മംഗളൂരു: കാസർഗോട്ടെ കവർച്ചാ സംഘങ്ങളും മയക്കു മരുന്നു കടത്തുകാരും ഗുണ്ടാ സംഘങ്ങളും മംഗളൂരു പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. കാസർഗോട് സ്വദേശികളായ മൂന്ന് അന്തർസംസ്ഥാന വാഹന മോഷ്ടാക്കളെ കഴിഞ്ഞ ദിവസം പിടികൂടിയപ്പോൾ മംഗളൂരുവിലെ മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ വൻ കവർച്ചയാണ് വെളിപ്പെട്ടത്.

കാസർഗോഡ് ഉപ്പള സ്വദേശികളാണ് കർണ്ണാടകത്തിലെ നിരവധി കവർച്ചകൾക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഷാഹിർ(23), മുഹമ്മദ് ആദിൽ(26), അബ്ദുൾ മുനവർ (21), എന്നിവരെയാണ് ഉള്ളാൾ പൊലീസ് പിടികൂടിയത്. മംഗളൂരുവിന് സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്. ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ നാല് കവർച്ചാ കേസുകൾ, മംഗലൂരു സൗത്തിൽ ആറ് കേസുകൾ, മംഗലൂരു നോർത്തിൽ അഞ്ച് കേസുകൾ, ഉർവ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ എന്നിങ്ങനെ തുടരുന്നു. ഉപ്പള, കുമ്പള പ്രദേശങ്ങളിലെ നിരവധി യുവാക്കൾ മംഗലൂരു പൊലീസിന്റെ ക്രൈം പട്ടികയിലുണ്ട്.

മംഗളൂരുവിലെ ആന്റി റൗഡി സ്‌ക്വാഡും സിറ്റി ക്രൈംബ്രാഞ്ചും വലയിലാക്കുന്നവരിൽ മഹാഭൂരിപക്ഷവും മലയാളികളായ കാസർഗോട്ട്കാരാണ്. മംഗലൂരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്യുന്ന ബൈക്കുകൾ കവർച്ച ചെയ്ത് കടത്തിക്കൊണ്ട് പോവുകയാണ് ഇത്തരം സംഘത്തിന്റെ പതിവു രീതി. രഹസ്യ കേന്ദ്രത്തിൽ കൊണ്ടു പോയി നമ്പർ പ്ലേറ്റ് മാറ്റിയാണ് വിൽപ്പന നടത്തുക. ഇത്തരത്തിലുള്ള 15 ബൈക്കുകൾ കഴിഞ്ഞ ദിവസം കവർച്ചാ സംഘത്തിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങൾ അപ്രത്യക്ഷമായതോടെ മംഗലൂരു സിറ്റി പൊലീസ് കമ്മീഷണർ പി.ആർ. സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ വലയിലാക്കിക്കൊണ്ടിരിക്കയാണ്. പ്രതികളിൽ 90 ശതമാനവും കാസർഗോട്ടുകാരാെണന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കവർച്ചക്കാരെ പിടികൂടാൻ പൊലീസ് സംവിധാനം ശക്തമാക്കുന്നുണ്ട്. നഗരപരിധിയിലും അതിർത്തികളിലും നൂറുക്കണക്കിന് സി.സി.ടി.വി. ക്യാമറകൾ സജ്ജമാക്കിയിരിക്കയാണ്. കേരള-കർണ്ണാട അതിർത്തിയിലെ തലപ്പാടി ടോൾ പ്ലാസയിലും സൂറത്ത്ക്കൽ ടോൾ പ്ലാസയിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. വാഹനങ്ങൾ തട്ടിയെടുത്ത് പോകുന്നവരുടെ മൊബൈൽ ഫോണുകൾ നിരീക്ഷിക്കാൻ സൈബർ സെൽ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. മംഗളൂരു നേരിടുന്ന മറ്റൊരു സുപ്രധാന പ്രശ്നം ലഹരി മാഫിയയുടേയും ഗുണ്ടാ സംഘങ്ങളുടേയും ഭീഷണിയാണ്. ഇതിലും പ്രധാന പ്രതികളെല്ലാം മലയാൽകളാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

കൊച്ചി-മംഗലൂരു-ഗോവ ഇടനാഴിയായാണ് ലഹരിമാഫിയ പ്രവർത്തിക്കുന്നത്. കേരളത്തിൽ നിന്നും മംഗലൂരു ഉഡുപ്പി മേഖലകളിലെ മെഡിക്കൽ കോളേജൂുകളിലും എഞ്ചിനീയറിങ് കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികളിൽ നല്ലൊരു പങ്ക് ഇതിന്റെ ഉപഭോക്താക്കളോ വാഹകരോ ആണെന്നതാണ് വസ്തുത. ഇതിലും കാസർഗോഡുകാർക്ക് തന്നെയാണ് മേധാവിത്വം. മംഗലൂരു കേന്ദ്രീകരിച്ച് ബൈക്കുകളിൽ സഞ്ചരിച്ചാണ് കാസർഗോഡുകാരുടെ ഇരയെ കണ്ടെത്തൽ. മംഗലൂരു പൊലീസ് സജീവമായതോടെ ഇവരുടെ പ്രവർത്തനം കാസർഗോഡും ശക്തമായിട്ടുണ്ട്. കലാലയങ്ങളാണ് ഇവരുടെ പ്രധാന താവളം.

മംഗലൂരുവിലെ ഷെട്ടിമാർക്ക് ഗുണ്ടാ പണിക്കും മലയാളികൾ തന്നെയാണ് പ്രവർത്തിക്കുന്നത്. കാസർഗോഡ് ഉപ്പള സ്വദേശികളാണ് ഇതിന് മുന്നിൽ. കാലിയാ റഫീഖ് എന്ന കുപ്രസിദ്ധ അധോലോക നായകൻ കൊല്ലപ്പെട്ടതോടെ അയാളുടെ കൂട്ടാളികൾ സജീവമായി വരികയാണ്. റഫീഖിന്റെ പ്രധാന അനുയായി ഷംസുദ്ദീനെ കഴിഞ്ഞ ദിവസം വിട്ല പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, കഞ്ചാവ് കടത്തൽ, വാഹന മോഷണം, തുടങ്ങി കേരളത്തിലും കർണ്ണാടകത്തിലും മുബൈയിലും നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്.

മംഗലുരുവിൽ മലയാളികളുടെ ഇത്തരം പ്രവർത്തനങ്ങളിൽ കന്നഡക്കാരിൽ കടത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിരവധി മലയാളികൾ ജോലി ചെയ്തും സ്ഥാപന ഉടമകളായും പ്രവർത്തിക്കുന്ന ഈ മേഖലയിൽ മലയാളി വിരോധം കത്തിപ്പടരാനുള്ള സാഹചര്യമാണ് കാസർഗോട്ടെ കുറ്റവാളികൾ ഉണ്ടാക്കുന്നത്.