മുംബൈ: ബിജെപിയുടെ ഉറച്ച സഖ്യ കക്ഷിയായിരുന്നു ശിവസേന. ബിജെപിയേക്കാൾ ഹിന്ദുത്വം പറയുന്നവർ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ എങ്ങനേയും ബിജെപിയെ അകറ്റുക എന്നതായി പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മുഖ്യ ചിന്ത. അങ്ങനെയാണ് ശിവസേന നേതാവ് ബാൽ താക്കറയുടെ മകൻ ഉദ്ദവ് താക്കറെ മഹാരാഷ്ട്രാ മുഖ്യമന്ത്രിയാകുന്നത്. ബിജെപിക്കെതിരെ കോൺഗ്രസിന് ബദൽ ഉയർത്താനാകില്ല. ഈ സാഹചര്യത്തിൽ മൂന്നാം മുന്നണിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ സജീവമാണ്. ഇതിന്റെ നേതാവാകുകയാണ് ശരത് പവാറിന്റെ മോഹം. ഇതിന് ഇടതു പിന്തുണ അനിവാര്യതയും. ഈ സാഹചര്യത്തിലാണ് കേരളത്തിലും ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കാൻ എൻസിപി തീരുമാനിച്ചത്. അതുകൊണ്ടാണ് മാണി സി കാപ്പൻ എന്ന വിശ്വസ്തനെ പവാർ കൈവിടുന്നതും.

ജോസ് കെ മാണിക്ക് പാല സീറ്റ് വിട്ടുകൊടുക്കാനുള്ള എൽഡിഎഫ് തീരുമാനമാണ് കാപ്പനെ യുഡിഎഫ് പാളയത്തിലേക്ക് എത്തിച്ചത്. എൻസിപി എൽഡിഎഫിൽ തുടരും അതിനാൽ തന്നെ കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചാകും യുഡിഎഫിനൊപ്പം ചേരുക. പവാറിനോടുള്ള വിധേയത്വം കാപ്പൻ തുടരും. യുഡിഎഫിൽ നിന്ന് മൂന്നോ രണ്ടോ സീറ്റ് മത്സരിക്കാൻ കാപ്പൻ നേടിയെടുക്കും. ഇടതുപക്ഷത്ത് നിന്ന് മൂന്ന് സീറ്റും കിട്ടും. അതായത് രണ്ട് മുന്നണിയിലായി എൻസിപിയുടെ അഞ്ചിൽ അധികം പേർ ഇത്തവണ മത്സരിക്കാനുണ്ടാകും. ഇതിൽ എത്രപേർ ജയിക്കുമെന്നതാണ് ഇനി നിർണ്ണായകം. കേരളാ കോൺഗ്രസുകൾ പിളർക്കുമ്പോൾ പിളരും തോറും വളരുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ് എന്ന വിഖ്യാത തത്വം ചർച്ചയാക്കിയത് കെ എം മാണിയാണ്. കെ എം മാണിയുടെ മരണത്തിന് ശേഷം പാല പിടിച്ച മാണി സി കാപ്പനും പിളർപ്പിലൂടെ എൻസിപിയെ വളർത്താനുള്ള യാത്രയിലാണ്.

കാപ്പന്റെ ഈ മോഹത്തിനൊപ്പം ശരത് പവാർ ഇല്ലെന്നതിന് പിന്നിൽ ദേശീയ രാഷ്ട്രീയത്തിലെ കാണാചരടുകളാണ്. തൃണമൂൽ നേതാവ് മമതാ ബാനർജി അടക്കം പലർക്കും മൂന്നാം മുന്നണിയുടെ നേതൃസ്ഥാനം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇവരോട് സിപിഎം അടക്കമുള്ള എൻസിപിക്ക് താൽപ്പര്യമില്ല. ഡിഎംകെയും അടുത്ത തെരഞ്ഞെടുപ്പിൽ വലിയ മുന്നണിയായി മാറും. എന്നാൽ ദേശീയ നേതാവായി മാറാൻ കരുത്തുള്ളവർ അവിടേയും ഇല്ല. കോൺഗ്രസിന് പുറത്ത് സർവ്വ സമ്മത നേതാവാണ് പവാർ. അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദം പോലും പവാർ സ്വപ്‌നം കാണുന്നു. കർഷക സമരം ഇതിനുള്ള സാധ്യത ഒരുക്കുമെന്നും വിലയിരുത്തുന്നു. ഇതിന് ഇടതു പക്ഷത്തിന്റെ പിന്തുണ അനിവാര്യമാണ്. ഇതിന് വേണ്ടിയാണ് സിപിഎമ്മിനെ തൽകാലം പിണക്കേണ്ടതില്ലെന്ന നിലപാടിൽ ശരത് പവാർ എത്തിയത്.

