പാലാ: പാലായിലെ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് അടയാളമായ കർഷകനോടിക്കുന്ന ട്രാക്ടർ ചിഹ്നത്തിന് വോട്ടിങ് യന്ത്രത്തിൽ തെളിച്ചക്കുറവുള്ളതിനാൽ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകുമെന്ന് കാട്ടി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ഏജന്റ് അഡ്വ അജി ജോസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മറ്റു ചിഹ്നങ്ങൾക്ക് തെളിമയും വലുപ്പവുമുണ്ട്. എന്നാൽ മാണി സി കാപ്പന്റെ ചിഹ്നത്തിന് മറ്റു ചിഹ്നങ്ങളെ അപേക്ഷിച്ചു വലുപ്പ കുറവാണ്.

വോട്ടിങ് യന്ത്രത്തിൽ ഏഴാമതുള്ള മാണി സി കാപ്പന്റെ താഴെയായി ഉള്ളത് മാണി സി കാപ്പന്റെ പേരിനോട് സാമ്യമുള്ള മാണി സി കുര്യാക്കോസ് എന്നയാളാണ്. ട്രക്ക് ചിഹ്നമാണ് ഇദ്ദേഹത്തിന്റേത്. അതിനാൽ വോട്ടർമാർക്ക് ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാൻ വോട്ടിങ് യന്ത്രത്തിൽ മറ്റ് സ്ഥാനാർത്ഥികളുടേത് പോലെ വലുതും തെളിച്ചമുള്ളതുമായ ചിഹ്നം ചേർക്കണമെന്ന് അജി ജോസ് ആവശ്യപ്പെട്ടു. പരാതി പറയാൻ ജില്ലാ കളക്ടറെ വിളിച്ചിട്ടു കിട്ടിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

കൃഷിനാശം: അടിയന്തിര സഹായം എത്തിക്കണമെന്ന് കാപ്പൻ

പാലാ : മേലുകാവ് ചെമ്മലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും കൃഷി നാശമുണ്ടായവർക്കും വീട് തകർന്നവർക്കും അടിയന്തര സഹായം എത്തിക്കണമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങൾ അടിയന്തിരമായി വിലയിരുത്തി നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ചു നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.