പാലാ: പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയുടെ അരും കൊലപാതകത്തിൽ പ്രതികരണവുമായി സ്ഥലം എംഎൽഎ മാണി സി കാപ്പൻ. ജിമ്മി ജോർജ്ജ് അടക്കം പഠിച്ച കോളേജിലെ കലാലയ മുറ്റത്ത് ചിതറി വീണത് ഒരു വിദ്യാർത്ഥിയുടെ ചുടു ചോരയാണ്. മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോട് ഐക്യപ്പെടുന്നുവെന്ന് കാപ്പൻ ഫേസ്‌ബുക്കിൽ കുറിച്ചു.

നമ്മുടെ കാഴ്ചപ്പാടുകൾ, മനോവിചാരങ്ങൾ, സഹിഷ്ണുത, പാരസ്പര്യ എല്ലാം ചോദ്യം ചെയ്യുന്നതാണ് ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങൾ. കോളേജ് വിദ്യാർത്ഥികളായ എന്റെ എല്ലാ കുഞ്ഞു അനുജന്മാരും, അനുജത്തിമാരും, ഓർക്കുക നൈമിഷികമായ ഒരു വികാരവിക്ഷോഭം നഷ്ടപ്പെടുത്തിയത് ഒരു ജീവനാണ്. ഈ സംസ്‌കാരത്തിന്, ഇത്തരം തെറ്റായ പ്രവണതകൾക്ക് നമുക്ക് ഒരുമിച്ച് നിന്ന് ഒരു പരിഹാരം കാണണം. ഇത്തരം ഭീകരമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം, നല്ല മാതൃകകൾ മാത്രമാവണം ഇവിടെനിന്ന് ഉണ്ടാകുന്നതെന്നും കാപ്പൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

തലയോലപറമ്പ് സ്വദേശിനി നിതിനാ മോൾ(22) ആണ് കൊല്ലപ്പെട്ടത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സഹപാഠി അഭിഷേക് ബൈജു പേനാക്കത്തികൊണ്ട് കുത്തുകയായിരുന്നു. കൂത്താട്ടുകുളം സ്വദേശിയാണ് അഭിഷേക്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ ആളുകൾ നോക്കി നിൽക്കെയാണ് പ്രതി ആക്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിഷേക് ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാണി സി കാപ്പന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിലെ അഭിമാന ഗോപുരമാണ് പാലാ സെന്റ് തോമസ് കോളേജ്. ചരിത്രം ഉറങ്ങുന്ന കലാലയം. അവിടെ ഇന്നു നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. സഹപാഠികളിൽ ഒരാൾ മറ്റൊരാളെ ക്രൂരമായി കൊലപ്പെടുത്തുന്നു. ആ കലാലയ മുറ്റത്ത് ചിതറി വീണത് ഒരു വിദ്യാർത്ഥിയുടെ ചുടു ചോരയാണ്. പൊലിഞ്ഞു വീണത് ഒരു ജീവനാണ്. ഈ കുറിപ്പ് പങ്കുവയ്ക്കുമ്പോൾ എന്റെ ചിന്തകൾ മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോട് ഐക്യദാർഢ്യപെടുന്നു. അവരുടെ വേദനയിൽ, സഹപാഠികളുടെ വേദനയിൽ, അദ്ധ്യാപകരുടെ വേദനയിൽ ഐക്യപ്പെട്ടു കൊണ്ട് ആ കുട്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ഇത് പറയുമ്പോൾതന്നെ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥി സമൂഹം ഒരുമയോടെ ഓർത്തെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ കൂടി പങ്കു വയ്ക്കുകയാണ്. കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, ആതുരസേവന, ഭരണ നിർവഹണ രംഗങ്ങളിൽ കഴിവുറ്റ പ്രതിഭകളെ സംഭാവന ചെയ്ത കലാലയമാണ് സെന്റ് തോമസ്. വിദ്യാഭ്യാസ മികവിൽ മാത്രമല്ല കലാ സാംസ്‌കാരിക, സ്പോർട്സ് രംഗങ്ങളിലും സുവർണ്ണലിപികളിൽ രചിക്കപ്പെട്ടതാണ് ഈ കലാലയത്തിന്റെ നാമധേയം.

