കോഴിക്കോട്: ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പ്പരം പോരടിക്കുന്നവരുടെ നാടാണ് ഇന്ന് കേരളം. സോഷ്യൽ മീഡിയയിൽ അടക്കം പരസ്പ്പരം ചെളിവാരി എറിയലുകൾ നടത്തുന്നു. എന്നാൽ, അടിസ്ഥാനപരമായി മതങ്ങൾക്ക് അപ്പുറം വില മനുഷ്യ ജീവനാണ് എന്ന് മാത്രമായിരുന്നു കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറായ പി നൗഷാദ് ചിന്തിച്ചിരുന്നത്. മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകമായാണ് ഇപ്പോൾ ഈ ഓട്ടോ ഡ്രൈവർ വാഴ്‌ത്തപ്പെടുന്നത്. നഗരത്തിൽ കണ്ടംകുളം ജൂബിലി ഹാളിന് സമീപത്തെ ഭൂഗർഭ അഴുക്കുചാലിൽ നിന്നും മരണത്തോടെ മല്ലിട്ട രണ്ട് ജീവനുകൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നൗഷാദിന് സ്വന്തം ജീവൻ നഷ്ടമായത്.

ഇതര സംസ്ഥാന തൊഴിലാളികളെ അവജ്ഞയോടെ നോക്കി കണ്ട് 'വെറും അന്യസംസ്ഥാന തൊഴിലാളികൾ' എന്ന് പറഞ്ഞ് സ്വയം അവഗണിക്കുന്ന വേളയിലാണ് നൗഷാദിന്റെ ജീവത്യാഗത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്. അപകടത്തിൽപ്പെട്ട് കിടക്കുന്നവരെ പുലിവാവാലാകും എന്ന് പറഞ്ഞ് തിരിഞ്ഞു നോക്കാതെ പോകുന്നവർക്കിടയിൽ മനുഷ്യ സ്‌നേഹമുള്ള ചിലർ ഇപ്പോഴും അവശേഷിക്കുന്നു എന്ന ഓർപ്പമെടുത്തൽ കൂടിയാണ് ഇന്നുണ്ടായ ദുരന്തം.

കണ്ടങ്കുളം ജൂബിലി ഹാളിനടുത്തുള്ള സമദിന്റെ കടയിൽനിന്ന് പത്ത് മണിക്ക് പതിവുള്ള ചായ കുടിക്കാൻ വേണ്ടിയാണ് നൗഷാദ് കടയിൽ എത്തിയത്. കെ.എൽ.11 എസ് 6693 നമ്പറിലുള്ള ഓട്ടോയുമായാണ് അദ്ദേഹം എത്തിയത്. ചായയ്ക്ക് ഓഡർ ചെയ്തു കാത്തിരിക്കുന്നതിടെ ഇടെയാണ് രണ്ട് പേരുടെ നിലവിളി നൗഷൗദിന്റെ കാതിൽ പതിച്ചത്. നിലവിളി കേട്ട ഉടനെ ആ ഭാഗത്തേക്ക് നൗഷാദ് ഇറങ്ങി ഓടുകയായിരുന്നു. നൗഷാദ് മാൻഹോളിനടുത്ത് എത്തുമ്പോഴേയ്ക്കും ആന്ധ്ര സ്വദേശികളായ ഭാസ്‌കറും നരസിംഹവും ഓടിയേലക്കിറങ്ങി അപ്രത്യക്ഷരായിരുന്നു.

രണ്ട് ജീവനുകൾ അത് ആരായാലും അതിന്റെ വില മാത്രമായിരിക്കണം ആ സാധാരണക്കാൻ ചിന്തിച്ചിരിക്കുക. ഉടൻ തന്നെ അപകടമുണ്ടാക്കിയ മാൻഹോളിലേക്ക് നൗഷാദും ഇറങ്ങി. ആറടിവെള്ളമുള്ള ഓടയിലേയ്ക്ക് അദ്ദേഹം അധികമധികം ഇറങ്ങിയപ്പോൾ അടുത്തുള്ള കടക്കാരും ചുറ്റും കൂടിയവരും അരുത് എന്ന് വിലക്കിയിരുന്നു. എങ്കിലും തന്റെ മുന്നിൽ പിടയുന്ന രണ്ട് ജീവനുകളെ അവഗണിക്കൻ ആ സാധാരണക്കാരന് മനസുവന്നില്ല. ജീവൻ രക്ഷിക്കാൻ വേണ്ടി തന്റെ യജ്ഞം നൗഷാദ് തുടരുകയായിരുന്നു. ഇതിനിടെ മുങ്ങിത്താഴുക്കുന്ന ആരോ നൗഷാദിന്റെ കാലിൽ പിടിച്ചു.അതോടെ മുകളിലുള്ള പിടിവിട്ട് നൗഷാദും ദുരന്ത കയത്തിലേക്ക് താഴുകുയായിരുന്നു.

ഇതോടെ നാട്ടുകാരാണ് ഫയർഫോഴ്‌സിൽ വിവരം അറിയച്ചത്. എന്നാൽ ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയപ്പോഴേക്കും അൽപ്പം വൈകിയിരുന്നു. തിരിച്ചലിന് ഒടുവിൽ ഭാസ്‌കറിന്റെയും നരസിംഹത്തിന്റേയും ശരീരങ്ങൾ ആദ്യം ലഭിച്ചു. അവരെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞ് പതിനഞ്ച് മിനിട്ട് കഴിഞ്ഞാണ് നൗഷാദിന്റെ ശരീരം ലഭിച്ചത്. ഓടയിൽ ഏറ്റവുമധികം നേരം ശ്വാസംമുട്ടിക്കിടന്നത് രക്ഷകനായി ഇറങ്ങിയ സാധാരണക്കാരനായ ഈ മനുഷ്യനായിരുന്നു. ചലനമറ്റനിലയിലായിരുന്നു അപ്പോൾ നൗഷാദ്. അൽപ്പസമയം കഴിഞ്ഞപ്പോഴേയ്ക്കും നൗഷാദും മരിച്ച വിവരം എത്തി.

കോഴിക്കോട്ടെ സഹൃദയനായ ഓട്ടോക്കാരിൽ ഒരുവനായിരുന്നു നൗഷാദ്. മനുഷ്യസ്‌നേഹത്തിന്റെ പേരിൽ ജീവൻ ഹോമിച്ച ഈ സാധാരണക്കാന് ഓരോ മലയാളിയുടെ മനസിലെ നൊമ്പരമായി മാറുകയാണ്. നൗഷാദിന്റെ മരണത്തെ സാധാരണ മരണമായി കാണില്ലെന്ന് കോഴിക്കോട്ടെ ജനാവലിയും ഒരേ സ്വരത്തിൽ പറയുന്നു.