തിരുവനന്തപുരം: വാർത്ത നൽകലിന്റെ ധാർമിക ചർച്ചയാകുമ്പോഴും മംഗളം ചാനൽ തുടങ്ങിയ വിവരം ഒറ്റ ദിവസം കൊണ്ട് തന്നെ മലയാളി അറിഞ്ഞു. കേരളത്തിലെ എല്ലാ കേബിൾ ശൃംഖലയിൽ പോലും മംഗളം ആദ്യ ദിനം ലഭ്യമായിരുന്നില്ല. ഗതാഗത മന്ത്രിയായയിരുന്ന എകെ ശശീന്ദ്രന്റെ രാജിയിലെ അന്വേഷണം മലയാളിയെ എത്തിച്ചത് ഈ ചാനലിലേക്കാണ്. അങ്ങനെ അശ്ലീല സംഭാഷണ ബ്രേക്കിംഗിലൂടെ അപ്രതീക്ഷത ചലനമാണ് മലയാള ചാനൽ രംഗത്തുണ്ടാക്കുകയാണ് മംഗളം.

ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും അടക്കമുള്ള മുൻനിര ചാനലുകൾക്ക് പോലും അവരുടെ എക്‌സ്‌ക്ലൂസീവുകൾക്ക് അതിവേഗം റിസൾട്ടുണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജോസ് തെറ്റയിലിന്റെ വിവാദ വിഡിയോ പുറത്തു വിട്ടിട്ടും ഉടനൊന്നും രാജി വച്ചില്ല. ഈ സാഹചര്യത്തിൽ മംഗളത്തിന് ആദ്യ എക്‌സ്‌ക്ലൂസീവിനെ സൂപ്പർ ഹിറ്റാക്കാൻ വേണ്ടി വന്നത് മണിക്കൂറുകൾ മാത്രം. ഇതോടെ മറ്റ് ചാനലും പത്രങ്ങളും വാർത്ത ഏറ്റെടുത്തു. അങ്ങനെ ആദ്യ ദിനം മലയാള വാർത്താ ചാനലുകളിൽ മംഗളം ഹീറോയായി. ഇതോടെ അശ്ലീല വീഡിയോ പുറത്തുവിടുന്നതിലെ സദാചാര പ്രശ്‌നങ്ങൾ സജീവ ചർച്ചയാക്കി ഒരു കൂട്ടം മാധ്യമ പ്രവർത്തകർ. ഇവരിൽ ഏറെയും ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തകരായെന്നതും ശ്രദ്ധേയമായി. ആരും ചെയ്യാത്ത വാർത്തകൾ മംഗളത്തിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഇപ്പോഴുള്ളത്.

കേരളത്തിലെ മാധ്യമ രംഗത്ത് പുതിയ വഴി വെട്ടിയൊരുക്കിയത് ഇന്ത്യാവിഷനായിരുന്നു. നികേഷ് കുമാറിന്റെ നേതൃത്വത്തിലെ ചാനൽ ഏത് സത്യവും പുറത്തറിയിക്കുമെന്ന വിശ്വാസം നേടിയെടുത്തു. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങൾ പുറത്തുവിട്ടാണ് ഇത്തരത്തിലൊരു വിശ്വാസ്യത നേടിയെടുത്തത്. പിന്നീട് നികേഷ് റിപ്പോർട്ടറുമായി എത്തി. ഇതോടെ ഇന്ത്യാവിഷൻ തകർന്നു. സമ്പാത്തിക പ്രതിസന്ധി രൂക്ഷമായി. അപ്പോഴും എക്‌സക്ലൂസീവുകളിലൂടെ റിപ്പോർട്ടർ താരമായി. ബാലകൃഷ്ണപിള്ളയുടെ തടവുകാലത്തെ ആശുപത്രിയിൽ നിന്നുള്ള ഫോൺ വിളി അടക്കം റിപ്പോർട്ടർ കൊണ്ടു വന്ന പലതും മറ്റ് ചാനലുകൾക്കും വാർത്തയാക്കേണ്ടി വന്നു. നികേഷ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ റിപ്പോർട്ടറിന്റെ വിശ്വാസ്യത കുറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളും തുടങ്ങി. ഇതിനിടെയിൽ പല പ്രമുഖരും റിപ്പോർട്ടറിനെ വിട്ടു. ഇതോടെ സാധാരണ ചാനൽ ഗണത്തിലേക്ക് റിപ്പോർട്ടറും മാറി.

മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റിനൊപ്പം ന്യൂസ് അജണ്ടകൾ സൃഷ്ടിച്ചു. ഈ ചാനലുകളിൽ തുടക്ക കാലത്ത് എക്‌സ്‌ക്ലൂസീവിലൂടെ ശ്രദ്ധ പടിച്ചു പറ്റിയത് മാതൃഭൂമിയായിരുന്നു. തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ വി എസ് അച്യുതാനന്ദൻ നൽകിയ അഭിമുഖം കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കി. അതോടെയാണ് മാതൃഭൂമിയുടെ നല്ല കാലം തുടങ്ങിയത്. ആദ്യ ചാനലെന്ന ഖ്യാതിയുമായി ഏഷ്യാനെറ്റും പത്രത്തിന്റെ കരുത്തിൽ മനോരമയും റേറ്റിങ്ങിൽ ന്യൂസ് ചാനലുകളിലെ വമ്പന്മാരായി. സി.പി.എം അണികളുടെ ബലത്തിൽ കൈരളിയും രാഷ്ട്രീയ നിറം ചാലിച്ച് എക്‌സ്‌ക്ലൂസീവുകളുമായി നിറഞ്ഞു. ഇതിനിടെയാണ് മനോരമയ്ക്കും മാതൃഭൂമിക്കും ഏഷ്യാനെറ്റിനേയും വെല്ലുവിളിച്ച് ന്യൂസ് കേരള 18 എത്തിയത്. പ്രധാന ചാനലുകളിലെ പ്രമുഖരെ വൻതുക നൽകി അംബാനിയുടെ ന്യൂസ് കേരള എടുത്തു.

