- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തല ആഗ്രഹിച്ചത് താരീഖ് അൻവറിലൂടെ എൻസിപിയെ വളച്ചെടുക്കാൻ; കിട്ടുന്നത് കാപ്പനെ മാത്രം; പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച ശേഷം പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുമെന്ന് മാണി സി കാപ്പൻ; ജയിക്കുന്നത് ശശീന്ദ്ര തന്ത്രം; എലത്തൂർ മന്ത്രിക്ക് കിട്ടിയേക്കും; പാലായിൽ യുഡിഎഫിന് സിറ്റിങ് എംഎൽഎയെ കിട്ടുമ്പോൾ
കോട്ടയം: പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച ശേഷം പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുമെന്ന് മാണി സി കാപ്പൻ. പാർട്ടി പ്രഖ്യാപനം നാളെ ഉണ്ടാകും. ഇതോടെ എൻസിപിയുടെ കേരളാ ഘടകത്തിൽ പിളർപ്പ് ഉറപ്പായി. കാപ്പൻ കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയതെന്നും അതുകൊണ്ട് തന്നെ കാപ്പനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്ന് മന്ത്രി എകെ ശശീന്ദ്രനും അറിയിച്ചു. പാലായിൽ പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയെ വിജയിപ്പിക്കാൻ കാപ്പൻ സജീവമായി ഇടപെടുന്നുണ്ട്.
മാണി സി കാപ്പൻ വരുന്നത് യു ഡി എഫിന്റെ രാഷ്ട്രീയ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കാപ്പൻ പാലായിൽ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽ ഡി എഫിന് ധാർമികത പറയാൻ അവകാശമില്ലെന്നും, യുഡിഎഫ് വിട്ടപ്പോൾ റോഷിയും, ജയരാജും രാജിവച്ചില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. എംഎൽഎ സ്ഥാനം രാജിവച്ചിട്ട് കാപ്പൻ യുഡിഎഫിലേക്ക് പോകണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് കാപ്പനും നിഷേധിച്ചിരുന്നു. താൻ യുഡിഎഫിൽ ഘടകകക്ഷിയാകുമെന്നാണ് കാപ്പന്റെ പ്രഖ്യാപനം. എൻസിപിയെ ഒന്നാകെ കിട്ടിയില്ലെന്ന നിരാശ യുഡിഎഫ് ക്യാമ്പിലുണ്ട്.
.അതേസമയം പുതിയ പാർട്ടി രൂപീകരിക്കുന്ന മാണി സി കാപ്പനെതിരെ എൻ സി പി അച്ചടക്ക നടപടിയെടുക്കും. കാപ്പന്റെ പാർട്ടി വിരുദ്ധ പ്രവർത്തനം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, ടി പി പീതാംബരനുമായി സംസാരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ച കിട്ടുമെന്ന ശശീന്ദ്രന്റെ നിലപാട് കേന്ദ്ര നേതൃത്വം അംഗീകരിക്കുകയാണ്. ഇതോടെ ശശീന്ദ്രന് വീണ്ടും എൻസിപിയുടെ ഭാഗമായി മത്സരിക്കാം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എലത്തൂരിൽ മത്സരിക്കാൻ ശശീന്ദ്രനെ സിപിഎം അനുവദിക്കുകയും ചെയ്യും. അതിനിടെ കാപ്പൻ പാർട്ടി അംഗത്വം രാജിവച്ചെന്നും രാജിവച്ചവരെ പുറത്താക്കാൻ കഴിയില്ലെന്ന് പീതാംബരനും പ്രതികരിച്ചു.
'എംഎൽഎ സ്ഥാനം രാജിവെക്കില്ല. കൂടുതൽ നേതാക്കൾ ഒപ്പമുണ്ടാകും, തന്നോടൊപ്പം പോരുന്നവരും പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കും. ചതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് ജനങ്ങൾക്കറിയാം. പാർട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവർ എൻസിപിയിൽ തന്നെയുണ്ട്. മന്ത്രി എം.എം. മണി വാ പോയ കോടാലിയാണ്. അദ്ദേഹത്തിന്റെ പരാമർശത്തോട് പ്രതികരിക്കാനില്ല. എൻസിപി ഇടതുമുന്നണിയിൽ തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിൽ നിരാശയില്ല. വ്യക്തിപരമായുള്ള ബന്ധത്തിൽ ശരത് പവാറിന് തന്നെ കൂടെ നിർത്താൻ ആണ് ആഗ്രഹം'- മാണി സി കാപ്പൻ വ്യക്തമാക്കി. യു.ഡി.എഫിനോട് മൂന്നുസീറ്റുകളാണ് മാണി സി കാപ്പൻ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തിൽ ഉറപ്പുലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച പാലായിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ എത്തുമ്പോൾ താനും അതിൽ പങ്കാളിയാകും. ഇക്കാര്യം ദേശീയനേതൃത്വത്തെ അറിയിച്ചു. അവർ എതിർത്തോ അനുകൂലിച്ചോ ഒന്നും പറഞ്ഞില്ലെന്നും പാർട്ടിയായാണ് താൻ ഐക്യമുന്നണിയിൽ ചേരുന്നതെന്നും കാപ്പൻ അറിയിച്ചിരുന്നു. ഇതോടെ എൻസിപി ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുമെന്നും വ്യക്തമാകുകയാണ്. എൻസിപിയെ ഒന്നാകെ യുഡിഎഫിൽ എത്തിക്കാനുള്ള യുഡിഎഫ് നീക്കമാണ് പാളുന്നത്. സിപിഎം ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ കാരണമാണ് കാപ്പനെ പവാർ കൈവിട്ടതെന്നാണ് സൂചന.
