ന്യൂയോർക്ക്: വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ നടന്നുവന്ന മണ്ഡല കാല പൂജയ്ക്ക് ഭക്തി നിർഭരമായ പരിസമാപ്തി .അയ്യപ്പ സാന്നിധ്യം വിളയാടിയ മുഹുർത്തത്തിന് ചിട്ടയായ ആരാധനാക്രമവും,താന്ത്രിക  വിധിയും സമ്മേളിച്ചു ഭക്തിയുടെ പരിപൂർണ്ണ പരിവേഷത്തോടെ അനുവർത്തിച്ചപ്പോൾ ആ മുഹുർത്തം ആധ്യാത്മിക മുഹുർത്തമായി മാറി.


ഗുരു സ്വാമി പാർത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേൽശാന്തി മനോജ് നമ്പുതിരിയുടെയും വാസ്റ്റിന്റെ ഭാര വാഹികളുടെയും നേതൃത്വത്തിൽ നടന്ന  മണ്ഡല പൂജ ഭക്തി സാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു .ഇരുമുടിയേന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ നിറപറയും നിലവിളക്കും താലപ്പൊലിയുമായി വാസ്റ്റിന്റെ  മഹിളാ വിഭാഗവും സ്വീകരണച്ചടങ്ങുകൾക്ക് മാറ്റുകൂട്ടി.

സെക്രട്ടറി പത്മജാ പ്രേം ,ചെയർമ്മാൻ വാസുദേവ് പുളിക്കൽ, വൈസ് പ്രസിടന്റ്‌റ് ജനാർധനനൻ ഗോവിന്ദൻ,ഗണേശ് നായർ,   ജോഷി നാരായണൻ, രാധാകൃഷ്ണൻ. പി.കെ , രാജാൻ നായർ ,നാരായണൻ നായർ, രമണി പിള്ള , ഗോപിക്കുട്ടൻ നായർ, സന്തോഷ് നായർ, രവിന്ദ്രൻ നായർ, സുരേന്ദ്രൻ നായർ, സുവർണ്ണ, രുക്മിണി നായർ, തങ്കമണി പിള്ള, ഓമനാ വാസുദേവ്, ബീനാ പ്രസന്നൻ, പങ്കജം മേനോൻ തുടങ്ങിയവർ  വാസ്റ്റിന്റെ സാരഥികളായി ഗുരു സ്വാമിക്കൊപ്പം എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം വഹിച്ചു.

ദീപാരാധനയ്‌ക്കൊപ്പം കർപ്പൂരാഴിയും കനകക്കണിയും സമർപ്പിച്ചപ്പോൾ സന്നിധാനം ആധ്യാത്മിക നിർവൃതിയിൽ അലിഞ്ഞു .പ്രിയാ ശ്രീകാന്ത് നയിച്ച വാസ്തു ഭജനയിൽ ഓമന, പത്മജ, സ്മൃതി സിഥാർഥ്, ജനാർദ്ധനൻ, സെന്തിൽ തുടങ്ങിയവർ പങ്കെടുത്തു. രുക്മിണി നായരുടെ നേതൃത്വത്തിൽ നടന്ന അന്നദാനം ഗംഭീരമായി .

ഭഗവാൻ അയ്യപ്പ സ്വാമിയുടെ ചൈതന്യം കളിയാടിയ ദീപാരാധന ഭക്തർക്ക്  ആനന്ദം  ഉളവാക്കി. മേൽശാന്തി ബ്രഹ്മശ്രീ മനോജ് നമ്പുതിരിയുടെ  താന്ത്രിക ശൈലിയിലുള്ള പൂജാ ക്രമങ്ങൾ ഭക്തർക്ക് ഹരമായി.അഭിശേകത്തിൽ അയ്യപ്പന് പ്രിയമായ നെയ്യഭിഷേകമായപ്പോൾ അന്തരീക്ഷം ശരണ ഘോഷ പ്രഭയിൽ മുഖരിതമായി . ഗുരു സ്വാമി പാർത്ഥസാരഥിപിള്ളയും സംഘവും ഹരിവരാസനം പാടവേ  മേൽശാന്തി മനോജ് നമ്പൂതിരി ദീപങ്ങൾ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അടച്ചു.