- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കാനാണ് വരുന്നതെങ്കിൽ പഠിക്കണം; മറ്റുകയ്യിലിരിപ്പുകൾ വീട്ടിൽ തന്നെ വച്ചാൽ മതി; മംഗളൂരുവിലെ കോളേജുകളിൽ റാഗിങ് വീരന്മാരായി അഴിഞ്ഞാടുന്നത് മലയാളി വിദ്യാർത്ഥികൾ; ഇതുവരെ അറസ്റ്റിലായ 40 പേരിൽ കൂടുതലും മലയാളികൾ; റാഗിങ് കാരെ നിലയ്ക്ക് നിർത്താൻ ഉറച്ച് പൊലീസ്
മംഗളൂരു: മംഗളൂരുവിലെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ചുള്ള റാഗിങ് കേസുകൾ വർദ്ധിക്കുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യുന്ന റാഗിങ് കേസുകളുടെ എണ്ണം പെരുകിയതോടെ ശക്തമായ മുന്നറിയിപ്പുമായി മംഗളൂരു പൊലീസ് രംഗത്തെത്തി. റാഗിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു മാസത്തിനിടെ 40 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുക്കുകയും ഇവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
അറസ്റ്റിലായവരിൽ ഭൂരിഭാഗവും കാസർകോട് സ്വദേശികൾ അടക്കമുള്ള മലയാളികളാണെന്ന് പൊലീസ് വ്യക്തമാക്കി. നഗര പ്രാന്തപ്രദേശത്തുള്ള ഒരു ഫാർമസി കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട കേസിൽ ഒമ്പത് പേരും ഫെബ്രുവരിയിൽ നടേക്കലിലെ ഒരു കോളേജിൽ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട കേസിൽ 11 ഫിസിയോതെറാപ്പി വിദ്യാർത്ഥികളും മുക്കയിലെ എഞ്ചിനീയറിങ് കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട കേസിൽ ഏഴ് പേരും അറസ്റ്റിലായവരിലുൾപ്പെടും.
നഗരത്തിലെ ഒരു സ്വകാര്യ ഫസ്റ്റ് ഗ്രേഡ് കോളേജിൽ നടന്ന റാഗിംഗുമായി ബന്ധപ്പെട്ടും വിദ്യാർത്ഥികൾ അറസ്റ്റിലായി. ഇക്കഴിഞ്ഞ ഏപ്രിലിൽ കൊണാജെയിലെ മംഗളൂരു ഹോസ്റ്റലിൽ റാഗിങ് നടന്നെങ്കിലും മാനേജ്മെന്റ് കൃത്യസമയത്ത് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പിൽ എത്തിക്കുകയായിരുന്നു. ജൂലൈ 16ന് നഴ്സിങ് കോളേജിലെ ആറ് വിദ്യാർത്ഥികളാണ് റാഗിങ് കേസിൽ അറസ്റ്റിലായത്. റാഗിങ് തടയുന്നതിനുള്ള നടപടികളിൽ വീഴ്ച വരുത്തിയാൽ കോളേജ് മാനേജ്മെന്റുകൾക്കെതിരെ നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്ഡൗൺ കാലത്ത് റാഗിങ് കേസുകൾ കുറഞ്ഞെങ്കിലും ഇളവുകൾ ലഭിച്ച് കോളേജുകളുടെ പ്രവർത്തനം സജീവമായതോടെ റാഗിങ് സംബന്ധിച്ച് വീണ്ടും പൊലീസിൽ പരാതികളെത്തുകയാണ്.
ഫെബ്രുവരിയിൽ ഒരു കോളേജിലെ മുതിർന്ന വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗിന് വിധേയരാക്കിയ സംഭവത്തിൽ കോളേജ് ഡീൻ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ മുതിർന്ന വിദ്യാർത്ഥികൾ ഡീനെ ഭീഷണിപ്പെടുത്തി. ഈ കേസിൽ നാല് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. മംഗളൂരുവിൽ പഠിക്കാൻ വരുന്നുണ്ടെങ്കിൽ അതിൽ മാത്രമായിരിക്കണം മുൻഗണന നൽകേണ്ടതന്നും മറ്റു കയ്യിലിരുപ്പുകൾ വീട്ടിൽ തന്നെ വച്ചാൽ മതിയെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പൊലീസിന്റെ ഭാഗത്തു ഇനിയൊരു ദാക്ഷിണ്യം ആരും പ്രതീക്ഷിക്കേണ്ടന്നും ഇവർ കൂട്ടിച്ചേർത്തു.