പത്തനംതിട്ട: യുഡിഎഫിലെ മാണിക്യം സാക്ഷാൽ കെഎം മാണി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചു പറഞ്ഞു: വിക്ടർ ടി തോമസിനെ യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ സ്ഥാനത്തേക്ക് മടക്കി കൊണ്ടു വരണം. ഓകെ പറഞ്ഞ് ചെന്നിത്തല ഫോൺ വച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മാണിയുടെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജോയി ഏബ്രഹാം ചെന്നിത്തലയെ വിളിക്കുന്നു. വിക്ടറിനെ ചെയർമാനാക്കാൻ പറ്റില്ല, ജോസഫ് എം പുതുശേരിക്ക് താൽപര്യമില്ല.

ജോയി ഏബ്രഹാം മാണിയേക്കാൾ വലിയ ആളായതു കൊണ്ടോ എന്തോ ചെന്നിത്തല വിക്ടറെ വിളിച്ചു പറയുന്നു: വിക്ടറെ ചെയർമാനാക്കാം. മാണി സാറിന്റെ സമ്മതപത്രം രേഖാമൂലം കൊണ്ടു വരണം. അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് വിക്ടർ ഫോൺ വച്ചതോടെ പത്തനംതിട്ടയിൽ കോൺഗ്രസും മാണിഗ്രൂപ്പും വീണ്ടും അകൽച്ചയുടെ പാതയിലേക്ക് എത്തിക്കഴിഞ്ഞു. മാണി ഗ്രൂപ്പിലെ വിഭാഗീയതയ്ക്ക് ചെന്നിത്തല പക്ഷം പിടിച്ചതാണ് പുതിയ സംഭവ വികാസങ്ങൾക്ക് കാരണമായിരിക്കുന്നത്. ഇന്നലെ നടന്ന യുഡിഎഫ് പാർലമെന്റ് മണ്ഡലം കൺവൻഷനിൽ നിന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റു കൂടിയായ വിക്ടർ ടി തോമസ് വിട്ടു നിന്നു.

യുഡിഎഫിലേക്ക് മാണിഗ്രൂപ്പ് തിരിച്ചെത്തിയതോടെ ചെയർമാൻ സ്ഥാനം വിക്ടറിന് നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് പാലിക്കാൻ കോൺഗ്രസ് തയാറായില്ല. ജില്ലാ ചെയർമാനായി പന്തളം സുധാകരൻ തുടരുകയായിരുന്നു. ഇന്നലെ യുഡിഎഫ് ജില്ലാ നേതൃയോഗം ചേരുമ്പോൾ വിക്ടറിന് ചെയർമാൻ സ്ഥാനം തിരികെ നൽകണമെന്ന് പാർട്ടി ലീഡർ കെഎം മാണിയും ജോസ് കെ മാണിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഫോണിൽ ആവശ്യപ്പെട്ടിരുന്നു. ചെന്നിത്തല ഇതിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ, ഇന്നലെ രാവിലെ ചെന്നിത്തല കാലുമാറി. കെഎം മാണി ഇതു സംബന്ധിച്ച് കത്തു നൽകിയെങ്കിൽ മാത്രമേ ചെയർമാനാക്കാൻ കഴിയൂവെന്ന് ചെന്നിത്തല വിക്ടറിനെ അറിയിക്കുകയായിരുന്നു.

വിക്ടറിനെ ചെയർമാനാക്കുന്നതിനോട് ജോസഫ് എം പുതുശേരിക്ക് താൽപര്യമില്ലെന്ന് മാണിഗ്രൂപ്പിന്റെ സംസ്ഥാന സെക്രട്ടറി ജോയി ഏബ്രഹാം പിന്നീട് ചെന്നിത്തലയെ അറിയിച്ചു. പുതുശേരിയും വിക്ടർ ടി. തോമസും പരസ്യമായ അകൽച്ചയിലാണ്. കെഎം മാണിയിൽ നിന്ന് കത്തു വാങ്ങി നൽകാൻ കഴിയില്ലെന്നും താങ്കൾ നേരിട്ട് ലീഡറെ വിളിച്ച് അന്വേഷിക്കുന്നതാകും ഉചിതവുമെന്ന് ചെന്നിത്തലയോട് പറഞ്ഞിരുന്നുവെന്ന് വിക്ടർ ടി. തോമസ് പറഞ്ഞു. തന്നെ ചെയർമാനായി യോഗത്തിൽ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിൽ തീർച്ചയായും പങ്കെടുക്കുമായിരുന്നു. ഒഴിഞ്ഞു തരാൻ തയാറാണെന്ന് നിലവിലെ ചെയർമാൻ പന്തളം സുധാകരൻ അറിയിച്ചിരുന്നു.

പത്തനംതിട്ട ജില്ല രൂപീകരിച്ച കാലം മുതൽ യുഡിഎഫ് ചെയർമാൻ സ്ഥാനം മാണിക്കാണ്. താൻ തന്നെ പതിനഞ്ചു വർഷത്തിലധികമായി ഈ സ്ഥാനം വഹിച്ചു വരികയാണെന്നും വിക്ടർ പറഞ്ഞു.