- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസഫിനല്ല ജോസിനാണ് അധികാരം; കുട്ടനാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പി ജെ ജോസഫിനെതിരെ റോഷി അഗസ്റ്റിൻ; പാർട്ടിയും പാർട്ടി ചിഹ്നവും ജോസ് വിഭാഗത്തിന്റേതാണ്; ജോസഫ് യഥാർഥ്യം മനസിലാക്കി സംസാരിക്കണമെന്നും റോഷി; പാലായും കുട്ടനാടും മോഹിച്ച് കേരളാ കോൺഗ്രസ് എൽഡിഎഫിലേക്ക് വരേണ്ടതില്ലെന്ന് മാണി സി കാപ്പൻ; കുട്ടനാട്ടിൽ തോമസ് കെ തോമസ് തന്നെ സ്ഥാനാർത്ഥിയാകുമെന്നും പ്രഖ്യാപനം; സിപിഎമ്മിന്റെ പൂർണ പിന്തുണ തനിക്കെന്ന് തോമസ് ചാണ്ടിയുടെ സഹോദരൻ
തൊടുപുഴ: ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റം നീക്കങ്ങളും രാഷ്ട്രീയ കേരളത്തിൽ സജീവമായി നടക്കുകയാണ്. കുട്ടനാട് സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസിൽ ഇപ്പോൾ തന്നെ തർക്കം ഉടലെടുത്തിട്ടുണ്ട്. കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ആരു വരും എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ജോസ് കെ മാണി വിഭാഗം സ്ഥാനാർത്ഥിയാണോ അതോ ജോസഫ് വിഭാഗക്കാരൻ ആകുമോ സ്ഥാനാർത്ഥി എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. കുട്ടനാട്ടിൽ താൻ നിശ്ചിക്കുന്ന സ്ഥാനാർത്ഥിയാകും മത്സരിക്കുക എന്നാണ് പി ജെ ജോസഫ് അഭിപ്രായപ്പെടുന്നത്. കുട്ടനാട് സീറ്റ് സംബന്ധിച്ച് യു.ഡി.എഫിൽ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. പാർട്ടി ചിഹ്നം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ വിധി അവസാന വാക്കല്ല. വിധി കോടതി സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് ആണെന്ന് കേരള കോൺഗ്രസ് എം നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ പ്രതികരിച്ചു. പാർട്ടിയും പാർട്ടി ചിഹ്നവും ജോസ് വിഭാഗത്തിന്റേതാണ്. പി ജെ ജോസഫ് യഥാർഥ്യം മനസിലാക്കി സംസാരിക്കണം. ജോസഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും റോഷി അഗസ്റ്റിൻ പ്രതികരിച്ചു. കുട്ടനാട്ട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ.
കുട്ടനാട് സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ധാരണയായതാണ്. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആവർത്തിച്ച പി ജെ ജോസഫ്, പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് സ്റ്റീയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു. വിപ്പ് ലംഘന പരാതിയിൽ നിയമസഭാ സ്പീക്കർക്ക് നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂ എന്നും പി ജെ ജോസഫ് പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി പാർട്ടി കൂടിയാലോചനകളും തുടങ്ങിയിരുന്നു.
പി ജെ ജോസഫിന്റെ അവകാശവാദം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മണിക്ക് അനുകൂലമായി തീരുമാനമെടുത്തത്. രണ്ട് എംഎൽഎമാക്കൊപ്പം രണ്ട് എംപിമാർ കൂടി തങ്ങളുടെ പക്ഷത്തുള്ളതാണ് ജോസ് വിഭാഗത്തിന് അനുകൂലമായത്. അതിനിടെ, തൊടുപുഴ കോടതിയിൽ ജോസ് കെ മാണിയ്ക്കെതിരെ ജോസഫ് വിഭാ?ഗം ഹർജി നൽകിയിട്ടുണ്ട്. ജോസ് കോടതി വിധി ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി. ചെയർമാൻ എന്ന നിലയിലാണ് ജോസ് കെ മാണി സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചത്. ചെയർമാൻ പദവി ഉപയോഗിക്കരുതെന്ന് കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജോസഫ് വിഭാഗം ഹർജി നൽകിയത്.