പുതിയ വാർത്താ സംസ്‌കാരവും ഉറപ്പു നൽകി. എന്നാൽ കെപി ജയ്ദീപും രാജീവ് ദേവരാജനും ലല്ലു ശശിധരൻപിള്ളയും ഗോപീകൃഷ്ണനും സനീഷും എല്ലാം ഒത്തു പിടിച്ചിട്ടും ന്യൂസ് കേരളയ്ക്ക് ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. മലയാള മാധ്യമ ലോകത്ത് വ്യക്തിത്വം നേടിയെടുക്കുന്ന വാർത്തകളൊന്നും അവർക്ക് നൽകാനായില്ല. മുഖങ്ങൾ മാറി മാറി പരീക്ഷിച്ച് മുന്നേറ്റമുണ്ടാക്കനുള്ള ശ്രമം തുടരുകയാണ്. റേറ്റിംഗിൽ പിന്നോക്കം പോകുന്നതിന്റെ സമ്മർദ്ദം മാനേജ്‌മെന്റ് ഉയർത്തുന്നുമുണ്ട്. ഇതിനിടെയാണ് മുൻനിരക്കാരാരുമില്ലാതെ മംഗളം എത്തിയത്. അവർ ആദ്യ ദിവസം തന്നെ വാർത്തയിൽ അൽഭുതം തീർത്തു. ഇതോടെ പ്രതിസന്ധി രൂക്ഷമാകുന്നത് ന്യൂസ് കേരള 18ലാണ്. ഇതിന്റെ ഭാഗമായാണ് മംഗളത്തെ ഒറ്റപ്പെടുത്താൻ ബോധപൂർവ്വം സദാചാര പ്രശ്‌നം ചർച്ചയാക്കുന്നത്. സരിതയിലും സോളാറിലും ഉമ്മൻ ചാണ്ടിയെ കടന്നാക്രമിച്ച് ചർച്ചകൾ നടത്തിയ മാധ്യമ പ്രവർത്തകരാണ് ഇതിന് പിന്നിലെന്നതും ശ്രദ്ധേയമാണ്.

അതുകൊണ്ട് കൂടിയാണ് ചാനലുകളുടെ അസൂയയാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്ന് മംഗളം പറയുന്നത്. ഏത് മന്ത്രി, ഏത് സാഹചര്യത്തിലും ഒരു വനിതയോടും ഇങ്ങനെ സംസാരിക്കാൻ പാടില്ല. സ്ത്രീയുടെ ഐഡന്റിറ്റി പോലും പുറത്തുവരാത്ത തരത്തിൽ മന്ത്രിയുടെ സംഭാഷണത്തിലെ പ്രശ്‌നങ്ങൾ ചർച്ചയാക്കാനാണ് ശ്രമിച്ചത്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വാദിക്കുന്നവരുടെ പൊള്ളത്തരം പൊളിച്ചു കാട്ടാനാണ് ശ്രമിച്ചത്. അതിൽ വിജയിക്കുകയും ചെയ്തു. അതുകൊണ്ടാണ് വാർത്ത വന്ന മണിക്കൂറുകൾക്കകം മന്ത്രി രാജിവച്ചത്. ഇത്തരത്തിൽ മന്ത്രിസംസാരിച്ചതാണ് പ്രശ്‌നം. വാർത്ത നൽകിയതിലല്ല-ഇങ്ങനെയാണ് ഈ വിവാദത്തോട് മംഗളത്തിലെ ഉന്നതൻ പ്രതികരിച്ചത്. ഇതിലും മോശമായ സംഭാഷണങ്ങൾ നമ്മുടെ ചാനലുകൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതിപ്പോൾ പുതിയ ചാനൽ ഒറ്റ ദിവസം കൊണ്ട് ഹിറ്റായതിന്റെ അസൂയയാണ് തീർക്കുന്നതെന്നും മംഗളം പ്രവർത്തകർ പറയുന്നു.

നിഷ്പക്ഷ മാധ്യമ എന്ന നിലയിൽ സമൂഹത്തിലെ കൊള്ളതുതായ്മകൾ എല്ലാം തുറന്നു കാട്ടാൻ ശ്രമിക്കുമെന്നും മംഗളം പറയുന്നു. അതിന് വേണ്ടത് ടീം വർക്കാണ്. ലക്ഷങ്ങൾ നൽകി ജീവനക്കാരെ എടുക്കുന്നതല്ല ഒരു ചാനലിന്റെ വിജയത്തിന്റെ രഹസ്യം. മുമ്പ് ഒന്നും ഇല്ലായ്മയിൽ നിന്ന് നികേഷ് അൽഭുതങ്ങൾ കാട്ടിയിട്ടുണ്ട്. വാർത്ത നൽകലിൽ താൽപര്യങ്ങൾ കടന്നുവരാതിരിക്കുകയാണ് ഇതിന് വേണ്ടത്. ഇതാണ് ശശീന്ദ്രനെതിരായ വാർത്തയിൽ പ്രതിഫലിച്ചത്. വരും ദിനങ്ങളിലും ഇത്തരം എക്‌സ്‌ക്ല്യൂസീവുകൾ ഉണ്ടാകുമെന്നും മംഗളം വിശദീകരിക്കുന്നു. കൂടുതൽ പേരുടെ മുഖംമൂടി അഴിഞ്ഞു വീഴുമെന്നാണ് അവരുടെ വിശദീകരണം.