തിരുവനന്തപുരം: മാംഗോ ഫോൺ തട്ടിപ്പാണ് എന്ന സംശയം ബലപ്പെട്ടതോടെ സെയിൽസ് വിഭാഗത്തിന്റെ ചുമതലയുള്ള ജീവനക്കാർ ഡീലർമാരിൽ നിന്നും പണം പിരിക്കുന്നത് നിർത്തിവച്ചത് അഗസ്റ്റിൻ സഹോദരന്മാരുടെ നീക്കങ്ങൾക്ക് വൻ തിരിച്ചടിയായി. വടക്കൻ കേരളത്തിന്റെയും തെക്കൻ കേരളത്തിന്റെയും ചുമതലയുള്ള രണ്ട് റീജിയണൽ സെയിൽസ് മാനേജരുമാരും അവരുടെ കീഴിൽ പ്രവർത്തിച്ചിരുന്ന മുപ്പതിൽ അധികം വരുന്ന സെയിൽസ് മാന്മാരുമാണ് ഇടപാടുകൾ അവസാനിപ്പിച്ചത്. മറുനാടൻ വാർത്തകളെ തുടർന്ന് സെയിൽസ് വിഭാഗം ജീവനക്കാരൻ വിവരങ്ങൾ തിരക്കിയെങ്കിലും ഉടമകളിൽ ഒരാളായ ജോസ് അഗസ്റ്റിൻ വളരെ മോശമായി ജീവനക്കാരോട് പെരുമാറി എന്ന് ചില ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഫെബ്രുവരി പകുതി കഴിഞ്ഞിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും ലഭിക്കാതെ വന്നതും ജീവനക്കാർ പണിനിർത്തി വെയ്ക്കാൻ കാരണമായി. 3500 കോടി നിക്ഷേപിച്ച് ആപ്പിളിനെ വെല്ലുന്ന ഫോൺ ഇറക്കും എന്നായിരുന്നു പ്രഖ്യാപനം എങ്കിലും കമ്പനി ആരംഭിച്ച് രണ്ട് മാസം ആയപ്പോഴേയ്ക്കും ശമ്പളം മുടങ്ങിയിരിക്കുകയാണ്. കൊച്ചിയിലെ ഓഫീസിൽ ഉണ്ടായിരുന്ന 15 ഓളം പേരിൽ പകുതിയോളം പേർ ജോലി നിർത്തി പോയിക്കഴിഞ്ഞിരുന്നു. കമ്പനിയുടെ പ്രധാന ചുമതല വഹിച്ചിരുന്ന കാഞ്ഞിരപ്പള്ളി പിണ്ണാക്കനാട് സ്വദേശിയായ ബിജു പിണങ്ങി പോയെങ്കിലും പേടിപ്പിച്ച് തിരിച്ച് കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ സെയിൽസ് ജീവനക്കാർ ഒരുമിച്ച് നിന്ന് ശമ്പളം ചോദിച്ചതോടെ തടിതപ്പി നടക്കുകയായിരുന്നു.

'സ്ഥാപനം തട്ടിപ്പാണ് എന്ന തോന്നൽ എല്ലാവർക്കും ഉണ്ട്. അതിന്റെ കൂടെ ശമ്പളം കൂടി മുടങ്ങിയതോടെ ഞങ്ങൾ ജോലി നിർത്തിവച്ചിരിക്കുകയാണ്. കമ്പനിയെ കുറിച്ച് പരാതി ഉയർന്നതോടെ മൊബൈൽ ഫോൺ ലഭിച്ച ശേഷമേ പണം നൽകൂ എന്ന നിലപാടിൽ ആണ് ഡീലർമാർ. നിരവധി പേരിൽ നിന്നും പണം നേരത്തെ വാങ്ങി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ആരോടും പണം വാങ്ങേണ്ട എന്നാണ് ഞങ്ങളുടെ സെയിൽസ് മാനേജർ പറഞ്ഞിരിക്കുന്നത്'. മാംഗോ കമ്പനിയുടെ ഒരു മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു ഡീലറിൽ നിന്നും ഇനി പണം വാങ്ങേണ്ട എന്ന സെയിൽ ജീവനക്കാരോട് പറഞ്ഞിട്ടുണ്ടെന്ന് രാജിവച്ച് പുറത്ത് പോയ സെയിൽസ് മാനേജരും സ്ഥിരീകരിച്ചു.

