കോഴിക്കോട്: സ്വകാര്യ ഹോട്ടലിൽ നടന്ന കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിനിടെ മാധ്യമ പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ അച്ചടക്ക നടപടിയുമായി കെ പി സി സി. അക്രമത്തിന് നേതൃത്വം നൽകിയ ചേവായൂർ സഹകരണ ബാങ്ക് പ്രസിഡന്റും മുൻ മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ അഡ്വ. ജി സി പ്രശാന്ത്കുമാർ, അരക്കിണർ മണ്ഡലം പ്രസിഡന്റ് രാജീവൻ തിരുവച്ചിറ എന്നിവരെ സസ്‌പെന്റ് ചെയ്തു. സംഭവത്തിൽ ജാഗ്രതക്കുറവ് കാണിച്ച ഫറോക്ക് ബ്ലോക്ക് പ്രസിഡന്റും രാമനാട്ടുകര മുൻസിപ്പാലിറ്റി വൈസ് ചെയർമാനുമായ സുരേഷ് കീച്ചമ്പ്രയെ പരസ്യമായി താക്കീത് ചെയ്യും.

യോഗസ്ഥലത്തുണ്ടായ അനിഷ്ട സംഭവങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ വീഴ്ച വന്നതിന് ഡിസിസി മുൻ പ്രസിഡന്റ് യു രാജീവൻ പരസ്യ ഖേദപ്രകടനം നടത്തണമെന്നുമാണ് കെ പി സി സിയുടെ നടപടി. 13ന് സ്വകാര്യ ഹോട്ടലിൽ നടന്ന യോഗത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പ്രവൃത്തികൾ കോൺഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് കെപി സി സി പ്രസിഡന്റ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ അറിയിച്ചു.

ഡിസിസി നിയമിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കെ പി സി സിയുടെ നടപടി. അന്വേഷണ സമിതി അംഗങ്ങളായ ജോൺ പൂതക്കുഴി, സി വി കുഞ്ഞികൃഷ്ണൻ എന്നിവർ മർദനമേറ്റ മാധ്യമപ്രവർത്തകർ, യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് ഭാരവാഹികൾ, പ്രസ് ക്ലബ് ഭാരവാഹികൾ എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷം ബുധനാഴ്ച രാത്രിയാണ് ഡിസിസിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പാർട്ടി പ്രവർത്തകർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. ചിലർ മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയെന്നും ഉചിതമായ അച്ചടക്ക നടപടി വേണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ട് അതേപടി അംഗീകരിച്ചാണ് ഡിസിസി നടപടിക്ക് ശുപാർശ ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖിനെ അനുകൂലിക്കുന്ന എ ഗ്രൂപ്പിലെ വിഭാഗം നടത്തിയ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയവർക്കാണ് മർദ്ദനമേറ്റത്. വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ വരെ മോശം പരാമർശവുമായി പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തു. മുൻ ഡിസിസി പ്രസിഡന്റ് യു. രാജീവൻ അടക്കം 20കോൺഗ്രസ് നേതാക്കൾക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. ഇവരെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല.