'ആരാണേ...നരനായ് നാടാകെ, രാജാവേ...നാട്ടുരാജാവേ ..'മോഹൻലാൽ ആരാധകർക്ക് ആവേശമായി പുതിയ ലാലേട്ടൻ പാട്ട് സോഷ്യൽമീഡിയ കീഴടക്കുകയാണ്. മംഗലശ്ശേരി നീലകണ്ഠൻ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രോമോ ഗാനമാണ് ആരാധകർക്ക് ആവേശമായി റിലീസ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പുറത്തിറങ്ങുന്ന മൂന്നാമത്തെ ലാലേട്ടൻ പാട്ടാണ് ഇത്.

മുമ്പ് പുറത്തിറങ്ങിയ ക്വീൻ സിനിമയിലെ 'നെഞ്ചിനകത്ത് ലാലേട്ടൻ' എന്ന ഗാനവും മോഹൻലാൽ എന്ന ചിത്രത്തിലെ 'ഞാൻ ജനിച്ചന്ന് കേട്ടൊരു പേര്' എന്ന പാട്ടും ഹിറ്റായിരുന്നു.മോഹൻലാലിന്റെ മികച്ച ചിത്രങ്ങളുടെ പേരുകൾ അണിനിരത്തിയാണ് പാട്ടിന്റെ രചന. നരൻ, നാട്ടുരാജാവ്, ചെങ്കോൽ, നാടുവാഴി, പുലിമുരുകൻ, വില്ലൻ, തേന്മാവിൻക്കൊമ്പത്ത്, തൂവാനത്തുമ്പികൾ, പ്രണയം, ഗുരു, നാടോടിക്കാറ്റ്, സ്ഫടികം തുടങ്ങി താരത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങൾ നിരവധി പാട്ടിന് വരികളാകുന്നു. ദേവാസുരം, രാവണപ്രഭു എന്നീ ചിത്രങ്ങളിലെ മംഗലശ്ശേരി നീലകണ്ഠനെന്ന കഥാപാത്രത്തിന്റെ പേരിലുള്ള ഹ്രസ്വചിത്രത്തിന്റെ പ്രമേയം മോഹൻലാലുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് പ്രോമോ ഗാനം സൂചിപ്പിക്കുന്നത്.

ടിറ്റോ പി. തങ്കച്ചൻ എഴുതിയിരിക്കുന്ന വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജോയൽ ജോൺസ് ആണ്. തോമസ് ജെ.എബ്രഹാമും ജോയൽ ജോൺസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ മഗലശ്ശേരി നീലകണ്ഠന്റെ റിലീസിനു മുന്നോടിയായിട്ടാണ് പ്രമോ ഗാനം പുറത്തിറക്കിയത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രാകേഷ് ജനാർദ്ദനനാണ്.