അതേസമയം, ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തിൽ കടുത്ത എതിർപ്പ് അറിയിച്ചിരിക്കുകയാണ് പി ജെ ജോസഫ്. ജോസ് വിഭാഗത്തെ തിരികെയെടുത്താൽ മുന്നണി വിടുമെന്ന് ജോസഫ് കോൺഗ്രസ് നേതാക്കളെ കണ്ട് മുന്നറിയിപ്പ് നൽകി. മുന്നണികൾ തങ്ങളെ ക്ഷണിക്കുന്നതിൽ ജോസഫിന് ഹാലിളകിയെന്നാണ് ഇതിനോട് ജോസ് പക്ഷം തിരിച്ചടിച്ചത്.
അതിനിടെ കുട്ടനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയത്തിൽ ഒരു ആശയക്കുഴപ്പവും എൻസിപിയിൽ ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എകെ ശശീന്ദ്രനും മാണി സി കാപ്പനും. തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി ഉണ്ടാകുന്നതാണ് നല്ലത്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാർത്ഥിയാകണമെന്ന പൊതു ധാരണ എൻസിപിയിലുണ്ടെന്ന് വിശദീകരിച്ച എകെ ശശീന്ദ്രൻ ഇനി ഇക്കാര്യത്തിൽ ബാക്കിയുള്ളത് ഔദ്യോഗിക പ്രഖ്യാപനം മാത്രമാണെന്നും പറഞ്ഞു .ഇടത് മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതാണ് കീഴ് വഴക്കം.
തോമസ് കെ.തോമസിന്റെ പേരിന് എൻസിപി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം കിട്ടിയിട്ടുണ്ട്. കുട്ടനാട്ടിൽ ജയസാധ്യത തോമസ് കെ തോമസിനാണ്. കുട്ടനാട്ടിൽ എൻസിപി വിജയിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനാലാകാം പിതാംബരൻ മാസ്റ്റർ സ്ഥാനാർത്ഥിയുടെ പേര് പറയാത്തത്. തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന്നൊരാൾ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലതെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
കുടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് കെ തോമസ് തന്നെയാണ് സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ എൻസിപിക്ക് അകത്ത് ആശയക്കുഴപ്പം ഇല്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പനും വ്യക്തമാക്കി. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റ ചർച്ചകൾ സജീവമായി ഇരിക്കെ പാലായും കുട്ടനാടും എൻസിപി വിട്ടു കൊടുക്കില്ലെന്നും മാണി സി കാപ്പൻ പറയുന്നു. കുട്ടനാടും പാലായും എൻസിപിയുടെ സീറ്റാണ് . അത് രണ്ടും കിട്ടുമെന്ന് മോഹിച്ച് ഇടത് മുന്നണിയിലേക്ക് ജോസ് വിഭാഗം വരേണ്ടതില്ലെന്നാണ് മാണി സി കാപ്പൻ വ്യക്തമാക്കുന്നത്.
അതിനിടെ എൻ.സി.പി നേതൃത്വം ആവശ്യപ്പെട്ടാൽ കുട്ടനാട്ടിൽ മത്സരിക്കാൻ തയ്യാറാണെന്നാണ് തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് മാധ്യമങ്ങളോട് പറഞ്ഞത്. സിപിഎമ്മിന്റെ പൂർണപിന്തുണ തനിക്കുണ്ട്. കുടുംബത്തിന്റെ താത്പര്യം നേരത്തെതന്നെ എൻ.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും തോമസ് കെ തോമസ് പറഞ്ഞു.കേരള കോൺഗ്രസിലെ തർക്കം പുതിയ തലത്തിലെത്തിയതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം അവകാശപ്പെട്ടത് യു.ഡി.എഫിൽ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണമാക്കും. മുന്നണിയിലേക്ക് മടങ്ങിവരുന്ന സാഹചര്യമുണ്ടായാൽ ജോസ് വിഭാഗവും കുട്ടനാടിനായി അവകാശവാദം ഉന്നയിക്കും.
മറുനാടന് മലയാളി ബ്യൂറോ