- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളുടെ വായനാശീലം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വാരിക; ജനപ്രിയ നോവലിസ്റ്റുകൾ പിറവിയെടുത്ത ഇടം; 17 ലക്ഷം കോപ്പികളോടെ ഏഷ്യയിൽ തന്നെ ഏറ്റവും പ്രചാരം നേടിയ കാലം; മംഗളം വാരിക അച്ചടി നിർത്തുന്നു; ഓർമ്മയാകുന്നത് മലയാള ജനപ്രിയ സാഹിത്യത്തിലെ ഒരു അധ്യായം
കോട്ടയം: ടെലിവിഷൻ സീരിയലുകൾ സജീവമാകുന്നതിന് മുമ്പൊരു കാലത്ത് മലയാളം ജനപ്രിയ സാഹിത്യത്തിലെ മൊടിചൂടാ മന്നന്മാരായി വിലസിയത് മനോരമ, മംഗളം വാരികകൾ ആയിരുന്നു. ജനപ്രിയ നോവലുകളുമായി പുറത്തിറങ്ങിയിരുന്ന സാഹിത്യ പ്രസിദ്ധീകരണം. മലയാളികളിൽ വായനാശീലം വളർത്തിയതിൽ അടക്കം വലിയ പങ്കു വഹിച്ചിരുന്നു ഈ വാരികകൾ. എന്നാൽ, കാലം മാറിയപ്പോൾ ലക്ഷങ്ങൾ വരിക്കാരുണ്ടിയിരുന്നിടത്തു നിന്നും തുച്ഛമായ വായനക്കാരിലേക്ക് ഇരു വാരികകളും ചുരുങ്ങി.
മനോരമ ഇപ്പോഴും വൻ ഗ്രൂപ്പിന്റെ പിൻബലത്തിൽ പിടിച്ചു നിൽക്കുമ്പോൾ മംഗളം വൻ പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്. ഒരു കാലഘട്ടത്തിൽ മലയാളികളുടെ വായനാശീലം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച മംഗളം വാരികയാണ് അച്ചടി നിർത്തുന്നത്. മലയാള ജനപ്രിയ സാഹിത്യത്തിൽ നിർണായക സ്ഥാനമുള്ള വാരിക അച്ചടി നിർത്തുന്നുവെന്നാണ് റിപ്പോർട്ട്. 1969 ൽ മംഗളം വർഗീസ് (എം സി വർഗീസ്) എന്ന അതുല്യ പ്രതിഭാശാലി ആരംഭിച്ച വാരിക ഒരു കാലത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്നു.
1985 ൽ 17 ലക്ഷം കോപ്പികളോടെ ഏഷ്യയിൽ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോർഡും മംഗളം സ്വന്തമാക്കിയിരുന്നു. ഈ റെക്കോർഡ് ഭേദിക്കാൻ ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല. പുതിയ എഴുത്തുകാരെ അണി നിരത്തിക്കൊണ്ട് നൂറുക്കണക്കിന് ജനപ്രിയ നോവലുകളാണ് മംഗളത്തിലൂടെ വെളിച്ചം കണ്ടത്. സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകൾ ഇന്ത്യയിൽ അധികമില്ലെന്ന് തന്നെ പറയാം. സാധാണക്കാരായ ജനലക്ഷങ്ങളിൽ വായനാശീലം വളർത്തുന്നതിൽ മംഗളം വാരിക വഹിച്ച പങ്ക് ചരിത്രപരമാണ്.
സ്ത്രീധനമില്ലാത്ത സമൂഹവിവാഹം, വായനക്കാരുടെ ക്യാൻസർ വാർഡ്, ഭവനരഹിതർക്ക് വീടുകൾ എന്നിങ്ങനെ ഒട്ടനവധി സാമുഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മംഗളം വാരികയായിരുന്നു. എന്നാൽ കുറച്ചു നാളുകളായി തകർച്ചയുടെ പാതയിലായിരുന്നു മംഗളം വാരിക. മംഗളത്തിന്റെ മറ്റു പ്രസിദ്ധീകരണങ്ങളും ഏതാണ്ട് പൂട്ടലിന്റെ വക്കിൽ ആണ്. കോവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റ് വില കുതിച്ചുയർന്നതുമാണ് വാരികയ്ക്ക് തിരിച്ചടിയായത്. എന്നാൽ ഈ കാലത്തും വില 10 രൂപ മാത്രമായിരുന്നു.
വില ഉയർത്തിയിൽ ചെറിയ രീതിയിലെങ്കിലും പിടിച്ചു നിൽക്കാനാകുമായിരുന്നുവെന്ന പ്രതിക്ഷയിലായിരുന്നു മാനേജ്മെന്റ്. എന്നാൽ ഈ രംഗത്തുള്ള മറ്റു പ്രസിദ്ധീകരണങ്ങൾ വില വർധിപ്പിക്കാതിരുന്നതോടെ ആ തിരുമാനത്തിൽ നിന്നും മാനേജ്മെന്റ് പിന്മാറിയതായാണ് അറിയുന്നത്. അച്ചടിച്ചിറക്കുന്നതിനുള്ള ചെലവ് താങ്ങാൻ പറ്റാത്ത സാഹചര്യത്തിലാണ് മാനേജുമെന്റ് വാരികയുടെ പ്രസിദ്ധീകരണം നിർത്താൻ തീകുമാനിച്ചതെന്ന് എഡിറ്റർ ഇൻ ചാർജ്ജും എഴുത്തുകാരനുമായ സജിൽ ശ്രീധർ പറഞ്ഞു.
16 ജീവനക്കാർ വരെ വാരികയ്ക്ക് വേണ്ടി ജോലി ചെയ്ത സമയമുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ 4 ജീവനക്കാരെ ഉണ്ടായിരുന്നുള്ളു. കോവിഡ് കാലത്ത് എല്ലാപ്രസിദ്ധീകരണങ്ങളുടെയും പോലെ മംഗളം വാരികയുടെ പ്രചാരണം കാര്യമായി കുറഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധി മാറിയതോടെ പ്രചാരം നല്ല രീതിയിൽ വർദ്ധിച്ചിരുന്നു. എന്നാൽ ന്യൂസ് പ്രിന്റിന്റെയും പ്രിന്റിങ് സാമഗ്രികളുടെയും വില ക്രമാതീതമായി ഉയർന്നപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമായി. കഴിഞ്ഞ കുറച്ചുകാലമായി നഷ്ടത്തിലോടുകയായിരുന്നുവെന്നും സജിൽ ശ്രീധർ വിശദമാക്കി. മംഗളത്തിന്റെ വിടവാങ്ങലോടെ മലയാള ജനപ്രിയ സാഹിത്യ ചരിത്രത്തിലെ വലിയൊരുധ്യായമാണ് ഓർമയാകുന്നത്.
കുറച്ചു നാളായി തകർച്ചയുടെ പാതയിലാണ് മംഗളം പ്രസിദ്ധീകരണങ്ങൾ. മംഗളത്തിന്റെ മറ്റു പ്രസിദ്ധീകരണങ്ങളും ഏതാണ്ട് പൂട്ടലിന്റെ വക്കിൽ ആണ്.
മറുനാടന് മലയാളി ലേഖകന്.