മേലടുക്കം: ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി അപലപനീയവും നിന്ദ്യവുമാണെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പര്യടന പരിപാടിക്കു തുടക്കം കുറിച്ചുകൊണ്ട് മേലടുക്കത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവന സന്നദ്ധരായ കന്യാസ്ത്രീകകൾക്കെതിരെ ദുരാരോപണം ഉയർത്തുന്ന നടപടി അംഗീകരിക്കാനാവില്ല. കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ യു പി സർക്കാർ തയ്യാറാകണം. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ മതേതരത്വത്തിന് വെല്ലുവിളി ഉയർത്തുകയാണ്. വിഷയത്തിൽ കേന്ദ്ര-കേരള സംസ്ഥാന സർക്കാരുകളും ഇടപെട്ട് കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കുകയും കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പര്യടന പരിപാടി ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. കുര്യൻ നെല്ലുവേലി അധ്യക്ഷത വഹിച്ചു. തലനാട് പഞ്ചായത്തിലെ പര്യടനം ഉച്ചയ്ക്ക് ചേരിപ്പാട് സമാപിച്ചു. തുടർന്ന് മൂന്നിലവ് ടൗണിൽ നിന്നും ആരംഭിച്ച മൂന്നിലവ് പഞ്ചായത്തിലെ പര്യടനം വൈകിട്ട് ചകണിയാംതടത്ത് സമാപിച്ചു.

പാലാ മണ്ഡലത്തിൽ അവഗണിക്കപ്പെട്ടു കിടന്ന മലയോര മേഖലകളായ തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിൽ ചുരുങ്ങിയകാലം കൊണ്ട് നടപ്പാക്കിയ വികസനവും കരുതലും പര്യടനത്തിൽ വിശദീകരിച്ചു. തുടർന്നും ഈ പരിഗണന ഈ മേഖലയിൽ വികസനം എത്തിക്കുമെന്ന് സ്ഥാനാർത്ഥി മാണി സി കാപ്പൻ വോട്ടർമാർക്ക് ഉറപ്പു നൽകി. പര്യടനം കടന്നു പോയ എല്ലാ മേഖലകളിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം മാണി സി കാപ്പന് പിന്തുണയുമായി എത്തിയിരുന്നു.

മുൻ എം പി ജോയി എബ്രാഹം, സജി മഞ്ഞക്കടമ്പിൽ, റോയി മാത്യു എലിപ്പുലിക്കാട്ട്, പ്രൊഫ സതീഷ് ചൊള്ളാനി, ജോയി സ്‌കറിയാ, ആർ പ്രേംജി, ജോസ് പാറേക്കാട്ട്, ജോസ്‌മോൻ മുണ്ടയ്ക്കൽ, ആർ സജീവ്, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ, രോഹിണി ഭായി ഉണ്ണികൃഷ്ണൻ, താഹ തലനാട്, സന്തോഷ് കാവുകാട്ട്, ഷൈൻ പാറയിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

മാണി സി കാപ്പൻ ഇന്ന് (25/03/2021) കൊഴുവനാൽ, മുത്തോലി മണ്ഡലങ്ങളിൽ പര്യടനം നടത്തും. കൊഴുവനാൽ പഞ്ചായത്തിലെ പര്യടനം 8 ന് ചേർപ്പുങ്കൽ പള്ളിക്കവലയിൽ ആരംഭിച്ച് 1.15 ന് മേവിട കവലയിൽ സമാപിക്കും. തുടർന്നു 2 ന് മുത്തോലി പള്ളിത്താഴെ നിന്നാരംഭിക്കുന്ന മുത്തോലി പഞ്ചായത്തിലെ പര്യടനം 8.30 ന് മുത്തോലിക്കവലയിൽ സമാപിക്കും.

മാണി സി കാപ്പന് അപരനെ നിറുത്തിയത് അധമപ്രവർത്തനം: യു ഡി എഫ്

പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പേരിനോട് സാമ്യമുള്ള മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയത് പരാജയഭീതിയുള്ളവരാണെന്ന് യു ഡി എഫ് നേതൃയോഗം വിലയിരുത്തി, ജനാധിപത്യത്തിലെ അധമപ്രവർത്തനമാണ് ഈ നടപടി. പാലാക്കാരുടെ സാമാന്യബുദ്ധിയെ ഈ നടപടിയിലൂടെ ചോദ്യം ചെയ്യുകയാണ്.

യു ഡി എഫ് സ്ഥാനാർത്ഥിയുടെ നമ്പർ ഏഴും ചിഹ്നം ട്രാക്ടർ ഓടിക്കുന്ന കർഷകനുമാണെന്ന് തിരിച്ചറിയാനുള്ള വിവേകം പാലാക്കാർക്ക് ഉണ്ടെന്നും കമ്മിറ്റി വിലയിരുത്തി. പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.

മാണി സി കാപ്പന്റെ വിജയം അനിവാര്യം: കർഷകർ

പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അനിവാര്യമാണെന്ന് കർഷകരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി. എൽ ഡി എഫ് സർക്കാരിന് റബ്ബറിന്റെ തറവില 250 ആക്കണമെന്ന കർഷകരുടെ ആവശ്യം മാണി സി കാപ്പൻ സമർപ്പിച്ചെങ്കിലും 170 രൂപ മാത്രമായി ചുരുക്കി. ഒട്ടുപാലിനും ചിരട്ടപ്പാലിനും തറവില നിശ്ചയിക്കണമെന്ന മാണി സി കാപ്പന്റെ നിർദ്ദേശവും സർക്കാർ നടപ്പാക്കിയിട്ടില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. കർഷകർക്കായി നിലകൊള്ളാൻ മാണി സി കാപ്പനു സാധിക്കമെന്ന് 16 മാസം കൊണ്ട് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. യോഗത്തിൽ അനൂപ് ചെറിയാൻ അധ്യക്ഷത വഹിച്ചു.