കൊച്ചി: ആപ്പിളിനെ വെല്ലുന്ന വിധത്തിലുള്ള സ്മാർട്ട് ഫോണുമായി മലയാളികളുടെ സ്വന്തം മൊബൈൽ കമ്പനി എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ മാംഗോ ഫോണിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് മറുനാടൻ മലയാളി വിശദമായി തന്നെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഫ്രാഞ്ചൈസികളുടെ പേരിൽ പണപ്പിരിവ് നടത്താൻ പദ്ധതിയിയിടുന്നവയാണ് വയനാട് സ്വദേശികളായ അഗസ്റ്റിൻ സഹോദരന്മാരുടെ ഈ മൊബൈൽ കമ്പനി എന്നതാണ് വ്യക്തമായ കാര്യം. ഇതിനായി സച്ചിൻ ടെണ്ടുൽക്കറിനെയും അമിതാബ് ബച്ചനെയും ബ്രാൻ അംബാസിഡർമാരാക്കിയെന്നും ഇവർ പറഞ്ഞു. പറഞ്ഞതിൽ നിന്നും ഒരു മാസം വൈകി മാംഗോ മൊബൈൽ ഫോൺ ഇന്ന് രംഗത്തിറക്കുമെന്നാണ് മാംഗോയുടെ അണിയറ ശിൽപ്പികളുടെ അവകാശ വാദം. ആപ്പിളിനെ വെല്ലുന്ന ഫോൺ ഇന്ന് ലോഞ്ച് ചെയ്യുന്നു എന്ന് വ്യക്തമാക്കി കൊണ്ട് മലയാളത്തിലെ പ്രമുഖ പത്രങ്ങളിൽ മുൻപേജ് പരസ്യമാണ് ഇവർ നൽകിയിരിക്കുന്നത്.

മാതൃഭൂമിയിലും മനോരമയിലും, ദേശാഭിമാനിയിലും ഒന്നാം പേജിൽ ഫുൾപേജ് പരസ്യമാണ് മാംഗോ മൊബൈലിനെ കുറിച്ച്. കൂടാതെ മാദ്ധ്യമം ദിനപത്രത്തിന്റെ മലപ്പുറം, വിദേശ എഡിഷനുകളിലും ഒന്നാം പേജ് പരസ്യവുമുണ്ട്. 'മലയാളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം' എന്ന കാപ്ഷനോടെയാണ് മൊബൈൽ ലോഞ്ച് ചെയ്യുന്നു എന്ന് വ്യക്തമാക്കി കൊണ്ടുള്ള മാംഗോ ഫോണിന്റെ പരസ്യം. ഇതോടൊപ്പം ത്രീഡി സ്മാർട്ട് ഫോണിന്റെ ഫീച്ചേഴ്‌സ് വ്യക്തമാക്കികൊണ്ടുള്ള വിവരവും ഒന്നാം പേജ് പരസ്യത്തിലുണ്ട്. മുമ്പ് മറുനാടൻ മലയാളി വിശദമായ റിപ്പോർട്ട് നൽകിയതു പേലെ കൊറിയൻ സാങ്കിതിക വിദ്യയും ത്രീഡി സാങ്കേതിക വിദ്യയുമൊക്കെയുമാണ് പത്രത്തിൽ പറയുന്നത്. എന്നാൽ, ഈ പറയുന്ന ഫീച്ചറുകളിൽ വ്യത്യാസം വരാമെന്ന് ഏറ്റവും ഒടുവിൽ സ്റ്റാറിട്ട് പറയുകയും ചെയ്യുന്നുമുണ്ട്.

ദീപിക, തേജസ്, കേരളാ കൗമുദി തുടങ്ങിയ പത്രങ്ങളിലും ഒന്നാം പേജിൽ തന്നെ മാംഗോ ഫോണിനെ കുറിച്ചുള്ള പരസ്യം നൽകിയിട്ടുണ്ട്. ഒന്നാം പേജിൽ പരസ്യം നൽകണമെങ്കിൽ ലക്ഷങ്ങൾ ചെലവാകുമെന്ന കാര്യം ഉറപ്പാണ്. 90 ലക്ഷത്തോളം രൂപ മാത്രം മലയാള മനോരമയ്ക്ക് വേണ്ടി പരസ്യം നൽകാൻ ചെലവായെന്നാണ് റിപ്പോർട്ട്. ഏതാണ്ട് ഇത്രത്തോളം തന്നെ തുക മാതൃഭൂമിക്കും പരസ്യത്തിനായി ചെലവായെന്നാണ് സൂചന.