ഒരു അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് ചരിത്രത്തിൽ ആദ്യമായി വിജയിച്ച കോളേജ് ടീമാണ് ഈ കലാലയത്തിലേത്. ഇവിടെ വിദ്യാർത്ഥിയായിരിക്കുമ്പോൾ ആണ് രാജ്യത്ത് തന്നെ പരമോന്നതമായ സ്പോർട്സ് പുരസ്‌കാരങ്ങളിൽ ഒന്നായ അർജുന അവാർഡ് ജേതാവ് ആകുവാൻ ജിമ്മി ജോർജിന് ഭാഗ്യം ലഭിച്ചത്. അന്താരാഷ്ട്ര രംഗത്ത് പ്രതിഭ തെളിയിച്ച വോളിബോൾ നീന്തൽ താരങ്ങൾ ഈ കോളേജ് രാജ്യത്തിന് നൽകിയ സമ്മാനമാണ്.

എല്ലാ വിദ്യാലയങ്ങളിലും ഉള്ളതുപോലെ വിദ്യാർത്ഥികൾ തമ്മിലുള്ള നിർദോഷകരമായ രാഷ്ട്രീയ അരാഷ്ട്രീയ തർക്കങ്ങൾ, പിണക്കങ്ങളുമെല്ലാം ഈ കലാലയത്തിലും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി ഒരു വിദ്യാർത്ഥിയുടെ ജീവനാണ് ഇന്നിവിടെ പൊലിഞ്ഞത്.

നമ്മുടെ കാഴ്ചപ്പാടുകൾ, മനോവിചാരങ്ങൾ, സഹിഷ്ണുത, പാരസ്പര്യ എല്ലാം ചോദ്യം ചെയ്യുന്നതാണ് ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങൾ. കോളേജ് വിദ്യാർത്ഥികളായ എന്റെ എല്ലാ കുഞ്ഞു അനുജന്മാരും, അനുജത്തിമാരും, ഓർക്കുക നൈമിഷികമായ ഒരു വികാരവിക്ഷോഭം നഷ്ടപ്പെടുത്തിയത് ഒരു ജീവനാണ്. ഈ സംസ്‌കാരത്തിന്, ഇത്തരം തെറ്റായ പ്രവണതകൾക്ക് നമുക്ക് ഒരുമിച്ച് നിന്ന് ഒരു പരിഹാരം കാണണം. ഇത്തരം ഭീകരമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം, നല്ല മാതൃകകൾ മാത്രമാവണം ഇവിടെനിന്ന് ഉണ്ടാകുന്നത്. അതിനായി നിങ്ങൾക്കൊപ്പം ഞാനും ഉണ്ടാവും എന്ന് വാക്ക് തരികയാണ്.

ഈ കലാലയത്തിൽ വിദ്യാർത്ഥി ആകുവാൻ ഭാഗ്യം ലഭിച്ചില്ല എന്ന ഒരു സ്വകാര്യദുഃഖം ജീവിതത്തിൽ കൊണ്ടുനടക്കുന്ന ഒരാളാണ് ഞാൻ. ഇനിമുതൽ നിങ്ങൾക്കൊപ്പം ഞാനും ഉണ്ടാവും... ശാന്തിയും സമാധാനവും സഹവർത്തിത്വവും വിജയങ്ങളും, അഭിമാന നേട്ടങ്ങളും കൈവരിച്ച് ഈ ഞെട്ടലിൽ നിന്നും, ഈ കലാലയത്തെ തിരികെ പിടിക്കാൻ.
സ്‌നേഹപൂർവ്വം,
മാണി സി കാപ്പൻ