കോട്ടയം: മാണി സി കാപ്പൻ യുഡിഎഫ് വേദിയിലെത്തി. ഐശ്വര്യ കേരള യാത്രയിലാണ് കാപ്പൻ എത്തിയത്. പാലയിലെത്തിയ ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തിയ കാപ്പനെ നേതാക്കൾ സ്വീകരിച്ചു. ഹസ്തദാനം നൽകിയും ആലിം​ഗനം ചെയ്തുമാണ് യുഡിഎഫ് നേതാക്കൾ മാണി സി കാപ്പനെ സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം വലിയ ത്രിവർണ ഹാരം അണിയിച്ചാണ് പ്രവർത്തകർ കാപ്പനെ സ്വാ​ഗതം ചെയ്തത്.

 ഐശ്വര്യ കേരള യാത്രക്ക് പാലായിൽ ഊഷ്മള സ്വീകരണമാണ് മാണി സി കാപ്പൻ ഒരുക്കിയത്. നൂറ് കണക്കിന് വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണി ചേർന്നത്. യുഡിഎഫ് നേതാക്കൾ ചേർന്ന് കാപ്പനെ വേദിയിലേക്ക് ക്ഷണിച്ചു. 

തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് പാലായിലെ ജനങ്ങളുമായി മാണി സി കാപ്പൻ യുഡിഎഫ് വേദിയിലെത്തിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. കാപ്പന്റെ വരവ് യുഡിഎഫിന്റെ വിജയത്തിനുള്ള നാന്ദിയാണ് . യുഡിഎഫിന്റെ വിജയ ജാഥയാണ് ഇനി വരാനിരിക്കുന്നതെന്നും ഇടതുമുന്നണി തോറ്റവർക്ക് സീറ്റ് എടുത്ത് നൽകിയെന്ന കാപ്പന്റെ ന്യായം പാലാക്കാർക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇടതുമുന്നണിയിൽ നിന്ന് മാറി യുഡിഎഫിനൊപ്പം ചേർന്നെങ്കിലും എംഎൽഎ സ്ഥാനം രാജിവക്കാനില്ലെന്ന് മാണി സി കാപ്പൻ ആവർത്തിച്ചു. രാജി ആവശ്യം മുഴക്കുന്നവർ യുഡിഎഫ് വിട്ട തോമസ് ചാഴിക്കാടനും റോഷി അഗസ്റ്റിനും എൻ ജയരാജും അടക്കമുള്ളവരെ രാജി വയ്‌പ്പിച്ച് ആദ്യം ധാർമികത കാണിക്കട്ടെയെന്നും കാപ്പൻ പറഞ്ഞു. പുതിയ പാർട്ടി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് മാണി സി കാപ്പൻ പറയുന്നത്. യുഡി.എഫിൽ ഘടകകക്ഷിയാകും.

പാലാ നഗരത്തിലൂടെ ആവേശകരമായ റോഡ് ഷോക്ക് ശേഷമാണ് മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണി ചേരാനെത്തിയത്. നൂറ് കണക്കിന് വാഹനങ്ങളും പ്രവർത്തകരും കാപ്പന് ഒപ്പം ഉണ്ടായിരുന്നു. പാലാ നഗരത്തിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷം മാണി സി കാപ്പൻ യുഡിഎഫിന്റെ വേദിയിൽ എത്തി. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കൾ ചേർന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്.

അതേസമയം, സംസ്ഥാനത്ത്എൻസിപി ഔദ്യോ​ഗികമായി പിളർന്നു. മാണി സി. കാപ്പൻ അടക്കം 10 പേർ രാജി വച്ചു. നാളെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. എംഎൽഎ സ്ഥാനം രാജി വക്കില്ല. മുന്നണി മാറിയപ്പോൾ തോമസ് ചാഴികാടൻ എംപി സ്ഥാനവും റോഷി അഗസ്റ്റിനും ഡോ. എൻ ജയരാജും എംഎൽഎ സ്ഥാനവും രാജി വച്ചില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. മന്ത്രി എം.എം. മണി വാ പോയ കോടാലിയെന്ന് കാപ്പൻ ആരോപിച്ചു. ‘എൻസിപി കേരള' എന്ന പേരിൽ യുഡിഎഫിൽ ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സർക്കാരിൽ നിന്നും കിട്ടിയ ബോർഡ്‌ കോർപറേഷൻ അധ്യക്ഷ സ്‌ഥാനങ്ങളും പാർട്ടി സാധനങ്ങളും രാജി വയ്ക്കുമെന്ന പറഞ്ഞ കാപ്പൻ എംഎൽഎ സ്‌ഥാനം രാജി വക്കില്ലെന്നും വ്യക്തമാക്കി. മുന്നണി വിടുമ്പോൾ എംൽഎ സ്ഥാനം രാജിവയ്ക്കണമെങ്കിൽ റോഷി അഗസ്റ്റിനും തോമസ് ചാഴികാടനുമൊക്കെ രാജി വക്കണ്ടേ എന്നാണ് കാപ്പൻ ചോദിക്കുന്നത്. ആത്മാഭിമാനം ഉണ്ടെങ്കിൽ അവർ ആദ്യം രാജി വെക്കട്ടെയെന്നും കാപ്പൻ പറഞ്ഞു. ജോസ് കെ മാണി മാസങ്ങൾ കഴിഞ്ഞല്ലേ രാജി വച്ചതെന്നും കാപ്പൻ ചോദിക്കുന്നു.

പുതിയ പാർട്ടി രൂപീകരിച്ച് ഘടക കക്ഷിയായി യുഡിഎഫിൽ നിക്കുമെന്നാണ് കാപ്പൻ വ്യക്തമാക്കുന്നത്. നാളെ യോഗം ചേർന്ന് ഭാവി കാര്യങ്ങൾ തീരുമാനിക്കും പേരും നാളെ അറിയിക്കും. സംസ്‌ഥാന ഭാരവാഹികളിൽ 11 പേർ ഒപ്പം ഉണ്ടെന്നാണ് അവകാശവാദം. ജനങ്ങളുടെ കോടതി ജോസ് കെ മാണിക്ക് മറുപടി കൊടുക്കുമെന്ന് പറഞ്ഞ കാപ്പൻ പാലാ താൻ പിടിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.