മാണി സി. കാപ്പന്റെ യുഡിഎഫ് പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയിൽ ഇരു വിഭാഗങ്ങൾ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് എത്തുകയും ചെയ്തു. കാപ്പൻ സിനിമാ സ്‌റ്റൈലിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവാണെന്നും രാഷ്ട്രീയത്തെ ബിസിനസ്സായി കാണുന്ന ആളാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, മുൻ പ്രസിഡന്റുമാരായ കെ.ആർ. അരവിന്ദാക്ഷൻ, ടി.വി. ബേബി തുടങ്ങി എൻസിപി ഔദ്യോഗിക വിഭാഗത്തിനൊപ്പം നിൽക്കുന്നവർ പറഞ്ഞു. എന്നാൽ കോട്ടയം ജില്ലയിലെ എൻസിപി നേതാക്കളിൽ ബഹുഭൂരിഭാഗവും കാപ്പനൊപ്പമാണെന്നു പ്രസിഡന്റ് സാജു എം. ഫിലിപ്പ്, ദേശീയ സെക്രട്ടറി സലീം പി. മാത്യു എന്നിവർ പറയുന്നു.
കാര്യങ്ങൾ ഇത്തരത്തിൽ കൊണ്ടുചെന്നെത്തിച്ചത് കാപ്പന്റെ ശാഠ്യമാണ്. ഒറ്റയാനെപ്പോലെയാണു കാപ്പന്റെ പ്രവർത്തന ശൈലി. കാപ്പന്റെ പിടിവാശികൊണ്ടാണ് തദ്ദശ തിരഞ്ഞെടുപ്പിൽ എൻസിപിക്ക് സീറ്റുകൾ കുറഞ്ഞത്. കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്കു വന്നപ്പോൾ പാലാ തനിക്കു ചങ്കാണെന്നും വിട്ടുകൊടുക്കില്ലെന്നും പറഞ്ഞ് കാപ്പൻ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി. ഇത് എൽഡിഎഫിൽ അവ മതിപ്പുണ്ടാക്കി. പാലാ നിയോജക മണ്ഡലത്തിൽ എൻസിപിക്കു ലഭിച്ച സീറ്റുകളുടെ എണ്ണം കുറയാൻ ഇതു കാരണമായി. ചർച്ചകളിൽ പങ്കെടുത്തു കൂടുതൽ സീറ്റുകൾ വാങ്ങിനൽകുന്നതിനു പകരം തന്റെ സീറ്റ് ഉറപ്പിക്കുക മാത്രമാണു കാപ്പൻ ചെയ്തത്. ജില്ലാ കമ്മിറ്റിയിലെ 11 പേരും പാലാ ഒഴികെയുള്ള ജില്ലയിലെ 8 ബ്ലോക്ക് കമ്മിറ്റികളുടെ പിന്തുണ ഉണ്ട്ഇങ്ങനെ പോകുന്നു ഔദ്യോഗികക്കാരുടെ നിലപാട്.
ജില്ലാ കമ്മിറ്റിയിലെ 13 അംഗങ്ങളിൽ 11 പേരും ബ്ലോക്ക് കമ്മിറ്റി എന്നിവയും ജില്ലയിലെ മറ്റു പോഷക സംഘടനകളും ഒപ്പമുണ്ടെന്ന് കാപ്പൻ അനുകൂലികളും പറയുന്നു. ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാരെല്ലാം ഞങ്ങൾക്കൊപ്പമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനു മൂന്നു മാസം മുൻപു എൻസിപിയിൽനിന്നു പുറത്താക്കിയ ആളുകളാണ് ഇപ്പോൾ കാപ്പനെതിരെ പറയുന്നത്. കാപ്പൻ ഇടപെട്ടാണ് ഇവരെ പാർട്ടയിൽ തിരിച്ചെടുത്തത്. ഒരു ആയുഷ്‌കാലം മുഴുവൻ പാലായിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനു ശേഷം മണ്ഡലം പിടിച്ചെടുത്ത കാപ്പനോട് കടുത്ത അനീതിയാണു മുന്നണി കാട്ടിയതെന്ന് അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