കൊച്ചിയും തിരുവനന്തപുരവും അടക്കമുള്ള മിക്ക എഡിഷനുകളിലും ഇവരുടെ പരസ്യമുണ്ട്. ദീപികയിൽ മാംഗോ ഫോൺ പുറത്തിറങ്ങുമെന്ന് കാണിച്ചുള്ള വിശദമായ വാർത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ഇക്കാര്യത്തിൽ മാതൃഭൂമിയും മനോരമയും മൗനം പാലിച്ചു. ഒന്നാം പേജിൽ പരസ്യം വാങ്ങിയെങ്കിലും വാർത്തയെ കുറിച്ച് മൗനം പാലിക്കുകയായിരുന്നു. ചാനലുകളിലും പരസ്യം നൽകി വിപുലമായ വിധത്തിൽ കച്ചവടം കൊഴുപ്പിക്കാൻ ഇവർക്ക് ഉദ്ദേശ്യമുണ്ട്. ഇതിൽ റിപ്പോർട്ടർ ചാനലിൽ പരസ്യം നാളെ മുതൽ തുടങ്ങുമെന്നാണ് സൂചന. ജയ്ഹിന്ദ്, കൈരളി ചാനലുകളെയും പരസ്യം സംപ്രേഷണം ചെയ്യാൻ സമീപിച്ചിരുന്നു. എന്നാൽ, മുൻകൂർ പണം അടയ്ക്കണമെന്ന നിലപാട് കൈക്കൊണ്ടതോടെ ഈ നീക്കം പാളി. മറ്റ് ചാനലുകളിൽ വൈകാതെ പരസ്യം നൽകുമെന്നാണ് അറിയുന്നത്.

അതേസമയം പത്രങ്ങളിൽ പരസ്യം നൽകിയെങ്കിലും ബ്രാൻഡ് അംബാസിഡർമാർ ആകുമെന്ന് പറഞ്ഞ സച്ചിൻ ടെണ്ടുൽക്കറിനെ കുറിച്ചും ബച്ചനെ കുറിച്ചും മൗനം പാലിക്കുകയാണ് ചെയ്തിരിക്കുന്നത്. സച്ചിനും ബച്ചനും വരില്ല എന്ന് മാത്രമല്ല പേരിന് സെലിബ്രിറ്റികൾ ആരും തന്നെ ഉദ്ഘാടനത്തിന് എത്തില്ലെന്നാണ് അറിയുന്നത്. അതേസമയം ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത ഫോണിൽ മാംഗോ ഫോണിന്റെ ലോഗോ പതിപ്പിച്ച് ലോഞ്ചിങ്ങ് ശരിയാക്കി വച്ചിരിക്കുയായിരുന്നു എന്നാണ് സൂചന. ഇതാണ് മാംഗോയെന്ന പേരിൽ വിപുലമായി ഇവർ ഇറക്കാൻ പോകുന്നത്.

തിങ്കളാഴ്ച വൈകുന്നേരം ലെ മെറിഡിയൻ ഹോട്ടലിൽ ആണ് ലോഞ്ചിങ്ങ് നടക്കുന്നത്. ലെ മെറിഡിയൻ ഹോട്ടലിൽ തിങ്കളാഴ്ച വൈകിട്ട് ആറു മുതൽ രാത്രി 9 വരെയാണ് ചടങ്ങ്. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഇല്ലെങ്കിലും ചില ചൈനക്കാരെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന. ചൈനയിൽ നിന്നും കൊണ്ടു വന്നവരോ അതോ നാടുകാണാൻ കൊച്ചിയിൽ എത്തിയ ചൈനക്കാരാണോ എന്ന് വ്യക്തമല്ല. ചടങ്ങിലേയ്ക്ക് എല്ലാ പത്രങ്ങൾക്കും ചാനലുകൾക്കും ക്ഷണം ഉണ്ട്.

