- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസ് കെ മാണി യുഡിഎഫിലേക്ക് വരുന്നതിൽ വിയോജിപ്പ് ഇല്ല; ആരെ വേണമെങ്കിലും കൂട്ടട്ടെ; പക്ഷേ, പാലാ സീറ്റ് അവർക്ക് കൊടുക്കണമെന്നും അവിടെ ജോസ് കെ മാണി മത്സരിക്കണമെന്നും പറഞ്ഞ് വരാൻ പാടില്ല; തോൽവി അംഗീകരിച്ച് സഹകരിക്കണം; മനസ്സു തുറന്ന് മാണി സി കാപ്പൻ
കോട്ടയം: കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് എത്തിച്ച് മുന്നണിയെ ശക്തിപ്പെടുത്തണമെന്ന തീരുമാനം അടുത്തിടെ നടന്ന കോൺഗ്രസ് ചിന്തൻ ശിബിറിൽ പുറത്തുവന്നിരുന്നു. എന്നാൽ, ഈ ഓഫർ ജോസ് കെ മാണി മൗനത്തോടെ തള്ളുകയാണ് ഉണ്ടായാത്. എന്നാൽ, സാഹചര്യങ്ങൾ മാറിയാൽ ചിലപ്പോൾ മാറ്റങ്ങൾ സംഭവിച്ചുവെന്നിരിക്കാം. ജോസ് കെ മാണി തിരികെ വന്നാൽ യുഡിഎഫിലെ അടുത്ത പ്രശ്ന വിഷയം പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കമാകും. ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കയാണ് എൻസിപി നേതാവ് മാണി സി കാപ്പൻ.
കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് തിരിച്ചുവരുന്നതിൽ തനിക്കൊരു വിയോജിപ്പും ഇല്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ വ്യക്തമാക്കി. എന്നാൽ ഇതുസംബന്ധിച്ച് പറഞ്ഞു കേൾക്കുന്നത് അല്ലാതെ മറ്റു വിവരങ്ങൾ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കാപ്പന്റെ വാക്കുകൾ. കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ അങ്ങനെ ചില ചർച്ചകൾ നടന്നെന്നു മനസ്സിലായെന്നും പാലാ എംഎൽഎ കൂട്ടിച്ചേർത്തു.
ജോസ് കെ മാണി തിരിച്ചുവരുന്നതിൽ ഒരു വിയോജിപ്പും ഇല്ലെന്നാണ് കാപ്പൻ ചോദ്യത്തോട് പ്രതികരിച്ചത്. കേരളാ കോൺഗ്രസ് തിരികെ വരികയാണെങ്കിൽ അത് യുഡിഎഫിന് നല്ല കാര്യമല്ലേയെന്നും ആരെ വേണമെങ്കിലും കൂട്ടി മുന്നണി വികസിപ്പിച്ചോട്ടെയെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ താനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ എൽഡിഎഫിൽ ഉണ്ടായതു പോലത്തെ അനുഭവം ഉണ്ടാകരുതെന്നും നിലപാട് വ്യക്തമാക്കിക്കൊണ്ട് മാണി സി കാപ്പൻ പറഞ്ഞി.
'പാലാ സീറ്റ് അവർക്ക് കൊടുക്കണമെന്നും അവിടെ ജോസ് കെ മാണി മത്സരിക്കണമെന്നും പറഞ്ഞ് വരാൻ പാടില്ല. എൽഡിഎഫിൽ ആയിരിക്കുമ്പോൾ അതാണ് സംഭവിച്ചത്.' കാപ്പൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു. എൽഡിഎഫിൽ നിന്ന് തന്റെ സീറ്റ് അവർക്ക് കൊടുക്കുകയാണെന്ന് ആരും പറഞ്ഞിരുന്നില്ല. ജോസ് കെ മാണി ആവശ്യം ഉന്നയിച്ചതുമില്ല. മാധ്യമങ്ങളിൽ കൂടിയാണ് താൻ നീക്കം അറിഞ്ഞതെന്നും പിണറായി വിജയൻ പോലും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും മുന്നണിയും പാർട്ടിയും വിടാനുണ്ടായ സാഹചര്യം വിശദീകരിച്ചുകൊണ്ട് മാണി സി കാപ്പൻ പറഞ്ഞു.
ജോസ് കെ മാണിയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യത്തിന് കാണുമ്പോൾ ചിരിക്കുകയും ഹലോ പറയുകയും ചെയ്യുമെങ്കിലും പണി വരുമ്പോൾ തിരിച്ചാണെന്നാണ് കാപ്പൻ പറഞ്ഞത്. തോറ്റ സ്ഥാനാർത്ഥിയും ഒരു പാർട്ടിയുടെ ചെയർമാനുമായ ജോസ് കെ മാണി ഉണ്ടായ തോൽവി അംഗീകരിച്ച് മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങളിൽ സഹകരിക്കുകയാണ് വേണ്ടതെന്നും കാപ്പൻ ആവശ്യപ്പെട്ടു. എംഎൽഎ ആയ തന്റെ പ്രവർത്തനങ്ങൾക്ക് ജോസ് കെ മാണി തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും കാപ്പൻ വിമർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