എന്നാൽ കുറച്ച് ഓവർ എങ്കിലും കളിച്ച ശേഷമാണ് ഉപേക്ഷിക്കുക. പക്ഷേ മാഞ്ചസ്റ്റർ ടെസ്റ്റിൽ സംഭവിച്ചത് അതല്ല. അവസാന നിമിഷമാണ് ടെസ്റ്റ് റദ്ദ് ചെയ്തത്. അതിനു തലേ ദിവസം അർധരാത്രി കോലി ബി.സി.സിഐയ്ക്ക് മെയിൽ അയക്കുകയും ചെയ്തു.

ഒന്നാം ദിവസത്തെ മത്സരം കാണാൻ ഞാനും മാഞ്ചസ്റ്ററിലെത്തിയിരുന്നു. കളി ആസ്വദിക്കുന്നതിനൊപ്പം മത്സരത്തെ കുറിച്ചും ആതിഥേയത്വത്തെ കുറിച്ചും കാണികളോട് സംസാരിക്കാമെന്നും ഞാൻ കരുതി. എന്നാൽ അവിടെ എത്തിയപ്പോൾ സാഹചര്യങ്ങളെല്ലാം മാറിയിരുന്നു. മത്സരം റദ്ദു ചെയ്തു എന്നാണ് അറിഞ്ഞത്-ക്രിക്കറ്റ് ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ ഗോവർ പറയുന്നു.

ടോസിന് മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയത്. ഒന്നാം ദിവസത്തെ മത്സരം മാറ്റിവെച്ചതായാണ് ആദ്യം റിപ്പോർട്ട് വന്നത്. ഇതിനു പിന്നാലെയാണ് മത്സരം തന്നെ റദ്ദാക്കിയതായി ഇസിബി വ്യക്തമാക്കിയത്.

നേരത്തെ ഓവലിൽ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ബൗളിങ് കോച്ച് ഭരത് അരുണും ഫീൽഡിങ് കോച്ച് ആർ. ശ്രീധറും കോവിഡ് പോസിറ്റീവായിരുന്നു.