ന്യൂഡൽഹി: രാഷ്ട്രീയമായി രണ്ടു ചേരികളിലായിരിക്കാം. എങ്കിലും ബന്ധുത്വം മറക്കാൻ പറ്റുമോ? ഒരു വീട്ടിലേക്ക് മരുമക്കളായി കയറിവന്നവർക്ക് ആ ബന്ധം മറക്കാൻ പറ്റുന്നതെങ്ങനെ? അഴിമതിയെ നേരിടുന്നതിന് സോണിയ ഗാന്ധിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടുമ്പോൾ കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ മനസ്സിലൂടെ വീട്ടിലെ പഴയ സ്‌നേഹോഷ്മള നിമിഷങ്ങൾ കടന്നുപോയിട്ടുണ്ടാകണം.

പിലിഭിട്ടിൽ ശനിയാഴ്ച നടന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മനേക തന്റെ നാത്തൂനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. വകുപ്പിലെ അഴിമതി നിയന്ത്രിക്കാൻ തനിക്ക് അധികാരമില്ല എന്നൊരു ഉദ്യോഗസ്ഥൻ പരാതിപ്പെട്ടപ്പോൾ, സോണിയ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതിനെ എങ്ങനെ തടഞ്ഞുവെന്ന കഥ മനേക ഉദാഹരിച്ചു.

സോണിയയുടെ ബന്ധു ഒരിക്കൽ ഒരു സ്ഥാപനം തുടങ്ങി. താൻ കോൺഗ്രസ് അധ്യക്ഷയുടെ ബന്ധുവാണെന്നും തന്റെ സ്ഥാപനത്തിൽ എല്ലാവരും വരണമെന്നും അയാൾ പ്രചരിപ്പിക്കാൻ തുടങ്ങി. തന്റെ പേര് ദുരുപയോഗം ചെയ്യുന്നത് മനസ്സിലാക്കിയ സോണിയ പത്രത്തിൽ പരസ്യം കൊടുത്തു. തന്നെയോർത്ത് ആരും ഈ കടയിൽ പോകരുത് എന്നായിരുന്നു പരസ്യം.

സ്‌കൂളുകൾക്ക് അംഗീകാരം നൽകുന്നതിന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് ബേസിക് ശിക്ഷാ അധികാരി അംബരീഷ് കുമാർ തനിക്ക് അതിനുള്ള അധികാരമില്ലെന്ന് മനേകയോട് മറുപടി പറഞ്ഞത്. അഡീഷണൽ ഡയറക്ടറോ ജോയന്റ് ഡയറക്ടറോ ആയിട്ടുള്ളവർക്ക് മാത്രമേ നടപടി എടുക്കാനാവൂ എന്നും അംബരീഷ് പറഞ്ഞു.

അപ്പോഴാണ് മനേക സോണിയയുടെ കഥപറഞ്ഞത്.സ്‌കൂളുകൾക്ക് അംഗീകാരം വേണമെന്നുള്ളവർ തനിക്കരികിലേക്ക് നേരിട്ടുവരാൻ ആവശ്യപ്പെട്ടുകൊണ്ട് പരസ്യം കൊടുക്കാൻ മനേക അംബരീഷിനോട് ആവശ്യപ്പെട്ടു. ഓഫീസിൽ ഇതുസംബന്ധിച്ച് ഒരു നോട്ടീസും പതിക്കുക. കൈക്കൂലി വാങ്ങിവർക്ക് എതിരെ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിടാമെന്ന് മന്ത്രി ഉപദേശിച്ചു.