- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിലെ എൽഡിഎഫ് പ്രചാരണ വേദിയിൽ കയ്യേറ്റ ശ്രമം; അതിക്രമിച്ചുകയറിയ യുവാവ് പ്രസംഗിക്കുന്നതിനിടെ ബേബി ജോണിനെ തള്ളിയിട്ടു; ഡയസ് മറിച്ചിട്ടു; പ്രവർത്തകർ യുവാവിനെ 'പിടികൂടി' പൊലീസിൽ ഏൽപ്പിച്ചു
തൃശ്ശൂർ: തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടിയിൽ സംഘർഷം. പ്രസംഗിച്ചുകൊണ്ടിരിക്കവെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ വേദിയിൽ അതിക്രമിച്ച് കയറിയ യുവാവ് തള്ളിയിട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബേബി ജോൺ പ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ വേദിയിലേക്ക് മദ്യപിച്ചെത്തിയാൾ മുൻനിരയിൽ തന്നെ ഇരിപ്പുറപ്പിക്കുകയായിരുന്നു. മന്ത്രി വി എസ്.സുനിൽകുമാർ ഉൾപ്പടെ വേദിയിലുള്ളവർ യുവാവിനോട് വിവരങ്ങൾ തിരക്കുകയും ചെയ്തു.
പിന്നീട് ഇയാളെ വേദിയിൽ നിന്ന് മാറ്റാൻ പ്രവർത്തകർ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് ബേബി ജോണിനെ തള്ളിയിടുന്നത്. അദ്ദേഹത്തോടൊപ്പം ഡയസും തള്ളിമറിച്ചിട്ടു. തുടർന്ന് വേദിയിൽ ഉന്തുംതള്ളുമായി. യുവാവിനെ പ്രവർത്തകർ ബലംപ്രയോഗിച്ച് വേദിയിൽ നിന്ന് താഴെ ഇറക്കി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
വേദിയിലുണ്ടായ പ്രവർത്തകർ ബേബി ജോണിനെ പിടിച്ചെഴുന്നേൽപ്പിച്ചു. വേദിയിലുള്ളവരും സദസ്സിലുള്ളവരും എണീറ്റ് യുവാവിന് പിറകേ പോയെങ്കിലും മന്ത്രി സുനിൽ കുമാർ എല്ലാവരോടും മടങ്ങിയെത്താൻ അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് യോഗം പുനരാരംഭിക്കുകയും ബേബി ജോൺ പ്രസംഗം തുടരുകയും ചെയ്തു. തന്നെ തള്ളിയിട്ടതുകൊണ്ടൊന്നും ഇടതുപക്ഷത്തിന്റെ വിജയം തടയാനിവില്ലെന്ന് പറഞ്ഞു.
ബിജെപിയും കോൺഗ്രസും തമ്മിൽ എന്ത് കരാറിൽ ഒപ്പുവച്ചാലും ഇടതുപക്ഷം വിജയിക്കും. അപ്രതിരോധ്യമായ ആ മുന്നേറ്റത്തെ തടയാൻ തന്നെ തള്ളി താഴെയിട്ടതുകൊണ്ടു മാത്രം സാധിക്കില്ല. തള്ളു കൊല്ലാനും എല്ലൊടിയാനും വേണ്ടിവന്നാൽ ആയുസ്സൊടുക്കാനും തീരുമാനിച്ചിട്ടാണ് ചെങ്കൊടിയുമായി തെരുവിലിറങ്ങിയത്. 'ആയുസ്സെടുക്കാൻ തയ്യാറുള്ളവരുണ്ടെങ്കിൽ വരൂ,വരൂ,വരൂ' എന്ന് വെല്ലുവിളിച്ചാണ് ബേബി ജോൺ പ്രസംഗം അവസാനിപ്പിച്ചത്. ബേബി ജോണിനെ തള്ളിയിട്ട സംഭവം ആസൂത്രിതമെന്ന് സംശയിക്കുന്നതായി മന്ത്രി വി എസ്.സുനിൽകുമാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