- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാംക്ഷയ്ക്കും അഭ്യൂഹങ്ങൾക്കും വിരാമം; സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തുന്നത് 12 വർഷങ്ങൾക്ക് ശേഷം; ടീമുമായി ഒപ്പുവെച്ചത് 2 വർഷത്തെ കരാർ
മാഞ്ചസ്റ്റർ: ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ് വിട്ട പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുനൈറ്റഡിൽ തിരികെയെത്തി.12 വർഷത്തിനുശേഷമാണ് റൊണാൾഡോ തന്റെ പഴയ തട്ടകത്തിൽ തിരിച്ചെത്തുന്നത്. 36കാരനായ റൊണാൾഡോയുമായി 2 വർഷത്തേക്കാണ്് ഇപ്പോൾ ടീം കരാറൊപ്പിട്ടിരിക്കുന്നത്.ട്രാൻസ്ഫർ തുക സംബന്ധിച്ച തർക്കം പരിഹരിക്കാൻ കഴിയാത്തതിനെത്തുടർന്നാണ് സിറ്റി റൊണാൾഡോയെ കൈയൊഴിഞ്ഞതെന്ന് സൂചനയുണ്ടായിരുന്നു. പിന്നാലെ റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡസ് യുനൈറ്റഡ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.പിന്നാലെയാണ് സ്ഥീരീകരണമുണ്ടായിരിക്കുന്നത്.
18ാം വയസിൽ യുണൈറ്റഡിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ പ്രീമിയർ ലീഗിൽ അരങ്ങേറിയത്. 2003 മുതൽ 2009 വരെ യുനൈറ്റഡിനായി 292 മത്സരങ്ങളിൽ കളിച്ച റൊണാൾഡോ 118 ഗോളുകൾ നേടിയിട്ടുണ്ട്. റൊണാൾഡോയെ വരവേൽക്കാൻ ക്ലബ്ബിലെ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞുവെന്ന് യുനൈറ്റഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.2003ൽ സ്പോർട്ടിങ് ക്ലബ്ബിൽ നിന്ന് മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയ റൊണാൾഡോ 2009വരെ ക്ലബ്ബിൽ തുടർന്നു. 2009ൽ റെക്കോർഡ് ട്രാൻസ്ഫർ തുകക്ക് റയലിലേക്ക് പോയ റൊണാൾഡോ അവിടെ നിന്നാണ് യുവന്റസിലെത്തിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായുള്ള നീക്കം അവസാനിപ്പിച്ചതായി മാഞ്ചസ്റ്റർ സിറ്റി വെള്ളിയാഴ്ച അറിയിച്ചിരുന്നു.റൊണാൾഡോ ടീമിലെത്താനുള്ള സാധ്യത യുനൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യർ തള്ളിക്കളഞ്ഞതുമില്ല. യുവന്റസ് വിടുകയാണെങ്കിൽ റൊണാൾഡോയെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ യുനൈറ്റഡ് തയാറാണെന്ന് സോൾഷ്യർ പറഞ്ഞു. റൊണാൾഡോ യുനൈറ്റഡിന്റെ ഇതിഹാസ താരമാണെന്നും സോൾഷ്യർ വ്യക്തമാക്കി.
യുവന്റസിലെ സഹതാരങ്ങളോടു യാത്ര പറയാൻ റൊണാൾഡോ എത്തി. ശേഷം സ്വകാര്യ വിമാനത്തിൽ ടൂറിനിൽ നിന്ന് മടങ്ങുകയും ചെയ്തു.റൊണാൾഡോ യുവന്റസ് താരങ്ങളോട് യാത്രപറഞ്ഞ് സ്വകാര്യ വിമാനത്തിൽ ഇറ്റലി വിടുന്നതിന്റെ ചിത്രങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. യുവന്റസുമായി ഒരു വർഷം കരാർ ബാക്കിയിരിക്കെയാണ് റൊണാൾഡോ യുനൈറ്റഡിൽ തിരികെയെത്തുന്നത്.
സ്പോർട്സ് ഡെസ്ക്