പാലാ: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈമൺ ജെയുടെ വിധവ ഷൈലജ സൈമണിന്റെ അകാല നിര്യാണത്തിൽ നിയുക്ത എം എൽ എ മാണി സി കാപ്പൻ അനുശോചിച്ചു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീരയോദ്ധാവിന്റെ ഭാര്യ എന്ന നിലയിൽ ഷൈലജ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂലൈയിൽ കാർഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് പാലായുടെ ആദരവ് ഷൈലജ സൈമണ് മാണി സി കാപ്പൻ നൽകിയിരുന്നു.

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈമൺ ജെ 2000 ഏപ്രിൽ 25നാണ് വീരമൃത്യു വരിച്ചത്. രാഷ്ട്രീയ റൈഫിൾസിലായിരുന്നു. ഗോളിബാഗ് എം ടു 4211 ൽ ശത്രുക്കളുമായി നടന്ന ഏറ്റുമുട്ടലിൽ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു. മരണശേഷം നാട്ടിലെത്തിച്ച ഭൗതികശരീരം തിരുവനന്തപുരം കൊണ്ണിയൂർ സെന്റ് തെരേസാ ലാറ്റിൻ പള്ളിയിൽ സംസ്‌കരിച്ചു.

തിരുവനന്തപുരം കൊണ്ണിയൂർ സ്വദേശിയായ സൈമണിന്റെ വിധവ ഷൈലജയ്ക്ക് 2002 ൽ പാലാ കൊല്ലപ്പള്ളിൽ കേന്ദ്ര സർക്കാർ പെട്രോൾ പമ്പ് അനുവദിച്ചു. ഇതേത്തുടർന്നു ഇവർ പാലാ അന്തീനാട്ടിലേയ്ക്ക് കുടുംബസമേതം താമസം മാറ്റുകയിരുന്നു. കാനറ ബാങ്ക് ഉദ്യോഗസ്ഥയായ സൈജ, സൗമ്യ എന്നിവരാണ് മക്കൾ. ഷൈലജ സൈമണിന്റെ നിര്യാണത്തിൽ നിയുക്ത എം എൽ എ മോൻസ് ജോസഫ്, യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, അഡ്വ ടോമി കല്ലാനി, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജോർജ് പുളിങ്കാട് തുടങ്ങിയവർ അനുശോചിച്ചു.

സൗജന്യമായി 200 കിലോ പച്ചക്കപ്പ വിതരണം ചെയ്തു

പാലാ: പാലായിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് ദുരിതബാധിതർക്ക് മാണി സി കാപ്പൻ യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ 200 കിലോ പച്ചകപ്പ സൗജന്യമായി വിതരണം ചെയ്തു. പീറ്റർ എള്ളുംകലായിൽ സംഭാവന ചെയ്ത കപ്പ ആന്റണി എള്ളുംകാലായിൽ നിയുക്ത എം എൽ എ മാണി സി കാപ്പന് കൈമാറി. ചടങ്ങിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, യൂത്ത് ബ്രിഗേഡ് കൺവീനർ ടോണി തൈപ്പറമ്പിൽ, ബിനു പെരുമന, അക്ഷയ് തെങ്ങുംപള്ളി, ജിനോ മുകാല, കിരൺ ആന്റണി, അമൽ രാജ് തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് ബ്രിഗേഡ് കൺവീനർ ടോണി തൈപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് പച്ചകപ്പ വിതരണം ചെയ്തത്.

ക്ഷീര കർഷകർക്കായി പ്രത്യേക പാക്കേജിന് രൂപം നൽകണം: മാണി സി കാപ്പൻ

പാലാ: ക്ഷീര കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജിന് രൂപം നൽകണമെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷകർ ഉത്പാദിപ്പിക്കുന്ന പാൽ മുഴുവൻ സംഭരിച്ച് കർഷകരെ സഹായിക്കത്തക്കവിധമുള്ള പാക്കേജിന് അടിയന്തിര പരിഗണന നൽകണമെന്നും കാപ്പൻ നിർദ്ദേശിച്ചു. ചക്കാമ്പുഴ ക്ഷീരസംഘത്തിൽ കൊറോണ ബാധിച്ച ക്ഷീര കർഷകർക്ക് അവരുടെ കാലികൾക്ക് നൽകാൻ സൗജന്യമായി ലഭ്യമാക്കുന്ന കാലിത്തീറ്റകളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ ബാധിച്ചവരുൾപ്പെടെയുള്ള ക്ഷീര കർഷകരുടെ സഹായത്തിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംഘം പ്രസിഡന്റ് സോണി ഈറ്റയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, മിൽമ ബോർഡ് മെമ്പർ ജോമോൻ മറ്റം, സൗമ്യ സേവ്യർ, ആൽബിൻ അലക്‌സ്, ജോമോൻ വടയാറ്റുശ്ശേരിൽ, ബെന്നിച്ചൻ കോതബനാനിയിൽ, ഡൊമിനിക് പുളിക്കപ്പടവിൽ, സണ്ണി നെടുമന, അമ്പളി എൻ പി തുടങ്ങിയവർ പ്രസംഗിച്ചു.