തിരുവനന്തപുരം: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ എത്രത്തോളം വളർത്തുപോയി എന്നറിയാൻ മംഗൾയാൻ എന്ന ദൗത്യത്തെ മാത്രം പരിഗണിച്ചാൽ മതിയാകും. ചൊവ്വയെന്ന ഗ്രഹത്തെ കുറിച്ച് പഠിക്കാൻ നിർണ്ണായക ദൗത്യങ്ങളുമായി ഇന്ത്യ ശ്രമം തുടങ്ങിയപ്പോൾ സായിപ്പന്മാർക്കെല്ലാം പരിഹാസച്ചിരി ആയിരുന്നു. എന്നാൽ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയികരിച്ചതോടെ അവരുടെ ചിരി പാതി മാഞ്ഞു. പിന്നീട് രണ്ടാം ഘട്ടത്തിൽ മംഗൾയാൻ ചൊവ്വയിൽ എത്തിയതോടെ ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി മാറി ഇന്ത്യ. ഏഷ്യയിൽ ബഹിരാകാശ പര്യവേഷണ രംഗത്തെ നിർണ്ണായക കുതിപ്പായിരുന്നും മംഗൾയാനിന്റെ നേട്ടം. സായിപ്പന്മാരുടെ പരിഹാസമെല്ലാം തള്ളി അഭിമാനകരമായ ഈ നേട്ടം ഇപ്പോൾ മൂന്ന് കൊല്ലം പൂർത്തിയാകുകയാണ്.

ദൗത്യം വിജയിച്ച് മൂന്ന വർഷം കഴിഞ്ഞിട്ടും മംഗൾയാൻ ഇപ്പോഴും രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച് നില്ക്കുകയാണ്. 2013ൽ തൊടുത്തുവിട്ട മംഗൾയാൻ ഇപ്പോഴും ചിത്രങ്ങളും ഡാറ്റകളും അയയ്ക്കുന്നു. പ്രതീക്ഷിച്ചതിലുമേറെ വിജയമാണ് മംഗൾയാൻ നൽകിയതെന്ന് ഐ.എസ്.ആർ.ഒയും പറയുന്നത്. നാസയുടെ പേലും ബഹിരാകാശ ദൗത്യങ്ങൾ പ്രതീക്ഷിച്ച മികവു പുലർത്താത്ത വേളയിലാണ് മംഗൾയാൻ പുതുചരിത്രം കുറിക്കുന്നത്.

സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയ്ക്ക് ചുറ്റുമുള്ള ഭ്രമണത്തിൽ രണ്ടുവർഷം പൂർത്തിയാക്കി. കളർ കാമറ, മീഥെയ്ൻ സെൻസർ, തെർമൽ ഇൻഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്റർ, ആൽഫാ ഫോട്ടോമീറ്റർ, എക്‌സോഫെറിക് ന്യൂട്രൽ കോംപോസിഷൻ അനലൈസർ തുടങ്ങി അഞ്ച് ഉപകരണങ്ങളാണ് മംഗൾയാനിലുള്ളത്. ഇതിൽ നിന്നെല്ലാം ഇപ്പോഴും ഡാറ്റകൾ കിട്ടുന്നുണ്ട്. കഴിയുന്നത്ര ഡാറ്റകൾ അയയ്ക്കട്ടെയെന്നാണ് ഐ.എസ്.ആർ.ഒ കരുതുന്നത്. കഴിഞ്ഞവർഷം കിട്ടിയ വിശദാംശങ്ങളും ചിത്രങ്ങളും ക്രോഡീകരിച്ച് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോ ഫിസിക്‌സ് ഡയറക്ടർ ഡോ. സോമാങ്ക് റായ് ചൗധരിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം പഠിച്ചുവരികയാണ്. റിപ്പോർട്ട് വന്നശേഷം അത് ശാസ്ത്രനേട്ടങ്ങളായി പ്രസിദ്ധീകരിക്കും.

ചൊവ്വയുടെ മുക്കും മൂലയും അരിച്ചു പെറുക്കാൻ മംഗൾയാൻ കൊണ്ട് സാധിച്ചിട്ടുണ്ട്. ചൊവ്വയുടെ ചുരുളഴിക്കാൻ പഞ്ചേന്ദ്രീയങ്ങളുമായി എത്തിയ പേടകം മൂന്ന് വർഷമായി ഈ ദൗത്യം തുടരുകയാണ്. ചൊവ്വാഗ്രഹത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചംവീശുന്ന ഒട്ടേറെ വിവരങ്ങൾ മംഗൾയാൻ ഇതിനോടകം ശേഖരിച്ച് അയച്ചു. ചൊവ്വയുടെ ലോലമായ അന്തരീക്ഷത്തെ പ്പറ്റിയുള്ള നിർണായക വിവരങ്ങളും.

