തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവർത്തക തന്നെയെന്നും ഇനി ഇതാവർത്തിക്കില്ലെന്നും വ്യക്തമാക്കി പ്രേക്ഷകരോടും കേരള സമൂഹത്തോടും മാപ്പുപറഞ്ഞ് മംഗളം സിഇഒ അജിത്കുമാർ. ചാനലിലൂടെയാണ് ഖേദപ്രകടനവും വെളിപ്പെടുത്തലും നടത്തിയിരിക്കുന്നത്. എട്ടംഗ ടീമാണ് മന്ത്രിയെ കുടുക്കുന്ന ദൗത്യത്തിന് ഇറങ്ങിയതെന്നും മാധ്യമപ്രവർത്തക സ്വന്തം ഇഷ്ടപ്രകാരമാണ് കെണിയൊരുക്കിയെന്നതും ചാനലിലൂടെ പരസ്യ കുറ്റസമ്മതം നടത്തി അജിത് വ്യക്തമാക്കുകയായിരുന്നു.

ശശീന്ദ്രനെ കുടുക്കിയത് ഹണി ട്രാപ്പിലൂടെയാണെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ കൃത്യമായ തെളിവു ലഭിച്ചതോടെ ചാനലിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാത്രി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് തൊട്ടുമുമ്പാണ് ചാനൽ മേധാവി അജിത്തിന്റെ മാപ്പപേക്ഷ വന്നത്.

എന്നാൽ ഇത്തരമൊരു ഗൂഢാലോചന നടത്തിയതിനും മന്ത്രിക്കെതിരെ അപവാദപ്രചരണം നടത്തിയതിനും ചാനലിനെതിരെ നടപടി ഉറപ്പായിരിക്കുകയാണെന്നാണ് വിവരം. അതിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. പക്ഷേ, മാപ്പപേക്ഷയിൽ പ്രശ്‌നം തീരില്ലെന്നും ഒരു മന്ത്രിയെ അപമാനിക്കുകയും സർക്കാരിനെ കുഴപ്പത്തിലാക്കുകയും ചെയ്തതിന് കടുത്ത നടപടിയുണ്ടാവുമെന്നുമാണ് വിവരങ്ങൾ പുറത്തുവരുന്നത്.

എ.കെ ശശീന്ദ്രനെ മംഗളം ചാനൽ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന പരാതി ശക്തമായ സാഹചര്യത്തിൽ ഇതിൽ ആരോപണ വിധേയയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി പൊലീസ് ശക്തമായ നീക്കം നടത്തിവരികയാണ്. ഇവരെ കസ്റ്റഡിയിലെടുക്കാൻ മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ സൂചന ലഭിച്ചതോടെ ഹണി ട്രാപ്പിലെ ഗൂഢാലോചന പൊളിയുമെന്ന് മനസ്സിലാക്കി അജിത് രംഗത്തെത്തിയതാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

മന്ത്രിയെയും അതുപോലെ മറ്റ് ചില ഉന്നതരേയും കുടുക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും ഫോൺചോർത്തൽ ഉൾപ്പെടെ നടത്തിയെന്നും സൂചനകൾ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കുന്നത്. സർക്കാരിനെ മനപ്പൂർവം കരിവാരിത്തേക്കാനാണ് നീക്കമുണ്ടായതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം അന്വേഷണം നടക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. ഇതിനായാണ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, ആരോപണ വിധേയയായ ചാനൽ ജീവനക്കാരിയെ പൊലീസ് നിരീക്ഷിച്ച് വരികയാണ്. ഇതിനായി ചിലർ ഒത്താശചെയ്തതായും സൂചനകളുണ്ട്. ആദ്യഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. ഇതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുന്നതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇതോടെ സംഭവത്തിന് പിന്നിലെ യാഥാർഥചിത്രം പുറത്തുവരുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ പൊലീസ് ചാനലിനെതിരെ കടുത്ത നടപടിയെടുക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. നേരത്തേ ജുഡീഷ്യൽ അന്വേഷണമാണ് മന്ത്രിയുടെ രാജിക്കു പിന്നാലെ പ്രഖ്യാപിച്ചതെങ്കിൽ ക്രിമിനൽ ഗൂഢാലോചന നടന്നുവെന്ന് തെളിവു ലഭിച്ചതോടെയാണ ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. ശശീന്ദ്രൻ വിളിച്ചത് വീട്ടമ്മയെയാണെന്ന് പറഞ്ഞാണ് ചാനൽ വാർത്ത പുറത്തുവിട്ടത്. എന്നാൽ വീട്ടമ്മയെയല്ല മറിച്ച ചാനൽ പ്രവർത്തകതന്നെയാണ് ശശീന്ദ്രനെ കുടുക്കാൻ രംഗത്തിറങ്ങിയതെന്ന് ഇപ്പോൾ ചാനൽ മേധാവിതന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടേതടക്കം നാലു പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ടെലിഫോൺ വിവാദത്തിനു പിന്നിൽ ഹണി ട്രാപ്പ് തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ആരോപണ വിധേയരായവരെ സംരക്ഷിക്കാൻ സംസ്ഥാന പൊലീസ് സേനയിലെ രണ്ട് ഉന്നത ഐപി എസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നിരുന്നു. ഇതോടെ പൊലീസിൽ നിന്ന് ചാനലിനുവേണ്ട്ി സഹായം ചെയ്തുകൊടുത്തുവെന്ന ആരോപണവും ഉയരുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഹൈടെക്് സെൽ ഡിവൈഎസ്‌പി ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യും. ഐടി ആക്റ്റ് പ്രകാരമാണ് അന്വേഷണം. ഐജി ദിനേന്ദ്രകശ്യപിനാണ് അന്വേഷണ നേതൃത്വം. ഡിവൈഎസ്‌പി ഷാനവാസിനാകും മറ്റൊരു കേസിന്റെ ചുമതല. ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുകയെങ്കിലും ഇത് ക്രൈംബ്രാഞ്ച് അന്വേഷണമല്ലെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.