മേലുകാവ്: അനുയ ചർച്ചക്കിടെ അതിക്രമത്തിന് ശ്രമിച്ച ലോറസ് ലോറിക്കാരന്റെ താക്കോലൂരി മാണി സി കാപ്പൻ. ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി വീടിനുണ്ടായ നാശം പരിഹരിക്കാൻ ടോറസ് ഉടമകളുമായി ചർച്ച നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പ്രതിഷേധിച്ച് ടോറസുകൾ നാട്ടുകാർ തടഞ്ഞിട്ടിരുന്നു. ഉടമകളുടെ ആളുകൾ ലോറി നീക്കാൻ ശ്രമിച്ചപ്പോഴാണ് എംഎൽഎയുടെ ഇടപെടൽ. ലോറിയിൽ കയറി കാപ്പൻ താക്കോലൂരിവാങ്ങി ശ്രമം തടഞ്ഞു. അങ്ങനങ്ങ് പോയാലോ എന്നായി കാപ്പന്റെ ശൈലി.

സ്വതവേ സൗമ്യനായ മാണി സി.കാപ്പൻ അനീതിക്ക് എതിരേ രോഷത്തോടെ പ്രതികരിച്ചത് നാട്ടുകാരുടെ കൈയടി നേടുകയും ചെയ്തു. ചർച്ചകൾക്കൊടുവിൽ ഉടമയ്ക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയാണ് എംഎ‍ൽഎ. മടങ്ങിയത്. നാശം വിതച്ച ടോറസുകൾ നീക്കാനുള്ളശ്രമമാണ് മാണി സി.കാപ്പൻ തടഞ്ഞത്. കാഞ്ഞിരംകവലയിൽ നിയന്ത്രണംവിട്ട ടോറസ് ലോറി ഇടിച്ചുകയറി കൊച്ചോലിമാക്കൽ മേഴ്സി ജെയിംസിന്റെ വീടിന് ഉണ്ടായ നാശനഷ്ടം പരിഹരിക്കാൻ തീരുമാനമായി. മേഴ്സിയുടെ ഭവനത്തിലും തുടർന്ന് മാണി സി.കാപ്പൻ എംഎ‍ൽഎ.യുടെ നേതൃത്വത്തിൽ മേലുകാവ് പൊലീസ് സ്റ്റേഷനിലും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇത് സംബന്ധിച്ച ഉടമ്പടി ശനിയാഴ്ച മേലുകാവ് പൊലീസ് സ്റ്റേഷനിൽ നടക്കും.

വീടിന് ഉണ്ടായ നാശനഷ്ടം മേലുകാവ് അസി. എക്സിക്യുട്ടീവ് എൻജിനീയർ, ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി വിലയിരുത്തും. 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് അനുമാനിക്കുന്നു. ഇൻഷുറൻസ് തുകയ്ക്ക് പുറമേ നഷ്ടമുണ്ടായതിന്റെ പൂർണ ഉത്തരവാദിത്വം പാറമട ഉടമ വഹിക്കും. ഇതോടൊപ്പം പൂർണമായി തകർന്ന രണ്ട് ബൈക്കുകളുടെയും ഭാഗികമായി തകർന്ന കാറിന്റെയും ഇൻഷുറൻസ് തുകയ്ക്ക് പുറമേയുള്ള തുക ടോറസ് ഉടമയും വഹിക്കും. വീട് പുനർനിർമ്മിക്കുന്നതുവരെയുള്ള വാടക ഇനത്തിൽ 20,000 രൂപ നഷ്ടപരിഹാരമായി വീട്ടുടമയ്ക്ക് നൽകാനും തീരുമാനമായി.

മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ.ബെഞ്ചമിൻ, എസ്.എച്ച.ഒ. ഷിബു പാപ്പച്ചൻ, പഞ്ചായത്തംഗം പ്രസന്നാ സോമൻ, എം.എ.സി.എസ്. പ്രസിഡന്റ് ജോസഫ് ജേക്കബ് തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നല്കി. ബുധനാഴ്‌ച്ചയാണ് കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറിയത്. അപകടം ഉണ്ടാകുന്നതിന് പത്ത് മിനിറ്റ് മുമ്പ് മേഴ്സിയും മകൻ ജിജോയും ബന്ധുവീട്ടിലേക്ക് പോയതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടമുണ്ടായ ശേഷം ഇതുവഴി ലോഡുമായി വന്ന പതിനഞ്ചോളം ടോറസ് ലോറികളും നാട്ടുകാർ തടഞ്ഞിട്ടിരുന്നു.

വെള്ളിയാഴ്ച ചർച്ച നടക്കുന്നതിനിടയിൽ ടോറസ് ലോറികൾ കൊണ്ടുപോകാൻ തുടങ്ങിയത് നേരിയ സംഘർഷത്തിനിടയാക്കുകയായിരുന്നു. വീടിനുള്ളിൽ ചർച്ചയിൽ പങ്കെടുത്തിരുന്ന മാണി സി.കാപ്പൻ ഉടൻ ലോറിയുടെ സമീപത്തെത്തി താക്കോൽ ഊരി വാങ്ങി ഈ ശ്രമം തടഞ്ഞു. നഷ്ടപരിഹാരം നല്കാമെന്ന തീരുമാനം ആയതിനെ തുടർന്നാണ് നാട്ടുകാർ ലോറികൾ തടഞ്ഞിട്ടത്.