ന്യൂഡൽഹി: എൻ.സി.പി യു.ഡി.എഫിലെത്തുമോ എന്ന കാര്യം ഞായറാഴ്ചക്ക് മുമ്പ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്ന് പാലാ എംഎ‍ൽഎ മാണി സി കാപ്പൻ. ദേശീയ നേതൃത്വവുമായി ചർച്ച നടത്തുന്നതിനായി ഡൽഹിയിൽ തുടരുകയാണ് കാപ്പൻ. യു.ഡി.എഫിന്റെ ഭാഗമാകുന്നതിന് അനുകൂലമായ തീരുമാനം ദേശീയ നേതൃത്വം കൈകൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കാപ്പൻ പറഞ്ഞു.

മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം എൻ.സി.പി എൽ.ഡി.എഫ് വിടുന്നതിനെതിരാണ്. ദേശീയ നേതൃത്വത്തിന് എളുപ്പത്തിൽ തീരുമാനമെടുക്കുന്നതിനുള്ള തടസവും ശശീന്ദ്രന്റെ നിലപാടാണ്. ശശീന്ദ്രനേയും ഡൽഹിയിലേക്ക് വിളിപ്പിക്കും. ശശീന്ദ്രന്റെ കൂടെ നിലപാട് അറിഞ്ഞ ശേഷമാകും തീരുമാനം. എന്തായാലും പാർട്ടി പിളരുമെന്ന് ഉറപ്പായിട്ടുണ്ട്.

മാണി സി കാപ്പൻ യു.ഡി.എഫിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എൻ.സി.പി യു.ഡി.എഫിന്റെ ഘടക കക്ഷിയാകുമോ എന്ന കാര്യത്തിൽ മാത്രമാണ് വ്യക്തത വരാനുള്ളത്. അതേസമയം, കാപ്പന്റെ യു.ഡി.എഫ് പ്രവേശനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാലായിലെ എൻ.സി.പി പ്രവർത്തകർ. ഇതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. ചെന്നിത്തലയുടെ യാത്രയിൽ കാപ്പൻ പങ്കെടുക്കും. ഇത് കോൺഗ്രസും സ്ഥിരീകരിക്കുകയാണ്.

ഞായറാഴ്ച ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുന്നതിന് മുമ്പ് തീരുമാനം അറിയണമെന്ന് മാണി സി കാപ്പൻ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എൻ.സി.പിയുടെ മുന്നണി മാറ്റം സംബന്ധിച്ച് ചർച്ച നടത്തി തീരുമാനമുണ്ടാക്കാൻ പ്രഫുൽ പട്ടേലിനെ ശരദ് പവാർ ചുമതലയേൽപിച്ചിരിക്കുകയാണ്. കൂടിയാലോചനകളിലൂടെ മാത്രമേ തീരുമാനം എടുക്കൂവെന്നാണ് പ്രഫുൽ പട്ടേലിന്റെ നിലപാട്. കാപ്പന് അനുകൂലമാണ് ശരദ് പവാർ. എന്നാൽ കോൺഗ്രസിനോട് ചേരുന്നതിൽ പ്രഫുൽ പട്ടേലിന് താൽപ്പര്യക്കുറവുണ്ട്.

താൻ എൽ.ഡി.എഫ്. വിടുമെന്നും യു.ഡി.എഫിൽ ഘടക കക്ഷിയാകുമെന്നും മാണി സി. കാപ്പൻ പറഞ്ഞു കഴിഞ്ഞു. രമേശ് ചെന്നിത്തലയുടെ ജാഥ ഞായറാഴ്ച പാലായിൽ എത്തുന്നതിനു മുൻപ് അന്തിമ തീരുമാനം ഉണ്ടാകണമെന്ന് ദേശീയ നേതൃത്വത്തോടു പറഞ്ഞിട്ടുണ്ടെന്നും കാപ്പൻ പറഞ്ഞു. എൽ.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കും എന്ന ശശീന്ദ്രന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം ഉറച്ചുനിന്നോട്ടെ. ഒരു കുഴപ്പവുമില്ല. പാറപോലെ ഉറച്ചുനിൽക്കട്ടെ എന്നായിരുന്നു കാപ്പന്റെ മറുപടി. ഇത് പിളർപ്പിന്റെ സൂചനയാണ് നൽകുന്നത്.

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ച കിട്ടുമെന്ന വിലയിരുത്തൽ ദേശീയ തലത്തിലുണ്ട്. അതുകൊണ്ടാണ് ഇടതുപക്ഷത്തെ വിടാനുള്ള മടി. എന്നാൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കാപ്പനും പറയുന്നു. എല്ലാ സാഹചര്യവും പ്രഫുൽ പട്ടേൽ പരിഗണിക്കും. അതിന് ശേഷമേ തീരുമാനം ഉണ്ടാകൂ. അതിനിടെ ശശീന്ദ്രനെ കോൺഗ്രസ് എസിലേക്ക് രാമചന്ദ്രൻ കടന്നപ്പള്ളി സ്വാഗതം ചെയ്തിട്ടുണ്ട്.