ബാംഗ്ലൂർ: ചൊവ്വാദൗത്യം വിജയിച്ച് ബഹിരാകാശ മത്സര രംഗത്തുള്ള വമ്പന്മാർക്കിടയിലേക്ക് ചുവടുവച്ച ഇന്ത്യയുടെ ഐഎസ്ആർഒ പുതിയ ഊർജ്ജത്തിന്റെ ആവശ്യത്തിൽ മറ്റ് ഘട്ടങ്ങളിലേക്കും ചുവടുവെക്കുന്നു. ചന്ദ്രനായും മംഗൾയാനും വിജയിച്ച ഇന്ത്യ ഇനി ലക്ഷ്യമിടുന്നത് സൂര്യനെ തന്നെയാണ്. സൂര്യനെ ലക്ഷ്യം വച്ചുള്ള പേടകം 2017ൽ അയക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ ദൗത്യം ഏറ്റെടുക്കുന്നതിന് രാജ്യത്തിന് ശക്തിപകർന്നത് ഐഎസ്ആർഒയുടെ ചരിത്ര വിജയം തന്നെയാണ്.

ചൊവ്വയിലെത്തിയ മംഗൾയാൻ അപ്പോൾ തന്നെ ഭംഗിയായി പ്രവർത്തനം തുടങ്ങിയിരുന്നു. ഭ്രമണപഥത്തിൽ എത്തിയ ഉടനെ ചൊവ്വയിൽ നിന്നുള്ള അഞ്ച് ചിത്രങ്ങൾ ഹാസനിലുള്ള ബ്യൂവിലിലേക്ക് ( ഇന്ത്യൻ ഡീപ് സ്‌പെയ്‌സ് നെറ്റ് വർക്ക് അഥവാ ഐ.ഡി.എസ്.എൻ) അയച്ചു. ഈ ചിത്രങ്ങൾ വിശകലനം പരിശോധിച്ചും വിശകലനം ചെയ്തുമാകും പേടകത്തിന്റെ ഭ്രമണപഥം നേരായ രീതിയിൽ ആക്കുക. ഈ ജോലി തീർത്തതിന് ശേഷം മംഗൾയാൻ തന്റെ ശാസ്ത്ര ദൗത്യം തുടങ്ങും. ചൊവ്വയുടെ അന്തരീക്ഷത്തെയും ചൊവ്വയിലെ ഉപരിതലത്തെയും കുറിച്ചാകും മംഗൾയാന്റെ പഠനം. പേടകത്തിന് ആറുമാസത്തെ ആയുസാണുള്ളത്. മൂന്ന് ദിവസവും രണ്ടുമണിക്കൂറുമെടുത്താണ് മംഗൾയാൻ ചൊവ്വയെ ചുറ്റുക.

മംഗൾയാൻ ദൗത്യത്തിൽ രണ്ട് ലക്ഷ്യങ്ങളാണ് ഐ.എസ്.ആർ.ഒയ്ക്ക് ഉണ്ടായിരുന്നത്. ബഹിരാകാശ ഗവേഷണത്തിൽ ഭാരതത്തിന്റെ ശക്തി തെളിയിക്കുകയായിരുന്നു അതിലൊന്ന്. അത് നിർ വഹിക്കപ്പെട്ടുകഴിഞ്ഞു. ചൊവ്വയിൽ ജീവകണത്തെ തേടുകയെന്ന രണ്ടാമത്തെ ലക്ഷ്യമാണിനി ചെയ്യാനുള്ളത്. ഇതെല്ലാം ലക്ഷ്യമിടുന്നത് ഒരേ കാര്യത്തിലാണ് ജീവസാന്നിധ്യം പരിശോധിക്കുക.
ചൊവ്വയിലെ മീഥെയ്ൻ ( കാർബൺ ടെട്രാ ഹൈഡ്രൈഡ് ,സി. എച്ച് 4) സാന്നിധ്യം കണ്ടെത്തി , അത് വിശകലനം ചെയ്ത് ജീവ സാന്നിധ്യം മനസിലാക്കുകയാണ് മംഗൾയാൻ ചെയ്യുക.