കൊറിയൻ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച 3 ഡി, 4 ജി സവിശേഷതകളോടു കൂടിയാണ് എം ഫോണുകൾ പുറത്തിറങ്ങുന്നതെന്നാണ് മാംഗോക്കാർ പറയുന്നത്. ഉപഭോക്താവിന് സ്വകാര്യത ഉറപ്പുനൽകുന്ന ഫിംഗർപ്രിന്റ് സാങ്കേതികവിദ്യയും ഈ ഫോണുകളിൽ ലഭ്യമാണെന്നാണ് മാഗോക്കാരുടെ അവകാശവാദം. മികച്ച സാങ്കേതികവിദ്യയും ഗുണനിലവാരവും ഒത്തുചേരുന്ന എം ഫോണുകൾ സാധാരണക്കാർക്കുകൂടി അനുയോജ്യമായ വിലയിലാണ് വിപണിയിൽ ലഭ്യമാക്കുന്നതെന്നും പരസ്യത്തിൽ ഇവർ അവകാശപ്പെടുന്നു.

ഇതേ സമയം ഉദ്ഘാടന സമയത്ത് ശമ്പളം കിട്ടാത്ത സെയിൽസ് ജീവനക്കാർ പ്രശ്‌നം ഉണ്ടാക്കാൻ എത്തുമോ എന്ന ആശങ്ക അഗസ്റ്റിൻ സഹോദരന്മാർക്കുണ്ട്. രണ്ട് റീജിയണൽ മാനേജർമാരുടെ കീഴിൽ മുപ്പതോളം സെയിൽസ് എക്‌സിക്യൂട്ടീവുകൾ ജോലി ചെയ്തിരുന്നു. മറുനാടൻ വാർത്ത വന്നതോടെ ഫ്രാഞ്ചൈസികളിൽ നിന്നും പണം പിരിക്കുന്നത് ഇവർ അവസാനിപ്പിച്ചു. അതോടെ ഇവർക്കുള്ള ശമ്പളവും നിർത്തി. ശമ്പളം ചോദിച്ച് കൊച്ചി ഓഫീസിൽ എത്തുന്നവരെ ആക്ഷേപിച്ച് വിട്ടു എന്നും പരാതിയുണ്ട്. കോർപറേറ്റ് കമ്മ്യുണിക്കേഷൻ ചുമതലയുണ്ടായിരുന്ന പെൺകുട്ടിയെ തല്ലിപ്പുറത്താക്കിയത് വിവാദമായിരുന്നു. ഇതാണ് എം ഫോണിന്റെ കള്ളക്കഥകൾ പുറം ലോകത്ത് എത്തിച്ചത്. നിരവധി തട്ടിപ്പ് കേസുകളിൽ പെട്ടവരാണ് ഈ നീക്കവുമായി ഉള്ളതെന്നും വ്യക്തമായി.

ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ കമ്പനിയായ ആപ്പിളിനെ തോൽപ്പിക്കാൻ മലയാളിയുടെ മൊബൈൽ നിർമ്മാണ കമ്പനിയെന്നായിരുന്ന ആദ്യഘട്ടത്തിൽ പ്രചരണം. മാംഗോ മൊബൈൽ കമ്പനിയുടെ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസ് എടുത്തു എന്നും അതൊഴിവാക്കാൻ പ്രമുഖ ഒരു ചാനൽ മുതലാളി ഇടപെട്ടു എന്നുമുള്ള വിവരം വെളിയിൽ വന്നപ്പോഴാണ് ഈ കമ്പനിയെക്കുറിച്ചു ഒരു അന്വേഷണം മറുനാടൻ ആരംഭിച്ചത്. എം ഫോൺ മൊബൈൽ കമ്പനിയെ കുറിച്ച് പത്രങ്ങളും ചാനലുകളും വന്നത് അതിശയിപ്പിക്കുന്ന വാർത്തകൾ ആയിരുന്നുവെന്ന് ആതോടെ വ്യക്തമായി. ഏത് മലയാളിയെയും വല്ലാതെ അഭിമാന വിജൃംഭിതരാക്കുന്ന വാർത്തകൾ. ഒരു ഉളുപ്പുമില്ലാതെ ലോകത്തെ ഏറ്റവും വലിയ സ്ഥാപനമായ ആപ്പിളിനെ മലയാളികൾ പ്രതിസന്ധിയിൽ ആക്കുമെന്ന് പത്രങ്ങൾ തട്ടി വിട്ടു. ഇതെല്ലാം അന്വേഷണാത്മക റിപ്പോർട്ടിംഗിലൂടെ മറുനാടൻ പുറത്തു കൊണ്ടു വന്നു.