കേരളത്തിലെ മുന്നണികാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രഫുൽ പട്ടേലിന് സമയം അനുവദിക്കുന്നതിൽ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയൻ താൽപ്പര്യം കാട്ടിയില്ല. പാലാ സീറ്റ് പിടിച്ചെടുക്കുമെന്നും പറഞ്ഞു. എന്നാൽ പോലും പിണറായിയെ പിണക്കിയാൽ ഭാവിയിൽ ഒരിക്കലും സിപിഎം പിന്തുണ കിട്ടില്ലെന്ന് ശരത് പവാർ കണക്കൂകൂട്ടി. ബംഗാളിലും ത്രിപുരയിലും സിപിഎം തകർന്നടിഞ്ഞു. കേരളത്തിൽ തുടർഭരണ സാധ്യതയുമുണ്ട്. അതിനാൽ പിണറായിയുടെ വാക്കുകൾക്കാകും ഇനി സിപിഎമ്മിൽ പ്രാധാന്യം കിട്ടുക. ഇതെല്ലാം പരിഗണിച്ചാണ് കേരളത്തിൽ സിപിഎമ്മിനെ പിണക്കേണ്ടതില്ലെന്ന് പവാർ തീരുമാനിച്ചത്.

എല്ലാ സാഹചര്യവും വിലയിരുത്തിയാണ് കാപ്പനെ കൈവിടാൻ പവാർ നിലപാട് എടുത്തത്. ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കേരളത്തിൽ കരുതലോടെ നീങ്ങണമെന്ന് പ്രഫുൽ പട്ടേലും ആഗ്രഹിച്ചു. പിണറായിയുടെ അപമാനം നേതാവിന് വേണ്ടി മറക്കാൻ പട്ടേലും സമ്മതിച്ചു. ഇതോടെ കാപ്പനോട് യുഡിഎഫിലേക്ക് മാറിക്കൊള്ളാൻ നിർദ്ദേശവും എത്തി. അങ്ങനെ പവാറിന്റെ സമ്മതം വാങ്ങിയാണ് കാപ്പൻ മുന്നണി മാറുന്നതെന്നും സൂചനയുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ സമവാക്യ സാധ്യതകൾ കാപ്പനും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ പവാറിനെ തള്ളി പറയാതെ കാപ്പനും മുന്നണി മാറി.

കേരളത്തിൽ കോൺഗ്രസിനെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ എത്തിയത് താരീഖ് അൻവറാണ്. പവാറിന്റെ പഴയ ശിഷ്യൻ. ഈ പഴയ എൻസിപിക്കാരനും പവാറിനെ പാർട്ടിയെ ഒന്നാകെ യുഡിഎഫിൽ എത്തിക്കാൻ കഴിഞ്ഞില്ല. മാണി സി. കാപ്പൻ യു.ഡി.എഫിലേക്ക് പോകുന്നത് നഷ്ടമാണെന്നും കാപ്പന്റെ ആവശ്യം ന്യായമാണെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ പറയുന്നു. മാണി സി കാപ്പൻ പാർട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകളിലുള്ളത് കാപ്പനോടുള്ള പവാറിന്റെ താൽപ്പര്യമാണ്.

'പാലാ സീറ്റ് നഷ്ടപ്പെട്ടത് പാർട്ടിക്ക് ക്ഷീണം തന്നെയാണ്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പാല സീറ്റ് ഒരുപോലെ ആവശ്യപ്പെട്ടതാണ്. മാണി സി.കാപ്പൻ പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ്. രണ്ട് എംഎ‍ൽഎമാരുണ്ടായിരുന്നവരിൽ ഒരാളാണ്. അതിനാൽതന്നെ കാപ്പൻ പോയാൽ അതിന്റെ ക്ഷീണം പാർട്ടിക്കുണ്ടാകും.' കാപ്പനൊപ്പം പത്ത് ഭാരവാഹികൾ രാജിവെച്ചുവെന്നും കാപ്പൻ പോയാലും പാലായിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് കരുതുന്നതെന്നും പീതാംബരൻ മാസ്റ്റർ കൂട്ടിച്ചേർത്തു. അതേസമയം കാപ്പൻ പോയിട്ടും എൻസിപിയിൽ തർക്കം തുടരുകയാണ്.

കാപ്പനൊപ്പം ആളില്ലെന്നും വെറും മൂന്ന് ഭാരവാഹികൾ മാത്രമാണ് രാജിവെച്ചതെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. കാപ്പനെയും ഒപ്പമുള്ളവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ രാജിവെച്ചയാളെ എങ്ങനെ പുറത്താക്കുമെന്നാണ് പീതാംബരൻ മാസ്റ്റർ ഇതിനോട് പ്രതികരിച്ചത്.