റ്റവും കൂടുതൽ മലയാളികൾ ഓൺലൈനിലൂടെ വായിക്കുന്ന മൂന്നാമത്തെ പത്രമാണ് മംഗളം എന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്നിറങ്ങിയ മംഗളം പത്രം ആശക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ബുക്ക്‌ഷോപ്പായ ആമസോണിന്റെ സഹോദര സ്ഥാപനമായ അലക്‌സായുടെ റാങ്കിങ്ങ് അടിസ്ഥാനമാക്കിയാണ് മംഗളം ഈ വാർത്ത പ്രസിദ്ധീകരിച്ചത്. മനോരമയ്ക്കും മാതൃഭൂമിക്കും പിറകിൽ മൂന്നാമതാണ് മംഗളം എന്നാണ് വാർത്തയിലെ അവകാശ വാദം. എന്നാൽ മംഗളത്തിന്റെ അവകാശവാദം തെറ്റാണെന്നും മൂന്നാം സ്ഥാനത്ത് മറുനാടൻ മലയാളി ആണെന്നും മംഗളം അടിസ്ഥാനമാക്കിയ അലെക്‌സാ റാങ്കിങ്ങിൽ തന്നെ വ്യക്തമാക്കുന്നു.

മംഗളം അവകാശപ്പെടുന്നതും അലക്‌സ റാങ്കിങ്ങിൽ വ്യക്തമാക്കുന്നതും ഒരേ കണക്ക് തന്നെയാണ്. ഇതനുസരിച്ച് ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന വെബ്‌സൈറ്റുകളിൽ മംഗളത്തിന് 11963-ാം സ്ഥാനമാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള മനോരമയ്ക്ക് 2252-ാം റാങ്കും രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിക്ക് 3097-ാം റാങ്കുമാണ്. ഇതിന് ശേഷം മൂന്നാം സ്ഥാനത്താണ് മംഗളം എന്നാണ് അവകാശ വാദം. എന്നാൽ മറുനാടൻ മലയാളിയുടെ അലക്‌സാ റാങ്ക് 9652 ആണ് എന്ന കാര്യം മംഗളം റിപ്പോർട്ട് വിസ്മരിച്ചു. അതുകൊണ്ട് തന്നെ മംഗളത്തിന്റെ അവകാശവാദം തെറ്റാണെന്നും മംഗളത്തിന് നാലാം സ്ഥാനം മാത്രമേ ഉള്ളൂവെന്നും മറുനാടൻ മലയാളി മാനേജ്‌മെന്റ് പറയുന്നു.

മനോരമയ്ക്കും മാതൃഭൂമിക്കും മറുനാടൻ മലയാളിക്കും മംഗളത്തിനും പിന്നിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത് ദീപികയാണ്. ദീപികയുടെ ആഗോള റാങ്കിങ്ങ് 12511 ആണ്. തൊട്ട് പിന്നിലുള്ള മാദ്ധ്യമത്തിന് 12899-ാം റാങ്കും കേരളാ കൗമുദിക്ക് 24815-ാം റാങ്കുമാണ്. തൊട്ടടുത്ത സ്ഥാനം ദേശാഭിമാനിക്കാണ്. റാങ്ക് 57759. അതേസമയം ചാനലുകളുടെ കണക്ക് കൂടി ഉൾപ്പെടുത്തിയാൽ മറുനാടൻ മലയാളി നാലാമതും മംഗളം അഞ്ചാമതുമായി മാറും. 8333-ാം റാങ്കുമായി മറുനാടന്റെ തൊട്ട് മുമ്പിൽ മൂന്നാമതെത്തുന്നത് ഇന്ത്യാവിഷനാണ്. മാദ്ധ്യമത്തിന് ശേഷം വരുന്ന മറ്റ് ചാനലുകളുടെ റാങ്കിങ്ങ് ചുവടെ കൊടുക്കുന്നു. മനോരമ - 16586, റിപ്പോർട്ടർ - 18581, ഏഷ്യാനെറ്റ് ന്യൂസ് - 19888. മംഗളത്തിന്റെ ഇന്ത്യയിലെ റാങ്കിങ്ങ് 927 ആണ്. ഒരു വായനക്കാരൻ ശരാശരി മറുനാടൻ മലയാളിയിൽ ചെലവഴിക്കുന്ന സമയം 11 മിനിട്ടായിരിക്കുമ്പോൾ മംഗളത്തിൽ ചെലവഴിക്കുന്നത് 7.21 മിനിട്ട് മാത്രമാണ് എന്നും അലെക്‌സ കണക്ക് വ്യക്തമാക്കുന്നു.

മറുനാടൻ സന്ദർശിക്കുന്നവർ ശരാശരി 6.15 പേജുകൾ വായിക്കുമ്പോൾ മംഗളം സന്ദർശിക്കുന്നവർ വായിക്കുന്നത് 5.15 പേജുകൾ മാത്രമാണ് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. മംഗളത്തിനേയും മറുനാടൻ മലയാളിയുടേയും റാങ്കുകൾ വ്യക്തമാക്കുന്ന അലെക്‌സയുടെ സ്‌ക്രീൻ ഷോട്ടാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇത്കൂടാതെ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വായനക്കാർക്ക് ഇത് താരതമ്യം ചെയ്യാം.

മറുനാടൻ മലയാളിയും മംഗളവും തമ്മിലുള്ള വ്യത്യാസം അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.

ഒറ്റവർഷം കൊണ്ട് മറുനാടൻ മലയാളിയെ ഉന്നതിയിൽ എത്തിച്ച വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി അറിയിക്കുകയാണ്. പ്രവാസി മലയാളികളുടെ ഓൺലൈൻ പോർട്ടലായി ആരംഭിച്ച മറുനാടൻ ഇപ്പോൾ എല്ലാ വിഭാഗം ആളുകളുടെ പ്രിയപ്പെട്ട വാർത്താ സൈറ്റാണ്. മറ്റ് മാദ്ധ്യമങ്ങൾ ആരും പ്രസിദ്ധീകരിക്കാൻ മടിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിച്ചാണ് മറുനാടൻ ഇത്രയധികം വളർച്ച നേടിയത്. ഈ രീതിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ പ്രസിദ്ധീരിച്ചുകൊണ്ടിരിക്കുന്ന കരിക്കിനേത്ത് ടെക്‌സ്റ്റൈൽസിലെ കൊലപാതകം. ഈ കൊലപാതകത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുംവരെ കൊലചെയ്യപ്പെട്ട ആ യുവാവിന്റെ കുടുംബത്തോടൊപ്പം നിന്നു പോരാടാനാണ് മറുനാടൻ മലയാളിയുടെ തീരുമാനം. ഞങ്ങളെ വളർച്ചയുടെ പാതയിലേക്ക് നയിക്കുന്ന പ്രിയപ്പെട്ട വായനക്കാർക്ക് നന്ദി അറിയിക്കുന്നു.