കൊച്ചി: പൾസർ സുനിയും സംഘവും ആക്രമിച്ച നടിയുടെ പേര് എല്ലാവർക്കും അറിയാം. എന്നാൽ ആരും നൽകുന്നില്ല. ഇരയുടെ പേര് രഹസ്യമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശമാണ് ഇതിന് കാരണം. ഈ വിവാദം തുടങ്ങുന്നത് നടിയുടെ തട്ടിക്കൊണ്ട് പോകൽ വാർത്ത പുറത്തുവന്നതോടെയാണ്. തട്ടിക്കൊണ്ട് പോകലെന്ന സൂചനയിൽ ആദ്യം എല്ലാ മാദ്ധ്യമങ്ങളും വാർത്തയിൽ നടിയുടെ പേരു നൽകി. എന്നാൽ പീഡനമാണ് നടന്നതെന്ന് പൊലീസ് വിശദീകരിച്ചതോടെ നിലപാട് മാറ്റി. അന്ന് മുതൽ ഒരു മാദ്ധ്യമവും നടിയുടെ പേരോ ചിത്രമോ ഉപയോഗിച്ചില്ല.

എന്നാൽ അതിന് വിരുദ്ധമായി മംഗളം സിനിമ പുറത്തിറങ്ങിയിരിക്കുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ചിത്രമാണ് കവർ പേജ്. പേര് ക്യത്യമായി പറയുന്നുമുണ്ട്. ഈ നടിക്ക് നീതികിട്ടില്ലെന്ന തലക്കെട്ടിൽ മംഗളം സിനിമയിൽ പല്ലിശേരിയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. സിനിമാ മേഖലയുമായി അടുത്ത് ബന്ധമുള്ള പല്ലിശ്ശേരി പല വിവാദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ള വ്യക്തിയാണ്. നടിയുടെ തട്ടിക്കൊണ്ട് പോകലിൽ എന്താണ് സംഭവിച്ചതെന്ന് പല്ലിശേരി വിശദീകരിക്കുന്നു. വിഷയത്തിൽ സൂപ്പർതാര ബന്ധം ഉറപ്പിക്കുന്ന തരത്തിലാണ് റിപ്പോർ്ട്ടിങ്. ഇതുവരെ ചർച്ച ചെയ്യപ്പെട്ട വസ്തു ഇടപാടുകളിലെ അതിസൂക്ഷ്മമായ വിഷയങ്ങളാണ് പല്ലിശേരി കുറിക്കുന്നത്.

പല്ലിശേരിയുടെ റിപ്പോർട്ടിലെ പ്രധാന ഭാഗം ഇങ്ങനെ-നല്ല സമയത്ത് നടൻ ബിനാമി എന്ന നിലയിൽ ഇരയുടെ പേരിൽ കുറേ സ്വത്തുക്കൾ എഴുതിവച്ചു. നടന്റെ രണ്ടാം വിവാഹ ശേഷം അതെല്ലാം നടന്റേയോ പുതിയ ഭാര്യയുടേയോ പേരിൽ എഴുതിവയ്‌പ്പിക്കണമെന്നും വിചാരിച്ചു. അതനുസരിച്ച് നടൻ ഇരയെ വിളിച്ചു. ഇര അന്ന് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം. മൊബൈൽ ഫോൺ വന്ന ശേഷം ഇര ദേഷ്യപ്പെട്ടും സങ്കടപ്പെട്ടും സംസാരിക്കുന്നത് ലൊക്കേഷനിൽ പലരും ശ്രദ്ധിച്ചു. ഇരയ്ക്ക് ഒരു പ്രണയവുമുണ്ടായിരുന്നു. അവർ തമ്മിലുള്ള വിവാഹവും തീരുമാനിച്ചതാണ്. അവർ തമ്മിലെ സൗന്ദര്യ പിണക്കമാണെന്നാണ് പലരും വിചാരിച്ചത്. അതുകൊണ്ട് എന്താണ് കാര്യമെന്ന് ആരും തന്നെ ചോദിച്ചില്ല. മൂഡ് ഓഫ് ആയി ഇര കുറേ സമയം അഭിനയിക്കാൻ കഴിയാതെ ഇരുന്നു.

