പാലാ: വിരമിക്കുന്ന സൈനികരുടെ പെൻഷൻ പകുതിയായി കുറയ്ക്കാനും സൈനികരുടെ പെൻഷൻ പ്രായം ഉയർത്താനും നിർദ്ദേശിക്കുന്ന സംയുക്ത സൈനിക മേധാവി ജനറൽ വിപിൻ റാവത്തിന്റെ ശിപാർശ തള്ളിക്കളയണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. മിലിറ്ററി കാര്യ വകുപ്പിന്റെ ഈ നിർദ്ദേശം സൈനികരുടെ മനോവീര്യം തകർക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിരമിച്ച സൈനികർപോലും തങ്ങളുടെ പെൻഷൻ അനിശ്ചിതത്വത്തിലായേക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. വ്യക്തത ഇല്ലാത്ത നിർദ്ദേശം തങ്ങളെ ബാധിക്കുമെന്ന വിരമിച്ച സൈനികരുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.

കാര്യശേഷി കൂടുതൽ ഉള്ളവർ സൈന്യത്തിനു വേണമെന്നിരിക്കെ പെൻഷൻ പ്രായം ഉയർത്തുന്നത് ശരിയല്ല. കേന്ദ്ര സർക്കാർ വിമുക്തഭടന്മാർക്കുവേണ്ടി നടപ്പാക്കിയിട്ടുള്ള പല പദ്ധതികളും ലഭ്യമായിട്ടില്ലെന്ന പരാതിയും വിരമിച്ച സൈനികർക്കുണ്ട്.

ജീവിതത്തിന്റെ നല്ലഭാഗം സൈനിക സേവനം അനുഷ്ഠിക്കുന്ന സൈനികരോട് അനീതിക്കാട്ടെരുതെന്ന് മാണി സി കാപ്പൻ ആവശ്യപ്പെട്ടു. സൈനികരുടെയും വിമുക്തഭടന്മാരുടെയും പ്രശ്‌നങ്ങൾ എൻ സി പി ദേശീയ അധ്യക്ഷൻ ശരദ്പവാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും വിഷയം പാർലെമെന്റിൽ ഉന്നയിക്കുമെന്നും എം എൽ എ പറഞ്ഞു.