ബംഗളൂരു: മാണ്ഡ്യ രൂപതയുടെ വികാരി ജനറാൾമാരായി മോൺ. ജോർജ് ആലുക്കയെയും റവ.ഡോ.മാത്യു കോയിക്കര സിഎംഐയെയും ബിഷപ് മാർ ആന്റണി കരിയിൽ നിയമിച്ചു. മോൺ. ജോർജ് ആലുക്ക പ്രോട്ടോസിഞ്ചെല്ലൂസും റവ.ഡോ. മാത്യു കോയിക്കര സിഞ്ചെല്ലൂസുമാണ്. അങ്കമാലി കറുകുറ്റി സ്വദേശിയായ മോൺ. ജോർജ് ആലുക്കയുടെ കുടുംബം കർണാടകയിലെ എൻ.ആർ. പുരയിലേക്കു കുടിയേറിയതാണ്. റോമിലെ ആഞ്ചലിക്ക യൂണിവേഴ്‌സിറ്റിയിൽനിന്ന് ആധ്യാത്മിക ദൈവശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള മോൺ. ജോർജ് ആലുക്ക 2012 മുതൽ രൂപതയുടെ ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രൽ വികാരിയായും 2014 മുതൽ രൂപത അഡ്‌മിനിസ്‌ട്രേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

വരാപ്പുഴ പുത്തൻപള്ളി സ്വദേശിയായ റവ.ഡോ. മാത്യു കോയിക്കര സിഎംഐ റോമിലെ അക്കഡിയ അൽഫോൻസിയാന യൂണിവേഴ്‌സിറ്റിയിൽനിന്നു മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 2006 മുതൽ ബംഗളൂരു സീറോ മലബാർ മിഷൻ കോ-ഓർഡിനേറ്ററായും സീറോ മലബാർ എപ്പിസ്‌കോപ്പൽ വികാരിയായും സേവനമനുഷ്ഠിച്ചു.