തിരുവനന്തപുരം: മാണി സി. കാപ്പനെ എൻസിപിയിൽ നിന്നും പുറത്താക്കി. യുഡിഎഫ് പ്രവേശനത്തിന് കാപ്പൻ സ്വന്തമായി പാർട്ടി രൂപീകരിക്കാൻ നീക്കം തുടങ്ങിയ പശ്ചാത്തലത്തിലാണ് പാർട്ടി പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ നടപടിയെടുത്തതെന്ന് ജനറൽ സെക്രട്ടറി എസ് ആർ കോഹ് ലി അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കുചേർന്ന് കാപ്പൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരുന്നു. യുഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് കാപ്പൻ ഈ മാസം തന്നെ പാർട്ടി പ്രഖ്യാപിക്കും.

പാലാ സീറ്റിനെച്ചൊല്ലി എൽഡിഎഫിൽ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് മാണി സി. കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടത്. പുതിയ പാർട്ടി രൂപീകരിക്കുമെന്നു പറഞ്ഞ മാണി സി.കാപ്പൻ യുഡിഎഫിന്റെ ഘടകകക്ഷിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പുതിയ പാർട്ടിയുടെ ഭരണഘടന, പേര്, കൊടി, റജിസ്‌ട്രേഷൻ എന്നിവയെക്കുറിച്ചു തീരുമാനിക്കാൻ മാണി സി. കാപ്പൻ എംഎൽഎ ചെയർമാനും ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗ സമിതിയെ പാലായിൽ യോഗം ചുമതലപ്പെടുത്തി.

സർക്കാരിൽ നിന്നു ലഭിച്ച കോർപറേഷൻ ചെയർമാൻ, ബോർഡ് മെംബർ സ്ഥാനങ്ങൾ പാർട്ടി വിട്ടവർ രാജിവയ്ക്കും.

അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ സുൾഫിക്കർ മയൂരി, കെടിഡിസി ഡയറക്ടർ ബോർഡ് അംഗം പി.ഗോപിനാഥ്, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം സലീം പി.മാത്യു എന്നിവരാണു സ്ഥാനങ്ങൾ രാജിവയ്ക്കുക. സംസ്ഥാന ട്രഷറർ ബാബു കാർത്തികേയൻ ഉൾപ്പെടെ 10 സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എൻസിപിയിൽ നിന്നു രാജിവയ്ക്കുന്നതായി കാണിച്ചു പാർട്ടി അധ്യക്ഷൻ ടി.പി.പീതാംബരനു കത്തു നൽകിയിരുന്നു.

എൻസിപി കേരളത്തിൽ എൽഡിഎഫിൽ തുടരുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കുമ്പോഴും മാണി സി.കാപ്പൻ പാർട്ടി വിടേണ്ടിവന്നതിലെ വിഷമം മറച്ചുവയ്ക്കാതെയാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

കാപ്പന്റെ രാജി വഞ്ചനയായി കാണേണ്ടതില്ലെന്ന നിലപാടിലാണ് ടി.പി. പീതാംബരൻ. മാത്രമല്ല, പുതിയ പാർട്ടി രൂപീകരിക്കുമെന്നു പ്രഖ്യാപിച്ച കാപ്പനെതിരെ നടപടിയുണ്ടാകുമെന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാടിനോടുള്ള നീരസവും പീതാംബരൻ മറച്ചുവച്ചില്ല. 'രാജി വച്ചവരെ എങ്ങനെ പുറത്താക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 'ജയിച്ച സീറ്റ് തോറ്റ പാർട്ടിക്കു വിട്ടുകൊടുത്തതിൽ കാപ്പനുണ്ടായ വിഷമം മനസ്സിലാക്കുന്നു. അതാണു രാജിയിലേക്കു നയിച്ചത്. അതിനെ വഞ്ചനയെന്നു കാണേണ്ടതില്ല'. ടി.പി. പീതാംബരൻ പറഞ്ഞു.