കോഴിക്കോട്: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ കായികാദ്ധ്യാപകനെ സസ്പെന്റ് ചെയ്തു. കോടഞ്ചേരി സ്വദേശി വിടി മനീഷിനെയാണ് താമരശ്ശേരി രൂപതക്ക് കീഴിലുള്ള സ്‌കൂൾ മാനേജ്മെന്റ് സസ്പെന്റ് ചെയ്തത്.

തുടക്കം മുതൽ അദ്ധ്യാപകനെ സംരക്ഷിക്കാൻ കൂട്ടുനിന്ന സ്‌കൂൾ മാനേജ്മെന്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടതോടെയാണ് അദ്ധ്യാപകനെ സസ്പെന്റ് ചെയ്യാൻ തയ്യാറായത്. മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറകടർ കെ ജീവൻ ബാബുവും വിഷയത്തിൽ ഇടപെട്ട് സ്‌കൂൾ മാനേജ്മെന്റുമായി സംഭാഷണം നടത്തിയിരുന്നു.

പിന്നാലെയാണ് പോക്സോ കേസിലെ പ്രതിയായ വിടി മനീഷിനെ സസ്പെന്റ് ചെയ്യാൻ സ്‌കൂൾ അധികൃതർ തയ്യാറായത്. എന്നാൽ നടപടി സസ്പെൻഷനിലൊതുക്കിയതിനെതിരെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഭാഗത്ത് നിന്നും എതിർപ്പുകൾ നിലനിൽക്കുന്നുണ്ട്. ജോലി ചെയ്ത സ്‌കൂളുകളിലെല്ലാം വിദ്യാർത്ഥികളെ പീഡിപ്പിച്ച മനീഷിനെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നാണ് രക്ഷിതാക്കൾ അടക്കമുള്ള നാട്ടുകാർ ആവശ്യപ്പെടുന്നത്. മനീഷിൽ നിന്നും നിയമനത്തിനായി ലക്ഷങ്ങൾ കോഴി വാങ്ങിയിട്ടുണ്ടാകാമെന്നും അതിനാലാണ് പിരിച്ചുവിടാൻ കഴിയാത്തത് എന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.

ഇന്നലെയാണ് കട്ടിപ്പാറ ഹോളിഫാമിലി സ്‌കൂളിലെ കായികാദ്ധ്യാപകനും കാടഞ്ചേരി നെല്ലിപ്പൊയിൽ മീന്മുട്ടി സ്വദേശിയുമായ വിടി മനീഷിനെ വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പ് 2019ൽ മനീഷ് പീഡിപ്പിച്ചു എന്നാണ് പരാതി. വയനാട് സ്വദേശിയും കായികതാരവുമായ വിദ്യാർത്ഥിയാണ് പരാതി നൽകിയത്. 2019 ഡിസംബർ 26ന് വിദ്യാർത്ഥിനി താമസിക്കുന്ന കട്ടിപ്പാറ സ്‌കൂളിന് അടുത്തുള്ള വാടകമുറിയിൽ നിന്നും നെല്ലിപ്പൊയിൽ ഉള്ള മനീഷിന്റെ ബന്ധുവീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.

പ്രതി പലതവണ വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയും, ലൈഗിംക അതിക്രമത്തിന് വിധേയമാക്കുകയും, മാനഹാനി വരുത്തുകയും ചെയ്തതായും, സ്‌കൂളിലെ കായിക മുറിയിൽ നിന്നു പോലും കടന്ന് പിടിച്ചതായും പരാതിയിൽ പറയുന്നു. മനീഷ് നേരത്തെ ജോലി ചെയ്തിരുന്ന നെല്ലിപ്പൊയിൽ സെന്റ് ജോൺസ് സ്‌കൂളിൽ വെച്ചും ഇയാൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ടായിരുന്നു. നെല്ലിപ്പൊയിൽ സ്‌കൂളിൽ വെച്ച് വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും കൂടുതൽ നടപടികളുണ്ടായിരുന്നില്ല.

കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാളെ നെല്ലിപ്പൊയിൽ സ്‌കൂളിൽ നിന്ന് പുറത്താക്കുകയും മനീഷ് ഒളിവിൽ പോവുകയുമായിരുന്നു. തിരിച്ചെത്തിയ ഇയാൾക്കെതിരെ പിന്നീട് കൂടുതൽ നടപടികളുമുണ്ടായില്ല. മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയ ഇയാൾക്ക് പിന്നീട് താമരശ്ശേരി രൂപതക്ക് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിൽ നിയമനം നൽകുകയായിരുന്നു.