ബ്രാൻഡ് അംബാസിഡർമാർ സച്ചിനും ബച്ചനുമാണെന്നായിരുന്നു അവകാശ വാദം. പത്രവാർത്തകൾ കണ്ട് അമിതാഭ് ബച്ചന്റെയും സച്ചിൻ തെണ്ടുൽക്കറുടെയും ഓഫീസുകളുമായി മറുനാടൻ ബന്ധപ്പെടുകയുണ്ടായി. സച്ചിന്റെ ഓഫീസിൽ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ല എന്നാണ് അറിയിച്ചത്. സച്ചിൻ സംഗതി അറിഞ്ഞില്ലെങ്കിലും അമിതാബ് ബച്ചന്റെ ഓഫീസ് ചർച്ച നടത്തിയ കാര്യം തള്ളിയതുമില്ല. കൊച്ചിയിലെ പുഷ് എന്ന ഏജൻസി വഴി അമിതാബ് ബച്ചന്റെ ഓഫീസ് മാംഗോ ഫോണുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഒമ്പത് കോടി രൂപയാണ് അമിതാഭിന് നൽകാമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ഏറ്റത്. അഡ്വാൻസായി 1.9 കോടിയുടെ ചെക്കും നൽകി. എന്നാൽ അമിതാബിന്റെ ഓഫീസ് ഈ ചെക്ക് സമർപ്പിച്ചപ്പോൾ പണം ഇല്ലാത്തതുകൊണ്ട് അത് മടങ്ങുകയാണ് ചെയ്തത്. അതുകൊണ്ട് അമിതാബും വരുന്നില്ല എന്നാണ് വ്യക്തമായി അറിയാൻ കഴിഞ്ഞത്. ഇതോടെ ഈ കമ്പനിയുടെ സാമ്പത്തിക സ്രോതസ്സും സംശയത്തിന്റെ നിഴലിലായി.

മാംഗോ ഫോൺ തട്ടിപ്പാണ് എന്ന സംശയം ബലപ്പെട്ടതോടെ സെയിൽസ് വിഭാഗത്തിന്റെ ചുമതലയുള്ള ജീവനക്കാർ ഡീലർമാരിൽ നിന്നും പണം പിരിക്കുന്നത് നിർത്തിവച്ചത് അഗസ്റ്റിൻ സഹോദരന്മാരുടെ നീക്കങ്ങൾക്ക് വൻ തിരിച്ചടിയായി. പണപ്പിരിവ് നിന്നതോടെ ചൈനയിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് ഫോൺ മാംഗോ ബ്രാൻഡിൽ ഇറക്കുമതി ചെയ്യാനുള്ള നീക്കവും പൊളിയുമോ എന്നാണ് ചിലർക്കെങ്കിലും ആശങ്കയാകുന്നത്. വൻതോതിൽ ഡ്യൂപ്ലിക്കേറ്റ് ഫോണുകൾ ഇറക്കുമതി ചെയ്ത് ഡീലർമാർക്ക് നൽകി പറ്റിക്കാനായിരുന്നു ആലോചന. വിവാദം മുറുകിയപ്പോഴും ഫോൺ കൊണ്ടുവന്ന് മാനം രക്ഷിക്കാൻ തന്നെ ആയിരുന്നു തീരുമാനം. അങ്ങനെ എത്തിയ ഫോണുമായാണ് ലോഞ്ചിങ് എന്നാണ് സൂചന. അത്യാവശ്യം ഡീലർമാർക്ക് നൽകാനും ലോഞ്ചിങ് നടത്താനും മാത്രമുള്ള ഡ്യൂപ്ലിക്കേറ്റ് ഫോണുകൾ മാത്രമാണ് കൊണ്ടുവന്നതെന്നാണ് അറിയുന്ന വിവരം.

