ഡാളസ്: വൃശ്ചിക മാസം ഒന്നു മുതൽ ആരംഭിച്ച മണ്ഡലകാല പൂജകൾക്ക് വിരാമം കുറിച്ച് മഹാമണ്ഡല പൂജ ഗൂരുവായൂരപ്പൻ ക്ഷേത്രത്തിലെ ധർമശാസ്താവിന്റെ സന്നിധിയിൽ ഡിസംബർ 26ന് (ശനി) നടക്കും.

ക്ഷേത്രത്തിലെ സ്പിരിച്വൽ ഹാളിൽ രാവിലെ ആരംഭിക്കുന്ന ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. വ്രതശുദ്ധിയോടെ മുദ്രമാല അണിഞ്ഞ അയ്യപ്പന്മാർ നിറയ്ക്കുന്ന നെയ്‌ത്തേങ്ങയും പൂജാ ദ്രവ്യങ്ങളും ഇരുമുടികളിലാക്കി ഗുരു സ്വാമിമാരായ സോമൻ നായരും ഉണ്ണി നായരും കെട്ടുകൾ മുറുക്കുന്നതായിരിക്കും. തുടർന്ന് കാനനപാതയിലൂടെയുള്ള ശരണയാത്രയെ അനുസ്മരിപ്പിക്കുന്ന ഘോഷയാത്രയായി അയ്യപ്പന്മാൻ ക്ഷേത്രം വലം വച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കും. ക്ഷേത്ര മേൽശാന്തിമാരായ വിനയൻ നീലമന, മാധവൻ നമ്പൂതിരി എന്നിവർ നിർവഹിക്കുന്ന അഭിഷേക പൂജാദികൾക്കുശേഷം സർവാലങ്കാര വിഭൂഷിതനായി മണികണ്ഠ സ്വാമി എല്ലാ ഭക്തജനങ്ങളേയും അനുഗ്രഹിക്കും.

ക്ഷേത്രത്തിലെ അയ്യപ്പഭജനസംഘം നിരവധി അയ്യപ്പഭക്തരുടെ ഭവനങ്ങളിൽ അയ്യപ്പഭജനകൾ നടത്തിയിരുന്നു. മഹാമണ്ഡല പൂജകളിൽ പങ്കെടുത്ത് കലിയുഗ വരദിന്റെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങാൻ എല്ലാ ഭക്തരും എത്തണമെന്ന് ക്ഷേത്രം ഭാരവാഹികളായ ഗോപാല പിള്ള, ഹരിപിള്ള എന്നിവർ അറിയിച്ചു.