ഇങ്ങനെ പലപ്പോഴും നടനും നടന്റെ ആളുകളും ഇരയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാം എഴുതി തരാൻ തയ്യാറാണെന്നും അത് നടന്റെ മുൻഭാര്യയുടെ പേരിലേ എഴുതി നൽകൂവെന്നും ഇര വെളിപ്പെടുത്തി. അന്നുമുതൽ വൈരാഗ്യ ബുദ്ധിയോടെ എല്ലാ രേഖകളും എങ്ങനെയെങ്കിലും പിടിച്ചു വാങ്ങണമെന്ന ചിന്തയിലായിരുന്നു. ഇരയെ കുടുക്കാനും രേഖകൾ സ്വന്തം പേരിലോ രണ്ടാം ഭാര്യയുടെ പേരിലോ മാറ്റാനും ശ്രമം തുടർന്നു. അതിന് ക്വട്ടേഷൻ നൽകിയത് പൾസർ സുനിക്കായിരുന്നു. ഇരയുടെ വിവാഹം മുടങ്ങുന്ന തരത്തിലും പ്രവർത്തിക്കണമെന്ന നിർദ്ദേശം ഉണ്ടായിരുന്നതായാണ് അറിയുന്നത്. അവസരം കിട്ടിയപ്പോൾ പൾസർ സുനി അത് ശരിക്കും മുതലാക്കി.

ഇത്തരം കേസുകൾ മുമ്പ് പലർക്ക് നേരേയും ഉപയോഗിച്ച് പണം സമ്പാദിച്ചിട്ടുണ്ടെങ്കിലും അന്ന് ഇരകളാരും മാനം നഷ്ടപ്പെടുമെന്ന് ഓർത്ത് പുറത്തു പറയുകയോ പരാതി നൽകുകയോ ചെയ്തില്ല. അതുപോലെ ഇപ്പോഴും പരാതി നൽകില്ലെന്നാണ് പൾസർ സുനി കരുതിയത്. ലാലിന്റെ വീട്ടിൽ വച്ച് പൊലീസിനെ വിളിച്ച് എല്ലാം പറഞ്ഞപ്പോൾ കളികൾ പാളിയെന്നും മംഗളം സിനിമയിൽ പല്ലിശ്ശേരി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ നടൻ ആരെന്ന് പല്ലിശേരി വ്യക്തമായി പറയുന്നു. എന്നാൽ റിപ്പോർട്ടിന്റെ തുടർച്ചയിൽ മറ്റ് ചില കാര്യങ്ങൾ കൂടി വിശദീകരിക്കുന്നു.

ദിലീപ്-മഞ്ജു വിഷയത്തിൽ മഞ്ജുവിനോടൊപ്പം നിന്നതിന്റെ പേരിൽ ഇരയ്ക്കും സംയുക്താ വർമ്മയുടെ ഭർത്താവ് ബിജു മേനോനും പൂർണ്ണിമാ ഇന്ദ്രജിത്തിന്റെ ഭർത്താവ് ഇന്ദ്രജിത്തിനും അവസരം നഷ്ടപ്പെട്ടതിന് പിന്നിൽ ദിലീപായിരുന്നുവെന്നതാണ് അത്. എന്നാൽ ബിജു മേനോന്റെ കഴിവിന്റെ പേരിൽ ദിലീപിന്റെ കുതന്ത്രം ഫലിച്ചില്ല. നഷ്ടം ഇരയ്ക്കും ഇന്ദ്രജിത്തനും മാത്രമായിരുന്നുവെന്നും കൂട്ടിച്ചേർക്കുന്നു. അങ്ങനെ എല്ലാം പറയാതെ പറയുകയാണ് പല്ലിശ്ശേരി. ഇതിനൊപ്പം റീമാ കല്ലിങ്കലിനെ പൾസർ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതും വിശദീകരിക്കുന്നു. മേനകാ സുരേഷ് കുമാറിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതും പല്ലിശ്ശേരി കുറിക്കുന്നു.

നടിയെ തട്ടിക്കൊണ്ട് പോയ രീതിയും സാഹചര്യവുമെല്ലാം വിശദീകരിച്ച് തന്നെയാണ് ഈ ലേഖനം പല്ലിശ്ശേരി തുടങ്ങുന്നത്. ഇരയുടെ പേരു പറഞ്ഞുള്ള ഹെഡ്ഡിംഗുമുണ്ട്. ലേഖനത്തിന്റെ അവസാന ഭാഗത്ത് അഞ്ചു നടന്മാരെയെങ്കിലും പൾസർ സുനി വെള്ളം കുടുപ്പിച്ചെന്നും കൂട്ടിച്ചേർക്കുന്നു. സിനിമാക്കാർക്ക് എന്തും ഏതും എത്തിച്ചു നൽകുന്ന സുനി പല നടന്മാരേയും കുടുക്കാൻ പലതും ചിത്രീകരിച്ചുവെന്നാണ് വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിൽ കള്ളന്മാർ കപ്പലിൽ തന്നെ എന്ന് വിശദീകരിച്ചാണ് പല്ലിശ്ശേരി റിപ്പോർട്ടിങ് അവസാനിപ്പിക്കുന്നത്.