പത്ര വാർത്തകളിലൂടെ ഹൈപ്പ് ഉണ്ടാക്കി നാട്ടുകാരിൽ നിന്നും പണം പിരിച്ച ശേഷം ചൈനയിലെ ഏതെങ്കിലും ഒരു വൻകിട കമ്പനിയിൽ പോയി സ്വന്തം ബ്രാന്റിൽ മൊബൈൽ ഫോണുകൾ കുറച്ച് ഇറക്കി കടകളിൽ ഏൽപ്പിച്ച് ലാഭം കൊയ്യാനുള്ള തന്ത്രമായിരുന്നു ഇതെന്ന് കരുതേണ്ട സാഹചര്യമാണുള്ളത്. ഏത് ഉൽപ്പന്നം വേണമെങ്കിലും നമ്മൾ ആവശ്യപ്പെടുന്ന ബ്രാന്റിൽ ഉണ്ടാക്കി തരുന്ന കൂറ്റൻ ഫാക്ടറികൾ ചൈനയിൽ ഉണ്ട്. എന്നാൽ ഗുണനിലവാരം ഉറപ്പ് വരുത്താൻ സാധിക്കുകയില്ല. ഒരു കണ്ടയ്‌നറിൽ കൊണ്ടു വരാൻ പറ്റുന്ന ഏതു സാധനവും ചൈനയിൽ ചെന്നു ഓർഡർ നൽകിയാൽ സ്വന്തം ബ്രാന്റിൽ നിർമ്മിച്ച് നൽകും എന്നതാണ് പ്രത്യേകത. ഇത്തരം ചൈനീസ് ഉത്പ്പന്നങ്ങൾ വില കുറച്ച് കിട്ടുമെങ്കിലും താൽക്കാലിക ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

ഇവർ പദ്ധതിയിട്ടത് ഇത്തരം ഒരു കബളിപ്പിക്കൽ ആയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാൽ നഷ്ടം സംഭവിക്കുന്നത് പണം മുടക്കി ഡീലർഷിപ്പ് എടുത്തവർക്ക് മാത്രമാകും. ചൈനീസ് മൊബൈലുകൾ വിപണനിയിൽ ലഭ്യമാകുന്നതുകൊണ്ട് ചൈനയിൽ ഫാക്ടറി ഇട്ടും കൊറിയയിൽ റിസേർച്ച് ചെയ്തും നിർമ്മിക്കുന്നു എന്നാണ് വിശദീകരിച്ചത്. അങ്ങനെ പറഞ്ഞാൽ മാത്രമേ വിപണിയിൽ ഇടപെടാനും ഫ്രാഞ്ചൈസി കണ്ടെത്താനും കഴിയൂ എന്നതുകൊണ്ടാണ് ഈ തട്ടിപ്പിന് ശ്രമം നടന്നത്. കൂടുതൽ വിശ്വാസ്യത ഉണ്ടാക്കാൻ ആണ് ബച്ചന്റെയും സച്ചിന്റെയും പേര് ഉപയോഗിച്ചത്. മാദ്ധ്യമങ്ങളിൽ ഒന്നാം പേജിൽ പരസ്യം കൊടുത്ത ചെലവും സച്ചിനോ ബച്ചനോ വരുമെന്ന പ്രതീതി ഉണ്ടാക്കിയ ചെലവും കൂടി കണക്കിലാക്കിയാൽ പോലും കോടികൾ ഫ്രാഞ്ചൈസി പിരിക്കാം എന്നായിരുന്നു കണക്ക് കൂട്ടൽ. എത്ര ഡീലന്മാർ ഫ്രാഞ്ചൈസി എടുത്തന്നോ എത്ര പണം പിരിച്ചെന്നോ വ്യക്തമല്ല. കമ്പനിയുടെ വിശ്വാസ്യതയിൽ സംശയം തോന്നിയ മീഡിയ റിലേഷൻഷിപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.