- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം എൽ എ മാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആംബുലൻസ് അനുവദിക്കാൻ അനുമതി നൽകണം: മാണി സി കാപ്പൻ
പാലാ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ആംബുലൻസ് സർവ്വീസ് ഇല്ലാത്ത മേഖലകളിൽ ആംബുലൻസ് വാങ്ങാൻ എം എൽ എ മാരുടെ ആസ്തി വികസനഫണ്ടിൽ നിന്നും തുക അനുവദിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് എൻ സി കെ പ്രസിഡന്റും നിയുക്ത എം എൽ എ യുമായ മാണി സി കാപ്പൻ ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ പഞ്ചായത്തുകൾക്കു പ്രയോജനപ്പെടുംവിധം ഇക്കാര്യം ക്രമീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പാലാ ജനറൽ ആശുപത്രിയിൽ ഐസിയു സൗകര്യമുള്ള ആംബുലൻസ് അനുവദിക്കാൻ ആസ്തി വികസനഫണ്ടിൽ നിന്നും തുക അനുവദിക്കാൻ പ്രത്യേക സാഹചര്യത്തിൽ അനുമതി നൽകണമെന്നും ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഐസിയു സൗകര്യമില്ലാത്ത ആംബുലൻസ് ലഭ്യമാകാൻ കാലതാമസമെടുത്തതിന്റെ പേരിൽ നിരവധി രോഗികളാണ് ദുരിതത്തിലാകുന്നതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
പാലാ ജനറൽ ആശുപത്രിയിൽ അടിയന്തിരമായി 20 വെന്റിലേറ്ററുകൾ കൂടി സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പണി പൂർത്തിയായ ഒരു കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിച്ചിട്ടില്ല. ലിഫ്റ്റ് യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കണം. നൂറിൽ പരം ബഡ്ഡുകൾ സ്ഥാപിക്കാനുള്ള സ്ഥലം ജനറൽ ആശുപത്രിയിൽ ഉണ്ട്. ഇതിനുള്ള നടപടിയും ഉടൻ സ്വീകരിക്കണം. ആശുപത്രി അധികൃതരുടെ വിട്ടുവീഴ്ചയില്ലാത്ത സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു.
വ്യാപാരികൾക്കും ചെറുകിട വ്യവസായങ്ങൾക്കും പ്രഖ്യാപിച്ച കടാശ്വാസ ആനുകൂല്യങ്ങൾ കർഷകർക്കും ലഭ്യമാക്കണം: മാണി സി കാപ്പൻ
പാലാ: കോവിഡ് രണ്ടാം തരംഗം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച കടാശ്വാസ നടപടികൾ സംസ്ഥാനത്ത് പരമാവധി ആളുകൾക്ക് ലഭ്യമാക്കുവാൻ വേണ്ട മേൽ നടപടി സ്വീകരിക്കണമെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ ആവശ്യപ്പെട്ടു. വ്യാപാരികൾക്കും ചെറുകിട - ഇടത്തര വ്യവസായികൾക്കും ആണ് നിലവിൽ വായ്പാ പുന ക്രമീകരണവും രണ്ടു വർഷം വരെയുള്ള മോറട്ടോറിയം ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങൾ കർഷകർക്ക് കൂടി ലഭ്യമാക്കണം എന്ന ആവശ്യവും മാണി സി കാപ്പൻ ഉന്നയിച്ചു. സംസ്ഥാനത്ത് ബാങ്കുകൾ ഇത് കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും പരമാവധി ജനങ്ങളിലേക്ക് ഈ ആനുകൂല്യങ്ങൾ എത്തിച്ചേരുവാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിക്ക് കത്ത് നൽകി.
ഈ മാസം അഞ്ചാം തീയതിയാണ് റിസർവ് ബാങ്ക് കടാശ്വാസനടപടികൾ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30 വരെയാണ് പദ്ധതി പ്രകാരം വായ്പകൾ പുനക്രമീകരിക്കാനും ദീർഘകാല മൊറട്ടോറിയം അനുവദിച്ചുകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുവാനും റിസർവ് ബാങ്ക് സമയം അനുവദിച്ചിരിക്കുന്നത്. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങൾക്ക് അധിക വായ്പ നൽകുവാനും റിസർവ് ബാങ്ക് നിഷ്‌കർഷിച്ചിട്ടുണ്ട്.
ഗൗരിയമ്മ പുതിയതലമുറയ്ക്ക് പാഠപുസ്തകം: മാണി സി കാപ്പൻ
പാലാ: കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ എൻ സി കെ സംസ്ഥാന പ്രസിഡന്റ് മാണി സി കാപ്പൻ അനുശോചിച്ചു. രാഷ്ട്രീയ പ്രതിസന്ധികളിൽ തളരാതെ ഉറച്ചുനിന്ന ഗൗരിയമ്മ എന്ന ഉരുക്കുവനിത പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്നു അവരെന്നും കാപ്പൻ പറഞ്ഞു.
ഫലസ്തീൻ മിസൈൽ ആക്രമണം: മലയാളികളുടെ സുരക്ഷക്കായി സർക്കാരുകൾ ഇടപെടണമെന്ന് മാണി സി കാപ്പൻ
പാലാ: ഇസ്രയേലിലെ ആശുപത്രിക്കു നേരെയുണ്ടായ ഫലസ്തീൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മലയാളികളുടെ സുരക്ഷയ്ക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകളും ഇന്ത്യൻ എംബസിയും അടിയന്തിരമായി ഇടപെടണമെന്ന് എൻ സി കെ പ്രസിഡന്റും നിയുക്ത എം എൽ എയുമായ മാണി സി കാപ്പൻ ആവശ്യപ്പെട്ടു. ഒരു മലയാളി നഴ്‌സ് മിസൈൽ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെടുകയുണ്ടായി. ഭീതിയിൽ കഴിയുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.