മംഗൾയാനിലെ അഞ്ച് ഉപകരണങ്ങളിലൊന്നായ മാർസ് കളർ ക്യാമറ എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്. അത്ഭുതങ്ങളുടെ കലവറയെന്നു വിശേഷിപ്പിക്കുന്ന വാൽസ് മാറിനറിസ് എന്നറിയപ്പെടുന്ന താഴ്‌വരയുടെ ചിത്രമാണ് ഇവയിൽ ഏറെ ശ്രദ്ധേയം. ചൊവ്വയുടെ മധ്യഭാഗത്തുനിന്ന് ആരംഭിക്കുന്ന ഈ ഭാഗത്തിന് 4000 കിലോമീറ്റർ നീളവും 200 കിലോമീറ്റർ വീതിയുമുണ്ട്. ഈ മലയിടുക്കിന് ചിലയിടങ്ങളിൽ ഏഴു കിലോമീറ്റർ ആഴവുമുണ്ട്. 24,000 കിലോമീറ്റർ അകലെനിന്ന് കൃത്യതയോടെ എടുത്ത ചിത്രം മാർസ് കളർ ക്യാമറയുടെ ശേഷികൂടി തെളിയിക്കുന്നതാണ്. ഇവിടെത്തന്നെയുള്ള ഇയോസ് കേവോസ്, നോക്ടിസ് ലബറിന്തസ് തുടങ്ങിയ പ്രത്യേക ഭാഗങ്ങളുടെ ചിത്രങ്ങളും ലഭിച്ചു. 4043 കിലോമീറ്ററിനു മുകളിൽനിന്നാണ് ഇവ പകർത്തിയത്. അഗ്‌നിപർവതങ്ങളിൽനിന്ന് ഉരുകിയൊലിച്ച ലാവ രൂപപ്പെട്ടതാണ് ഇവയെന്നാണ്് നിഗമനം. ചില ഭാഗങ്ങളിൽ ടണൽപോലെയുള്ള ഭാഗങ്ങളും കാണാം.

ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ബഹിരാകാശ ദൗത്യമായ മംഗൾയാൻ 2014 സെപ്റ്റംബർ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. 2013 നവംബർ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ലോകത്തെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായ പിഎസ്എൽവിഎക്‌സ് എൽസി25 റോക്കറ്റാണ് പേടകത്തെ ആദ്യഭ്രമണപഥത്തിൽ എത്തിച്ചത്. ഭൂമിയുടെ ഭ്രമണപഥത്തിൽ ഒരുമാസത്തോളം നിലനിർത്തിയ പേടകത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി ഏഴുതവണ ഉയർത്തുകയും തുടർന്ന് ചൊവ്വയെ ലക്ഷ്യമാക്കി തൊടുത്തുവിടുകയുമായിരുന്നു. 300 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ പേടകം ലക്ഷ്യംകണ്ടതോടെ ആദ്യ ദൗത്യത്തിൽ ചൊവ്വയുടെ ഭ്രമണപഥം തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. മംഗയാന് ആറുമാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആയുസ്സ് ഇപ്പോഴു് തുടരുകയാണെന്നത് ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.

ചൊവ്വാപ്രതലത്തിലെ ജലാംശം സ്ഥിരീകരിച്ചു, 1.5 കി.മീ ഉയരത്തിൽ പൊടിപടല പാളികൾ കണ്ടെത്തി, നാസയുടെ കണ്ടെത്തലുകൾക്ക് ശാസ്ത്രീയ സ്ഥിരീകരണം നൽകി തുടങ്ങിയ മംഗൾയാന്റെ വിജയമായി വിലയിരുത്തുന്നുണ്ട്. ഇതിതിനെ രണ്ടാം ഘട്ട ചൊവ്വാ ദൗത്യത്തിനും ഇന്ത്യ തയ്യാറെടുക്കുന്നുണ്ട്. മംഗൾയാനിന്റെ രണ്ടാംദൗത്യം 2018 മാർച്ചിൽ തുടങ്ങും. ആദ്യത്തെക്കാൾ ഏഴിരട്ടി ഭാരം കൂടുതലുള്ള പേടകമാണ് ഈ ഘട്ടത്തിൽ വിക്ഷേപിക്കുക. മംഗൾയാൻ ഒന്നിന്റെ ഭാരം 1350 കിലോയായിരുന്നു. ഒരു ഹോളിവുഡ് സിനിമയുടെ നിർമ്മാണ ചെലവിനേക്കാൾ കുറഞ്ഞ ചെലവിലാണ് ഇന്ത്യ മംഗൾയാൻ വിക്ഷേപിച്ചത്.