ഭൂമിയിൽ കാണപ്പെടുന്ന മീഥെയ്‌നിന്റെ 90ശതമാനവും ജീവകോശങ്ങളിൽ നിന്ന് ഉണ്ടാകുന്നതാണ്. മീഥെയ്ൻ 300 മുതൽ 600 വർഷം വരെ മാത്രമേ അതിന്റെ മൂല രൂപത്തിൽ നിലനിൽക്കുകയുള്ളു. അതായത് ചൊവ്വ രൂപം കൊണ്ടുവെന്ന് ശാസ്ത്രലോകം കരുതുന്ന 4.5 ബില്ല്യൺ വർഷങ്ങൾക്കുമുമ്പുണ്ടായിരുന്ന മീഥ്യെിനിന്റെ കണിക പോലും ഇന്നുണ്ടാകില്ല. ഏത് രൂപത്തിലായാലും മീഥെയ്ൻ കണ്ടെത്തിയാൽ അത് ജീവസാന്നിധ്യത്തിലേക്കായിരിക്കും നയിക്കുക എന്നാണ് പ്രത്യാശ. 2003 ലും 2006 ലും അമേരിക്ക നടത്തിയ പഠനത്തിൽ ചൊവ്വയുടെ ദക്ഷിണ ധ്രുവത്തിൽ മീഥെയ്‌നിനോട് സാമ്യമുള്ള തന്മാത്രകൾകണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ സമയം മൂന്ന് മണിയോടെയാണ് ഇന്നലെ കളർ ചിത്രങ്ങൽ ലഭിച്ചത്. നല്ല ക്‌ളാറിറ്റിയുള്ള ചിത്രങ്ങളായിരുന്നു ഇത്. ചന്ദ്രയാനും മംഗൾയാനും കഴിഞ്ഞ് ഇനി ഇന്ത്യ സൂര്യനെ പഠിക്കാൻ പോകുന്ന തീയ്യതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ആദിത്യ എന്നു നാമകരണം ചെയ്ത ഈ മിഷൻ 2017 ൽ നടത്താനാണ് പരിപാടിയിടുന്നത്. സൂര്യന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥമാണ് ലക്ഷ്യം.

ചാന്ദ്രയാൻ രണ്ട് പദ്ധതിയും ഇതോടൊപ്പം ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. മൂന്നു വർഷത്തിനകം നടപ്പാക്കാനാണ് ഐ.എസ്.ആർ.ഒയൂടെ ശ്രമം. 2008 ഒക്‌ടോബർ 22 നാണ് ഐഎസ്ആർഒ ചന്ദ്രയാൻ പേടകം വിക്ഷേപിച്ചത്. നവംബർ എട്ടിനു ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. 2009 ഓഗസ്റ്റ് വരെ ചന്ദ്രയാൻ പ്രവർത്തിച്ചു.

മംഗൾയാൻ വിജയം പൂർണമായി ഇന്ത്യയുടേതാണ്. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ബഹിരാകാശം കീഴടക്കാനായിരുന്നു ആദ്യഘട്ടത്തിൽ ഇന്ത്യയുടെ ശ്രമിച്ചത്. സോവിയറ്റ് യൂണിയന്റെ ക്രയോജനിക് എഞ്ചിനുകളെ ഉപയോഗിച്ചു ബഹിരാകാശ ഗവേഷണ രംഗത്ത് മുന്നേറാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്കു തിരിച്ചടി നൽകിയത് അമേരിക്കയാണ്.

1992 മേയിൽ ഐ.എസ്.ആർ.ഒയ്ക്കും സോവിയറ്റ് കമ്പനിയായ ഗ്ലാവ്‌കോസ്‌മോസിനും എതിരേ അമേരിക്ക ഉപരോധമേർപ്പെടുത്തി. അപ്പോഴേക്കും സോവിയറ്റ് യൂണിയൻ ശിഥിലമായിരുന്നു. അമേരിക്കയോട് എതിർത്തു നിൽക്കാൻ റഷ്യയ്ക്കു കഴിഞ്ഞുമില്ല. ഇതേത്തുടർന്ന് 1993 ൽ ഇന്ത്യയും സോവിയറ്റ് യൂണിയനുമായുണ്ടാക്കിയ കരാറിൽനിന്നു റഷ്യ പിൻവാങ്ങി. ഇന്ത്യക്ക് വൻതിരിച്ചടിയായിരുന്നു ഈ പിന്മാറ്റം. ഈ തിരിച്ചടിയിൽനിന്നു കരുത്താർജിച്ച ഇന്ത്യയെയാണു മംഗൾയാനിലൂടെ ലോകം കാണുന്നത്.
മംഗൾയാനു അഭിനന്ദനവുമായി എത്തിയവരിൽ അമേരിക്കയുടെ നാസയുമുണ്ട്.

ഇസ്‌റോയ്ക്ക് ഈ വർഷം ഇനിയും ഒരു മേജർ ദൗത്യംകൂടിയുണ്ട്. ഒക്ടോബർ അവസാനം വിക്ഷേപിക്കുന്ന ജിഎസ്എൽവി.മാർക്ക് 3 റോക്കറ്റിൽ ഇന്ത്യാക്കാരെ ബഹിരാകാശത്ത് അയക്കാനുള്ള ക്രൂ മോഡ്യൂളിന്റെ പരീക്ഷണം നടത്തും. 650 ടൺ ഭാരമുള്ള ഭീമൻ റോക്കറ്റാണിത്.