- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലര ലക്ഷം രൂപ നൽകി മാണി സി കാപ്പൻ വാക്കുപാലിച്ചു; സ്‌കൂൾ വാഹനത്തിന്റെ ബാധ്യത ഒഴിവായി
മേലുകാവ്: നിയുക്ത എം എൽ എ വാക്കുപാലിച്ചപ്പോൾ വാഹനം വാങ്ങിയതിലെ കടബാധ്യത ഒഴിവായ ആഹ്ലാദത്തിലാണ് മേലുകാവ്മറ്റം സെന്റ് തോമസ് യു പി സ്‌കൂൾ അധികൃതർ. നിയുക്ത എം എൽ എ മാണി സി കാപ്പൻ നാലര ലക്ഷം രൂപ സംഭാവന നൽകിയതോടെയാണ് സ്‌കൂൾ അധികൃതർ വിദ്യാർത്ഥികൾക്കായി വാങ്ങിയ വാഹനത്തിന്റെ ബാധ്യത ഒഴിവാകുന്നത്.
പാലാ കോർപ്പറേറ്റിന്റെ കീഴിലുള്ള ഈ സ്‌കൂളിലെ വിദ്യാർത്ഥികൾ യാത്രക്ലേശം മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതേത്തുടർന്ന് സ്‌കൂളിന് വാഹനം അനുവദിക്കണമെന്ന ആവശ്യവുമായി അധികൃതർ മാണി സി കാപ്പനെ സമീപിച്ചിരുന്നു. എന്നാൽ എം എൽ എ ഫണ്ടിൽനിന്നും സ്‌കൂളുകൾക്കു വാഹനം അനുവദിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അതിനാൽ അക്കാര്യം പ്രാവർത്തികമായില്ല. തുടർന്നു സ്‌കൂൾ അധികൃതർ സ്വന്തം നിലയിൽ വാഹനം വാങ്ങിക്കുകയായിരുന്നു. എന്നാൽ നാലര ലക്ഷം രൂപ വാഹനം വാങ്ങിയ വകയിൽ ബാധ്യത ഉണ്ടായി.
പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ കോവിഡിന്റെ പശ്ചാത്തലത്തിൽ കൊട്ടിക്കലാശമുൾപ്പെടെയുള്ള പരിപാടികൾ മാറ്റി വച്ചിരുന്നു. ഇതിനായി ചെലവാക്കേണ്ട തുക സമൂഹ നന്മയ്ക്ക് ഉതകുന്ന പദ്ധതികൾക്കായി മാറ്റി വയ്ക്കുമെന്ന് മാണി സി കാപ്പൻ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ മാറ്റിവച്ച തുക ഉൾപ്പെടെ നാലര ലക്ഷം രൂപ സ്‌കൂളിനു നൽകാൻ മാണി സി കാപ്പൻ തീരുമാനിക്കുകയായിരുന്നു. പാലായിലെ യു ഡി എഫ് നേതൃത്വവും തീരുമാനത്തിന് പിന്തുണ നൽകി.
ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ക്വാറന്റീൻ പൂർത്തീകരിച്ച മാണി സി കാപ്പൻ ഇന്നലെ മേലുകാവ് എസ് എച്ച് കോൺവെന്റിലെത്തി നാലര ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സ്‌കൂൾ ഹെഡ്‌മിസ്ട്രസ് സിസ്റ്റർ മരിയ പൊട്ടനാനി, മദർ സിസ്റ്റർ റാണിറ്റ പാറപ്ലാക്കൽ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.
യു ഡി എഫ് നേതാക്കളായ ജോയി സ്‌കറിയ, ആർ സജീവ്, അജി ജെയിംസ്, ജെയിംസ് മാത്യു, ജോസ് സെബാസ്റ്റ്യൻ, സിബി ജോസഫ്, ബിൻസി ടോമി, ബിജു വട്ടക്കല്ലുങ്കൽ, ബിബി ഐസക്ക്, ജീ തയ്യിൽ, ലാസർ മാത്യു എന്നിവരും മാണി സി കാപ്പന് ഒപ്പമുണ്ടായിരുന്നു.
കോവിഡ് സംസ്‌കാര ചടങ്ങിന് നേതൃത്വം നൽകി വനിതാ പഞ്ചായത്ത് മെമ്പർ
പാലാ: കോവിഡ് ശവസംസ്‌കാര ചടങ്ങിന് നേതൃത്വം നൽകാൻ പി പി ഇ കിറ്റ് ധരിച്ച് വനിതാ പഞ്ചായത്ത് മെംബർ ലിൻസി സണ്ണി വടക്കേപറമ്പിൽ രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്‌കാര ചടങ്ങിന് നേതൃത്വം നൽകിയത് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺകൂടിയായ ലിൻസി സണ്ണിയായിരുന്നു.
ഉള്ളനാട് റാപ്പിഡ് ഫോഴ്‌സിന്റെ രൂപീകരിച്ചുകൊണ്ടാണ് ഇവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായി മാറിയത്.
ഉള്ളനാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി, വിന്നേഴ്‌സ് ക്ലബ്ബ്, ലയൺസ് ക്ലബ്ബ് തുടങ്ങിയ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ടാണ് 25 പേരെ ഉൾപ്പെടുത്തിയ ഉള്ളനാട് റാപ്പിഡ് ഫോഴ്‌സ് പ്രവർത്തന രംഗത്തുള്ളത്.
ഭക്ഷണം, മരുന്ന്, വാഹന സൗകര്യം, കോവിഡ് നടപടിക്രമം പാലിച്ചുകൊണ്ടുള്ള ശവസംസ്‌ക്കാരം തുടങ്ങിയവ നടത്തി വരുന്നു. കനത്ത മഴയെത്തുടർന്ന് വൈദ്യുതി ലൈനിൽ മരം വീണപ്പോൾ കെ എസ് ഇ ബിയ്‌ക്കൊപ്പം ചേർന്നു പ്രവർത്തിക്കാനും ഇവർ മുന്നോട്ടുവന്നു. ളാലം ബ്ലോക്ക് മെമ്പർ ലാലി സണ്ണി മുഖാന്തിരം നാൽപതിൽപരം കുടുംബങ്ങൾക്ക് ഭക്ഷൃക്കിറ്റുകൾ വിതരണം ചെയ്തു. ഉള്ളനാട് പള്ളിക്കെട്ടിടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഉള്ളനാട് റാപ്പിഡ് ഫോഴ്‌സിന് പ്രവർത്തനങ്ങൾക്കായി തോമാച്ചൻ മണക്കാട്ട് സൗജന്യമായി വാഹനം വിട്ടു നൽകിയിട്ടുണ്ട്. ബിനു പെരുമന, ജോഷി പൊട്ടംപറമ്പിൽ, ടോണി കവിയിൽ, സണ്ണി കലവനാൽ, സനുബ് സണ്ണി, ജിനോ റ്റോമി എന്നിവരും ഒപ്പമുണ്ട്.