ഭൂമിയിലെതിന് സമാനമായ ഋതുക്കൾ ഉള്ള ഗ്രഹമാണ് ചൊവ്വ. അതുകൊണ്ടാണ് ഭൂമിയിലേതിന് സമാനമായ പ്രത്യേകതകൾ എല്ലാം ചൊവ്വയിലും ഉണ്ടെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. ചൊവ്വയിലെ ഈ രഹസ്യ കലവറകൾ തേടിയാണ് ഇന്ത്യയിൽ നിന്നും മംഗൾയാൻ പറന്നുയർന്നത്.

മംഗൾയാൻ പകർത്തിയ ചൊവ്വയിലെ ഭീമൻ ചാലുകളുടെ ചിത്രമാണ് ഇപ്പോൾ ശാസ്ത്ര ലോകത്തിന് കൗതുകമായിരിക്കുന്നത്. കഴിഞ്ഞ മാസം 12ന് പകർത്തിയ ചിത്രങ്ങളാണ് ചുവപ്പൻ ഗ്രഹത്തിലേക്കുള്ള ചുരുളഴിക്കുന്നത്.ചൊവ്വയുടെ വടക്കു കിഴക്കൻ മേഖലയിലെ കാസെ തടത്തിലുള്ള കൂറ്റൻ ചാലുകളുടെ വ്യക്തമായ ചിത്രങ്ങളാണ് മാർസ് കളർ ക്യാമറ പകർത്തിയത്.

2500 കിലോമീറ്ററിലധികം നീളത്തിലും 500 കിലോമീറ്ററിലധികം വ്യാസത്തിലുമായി വ്യാപിച്ചുകിടക്കുന്ന ചാലുകൾ ഏറെ കൗതുകങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്നവയാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. വറ്റിവരണ്ട നദീതടംപോലെയാണ് ഇവ കാണപ്പെടുന്നത്. വലിയ ഗർത്തങ്ങളും ഈ മേഖലയിലുണ്ട്. ഖരാവസ്ഥയിലായ ലാവാ പാളികളാണ് ചാലുകളായി രൂപപ്പെട്ടിരിക്കുന്നതെന്നാണ് നിഗമനം.

കോടാനുകോടി വർഷങ്ങൾക്കുമുമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്ന ജലപ്രവാഹമേഖലയാണ് ഇതെന്നും സംശയിക്കുന്നുണ്ട്. ചൊവ്വയിലെ അഗ്‌നിപർവതമേഖലയ്ക്കു സമീപമാണ് കാസെ താഴ്‌വര. ചൊവ്വയുടെ അന്തരീക്ഷത്തിലെ നേരിയ മേഘപാളികളും മംഗൾയാൻ പകർത്തിയിട്ടുണ്ട്. ലഭിച്ച ചിത്രങ്ങളും വിവരങ്ങളും ഐഎസ്ആർഒ പഠനവിധേയമാക്കുകയാണ്.

2013 നവംബർ അഞ്ചിന് ശ്രീഹരിക്കോട്ടയിൽനിന്നാണ് മംഗൾയാൻ വിക്ഷേപിച്ചത്. 2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകമെത്തി. ആറുമാസമായിരുന്നു കാലാവധി. എന്നാൽ, ദൗത്യം ഇപ്പോഴും തുടരുന്നു.