എല്ലാ ജില്ലയിലും തന്നെ ഇവർക്ക് സെയിൽസ്മാന്മാരുണ്ടായിരുന്നു. മുമ്പ് പ്രധാനപ്പെട്ട മൊബൈൽ കമ്പനികളുടെ സെയിൽ വിഭാഗത്തിൽ പ്രവർത്തിച്ച് പരിചയം ഉള്ളവരാണ് ഇവരിൽ ഭൂരിപക്ഷവും. ഇവർക്കൊക്കെ അപ്രതീക്ഷിതമായി പണി കിട്ടിയ വിഷമത്തിലാണ്. സെയിൽസ് മാനേജരായി ചുമതലയേറ്റ രണ്ട പേരും സാംസങ് പോലെയുള്ള കമ്പനികളിലെ ജോലി വേണ്ടെന്നുവച്ച് കയറിയവരായിരുന്നു. അക്കിടി പറ്റിയ അവസ്ഥയിലാണ് ഇവർ. ഇവർക്ക് രണ്ട് മാസം ജോലി ചെയ്തതിന്റെ ശമ്പളമോ യാത്ര ചെയ്തതിന്റെ ചെലവോ ഇനിയും ലഭിച്ചിട്ടില്ല. അത് ലഭിക്കും എന്ന പ്രതീക്ഷയിൽ ജോലിയിൽ നിന്നും രാജി വെയ്ക്കാതെ കഴിയുകയാണ് ഒരാൾ ഇപ്പോഴും.

ആദ്യമൊക്കെ ഇപ്പോൾ തരാം എന്ന് പറഞ്ഞ് മാനേജ്‌മെന്റ് ആശ നൽകിയെങ്കിലും ഇപ്പോൾ ഫോൺ എടുക്കുന്നില്ലെന്ന് ചിലർ പറയുന്നു. പണപ്പിരിവ് നിന്നതോടെ ചൈനയിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് ഫോൺ മാംഗോ ബ്രാൻഡിൽ ഇറക്കുമതി ചെയ്യാനുള്ള നീക്കവും പൊളിയുമോ എന്നാണ് ചിലർക്കെങ്കിലും ആശങ്കയാകുന്നത്. വൻതോതിൽ ഡ്യൂപ്ലിക്കേറ്റ് ഫോണുകൾ ഇറക്കുമതി ചെയ്ത് ഡീലർമാർക്ക് നൽകി പറ്റിക്കാനായിരുന്നു ആലോചന. വിവാദം മുറുകിയപ്പോഴും ഫോൺ കൊണ്ടുവന്ന് മാനം രക്ഷിക്കാൻ തന്നെ ആയിരുന്നു തീരുമാനം. ഇപ്പോഴും അതിനുള്ള നീക്കങ്ങൾ തുടരുകയാണ്.

പണം പിരിഞ്ഞ് കിട്ടുന്നത് നിന്നതോടെ വൻ തോതിൽ ഡ്യൂപ്ലിക്കേറ്റ് ഫോൺ കൊണ്ടു വരുന്നതും നടക്കില്ല എന്നാണ് സൂചന. അങ്ങനെ എങ്കിൽ അത്യാവശ്യം ഡീലർമാർക്ക് നൽകാനും ലോഞ്ചിങ് നടത്താനും മാത്രമുള്ള ഡ്യൂപ്ലിക്കേറ്റ് ഫോണുകൾ കൊണ്ടുവരാൻ ആണ് ആലോചിക്കുന്നത്. കുറച്ച് ഫോൺ കൊണ്ടുവന്നാൽ അഡ്വാൻസായി ബാക്കി പണം ഡീലർമാരിൽ നിന്നും വാങ്ങാം എന്നാണ് കരുതുന്നത്. എന്നാൽ വിവാദമായ സ്ഥിതിക്ക് മൊത്തം ഫോണും ലഭിക്കാതെ ഡീലർമാർ പണം നൽകിയേക്കില്ല എന്നതാണ് കുഴയ്ക്കുന്നത്.

അതിനിടയിൽ അഗസ്റ്റിൻ സഹോദരന്മാർ ഒൻപത് മാസം മുമ്പ് വാങ്ങിയ പോഷേ കാറും കടക്കെണിയിൽ പെട്ടു. ഒൻപത് മാസം മുമ്പ് ഒന്നേകാൽ കോടി രൂപയ്ക്ക് വാങ്ങിയ കാർ ഇതുവരെ രജിസ്റ്റർ ചെയ്തിരുന്നില്ല. പ്രധാന ഇടപാടുകൾക്ക് പോകുമ്പോൾ മാത്രമാണ് ഈ കാർ കൊണ്ടുപോയിരുന്നത്. അല്ലാത്ത സമയങ്ങളിൽ ഇത് പുറവൻകര ഫ്‌ലാറ്റിൽ മൂടിയിടുകയായിരുന്നു ചെയ്തിരുന്നത്. ഒരു പണം ഇടപാടുകാരൻ ഈ കാർ ഇടയ്ക്ക് പിടിച്ചെടുത്തെങ്കിലും രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങൾ നടക്കാത്തതുകൊണ്ട് ഈ വേറെ വഴിയിൽ പണം വാങ്ങിയ ശേഷം കാർ തിരിച്ച് കൊടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കാർ നൽകിയ ഡീലർമാർ കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട് നിയമനടപടികൾ എടുക്കാൻ ആരംഭിച്ചു. ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞ ദിവസം ആലപ്പാട്ട് ബിൽഡിംഗിലെ ഓഫീസിൽ എത്തിച്ചിരുന്നു. ആലപ്പാട്ട് ജോസിൽ നിന്നും വാടകയ്ക്ക് എടുത്ത ഓഫീസ് കെട്ടിടത്തിന്റെ വാടകയും മുടങ്ങിയതായി റിപ്പോർട്ടുണ്ട്.